‘കൈവെട്ടുമെന്ന് പറഞ്ഞത് പ്രതിരോധത്തിന്റെ ഭാഗം; സത്താർ പന്തല്ലൂർ സമാധാനത്തിന്റെ പാതയിൽ സഞ്ചരിക്കുന്നയാൾ’; ന്യായീകരിച്ച് ഉമർഫൈസി മുക്കം

കൈവെട്ട് പരാമർശത്തിൽ എസ്കെഎസ്‍എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെ ന്യായീകരിച്ച് ഉമർഫൈസി മുക്കം. സത്താർ പന്തല്ലൂർ സമാധാനത്തിന്റെ പാതയിൽ സഞ്ചരിക്കുന്നയാളെന്ന് ഉമർഫൈസി മുക്കം. കൈവെട്ടുമെന്ന പരാമർശം പ്രതിരോധത്തിന്റെ ഭാഗമായി കണ്ടാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.
കഴിവതും അത്തരത്തിലുള്ള തെറ്റിദ്ധാരണ പരത്തുന്ന പ്രയോഗങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണെന്ന് ഉമർഫൈസി മുക്കം പറഞ്ഞു. അതേസമയം തീവ്രവികാരങ്ങൾ ഇളക്കിവിടുന്ന പരാമർശങ്ങൾ പാടില്ലെന്ന് സമസ്ത പ്രസംഗകർക്ക് നിർദേശം നൽകി.
മതസംഘടനയുടെ ഔന്നിത്യം പ്രസംഗത്തിലും ലേഖനത്തിലും കാത്തുസൂക്ഷിക്കണമെന്നാണ് നിർദേശം. സത്താർ പന്തല്ലൂരിന്റെ കൈവെട്ട് പരാമർശത്തിന് പിന്നാലെയാണ് സമസ്തയുടെ നിർദേശം. അതേസമയം കൈവെട്ട് പരാമർശത്തിൽ എസ്കെഎസ്‍എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസ്. ഐപിസി 153 വകുപ്പ് പ്രകാരമാണ് മലപ്പുറം പൊലീസ് കേസെടുത്തിരിക്കുന്നത്.
Read Also : കൈവെട്ട് പരാമർശം: സത്താർ പന്തല്ലൂരിനെതിരെ കേസെടുത്ത് മലപ്പുറം പൊലീസ്
അഷ്റഫ് കളത്തിങ്ങൽ എന്നയാളാണ് സത്താർ പന്തല്ലൂരിനെതിരെ പരാതി നൽകിയിരിക്കുന്നത്. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടാൻ പ്രവർത്തകരുണ്ടാകും എന്നായിരുന്നു പരാമർശം. ഇതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. മലപ്പുറത്തെ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു സത്താർ പന്തല്ലൂരിന്റെ വിവാദ പ്രസംഗം.
Story Highlights: Umar Faizy Mukkam responds on SKSSF leader Sathar Panthaloor remarks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here