Advertisement

കാവ്യാനുഭൂതിയുടെ ഉറവവറ്റാത്ത പ്രവാഹം; മഹാകവി കുമാരനാശാന്റെ ഓര്‍മകള്‍ക്ക് നൂറുവര്‍ഷം

January 16, 2024
Google News 2 minutes Read
100 years of death memory Kumaranasan

മലയാളകവിതയുടെ കാല്പനികവസന്തത്തിന് തുടക്കംകുറിച്ച മഹാകവി കുമാരനാശാന്റെ ഓര്‍മകള്‍ക്ക് ഇന്നേക്ക് നൂറുവര്‍ഷം. മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവി സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ എക്കാലവും നിലകൊണ്ടിരുന്നു. നളിനിയും ലീലയും ചിന്താവിഷ്ടയായ സീതയും വീണുപൂവുമെല്ലാം മലയാളിക്ക് സമ്മാനിച്ച കുമാരനാശാന്‍ ഖണ്ഡകാവ്യങ്ങള്‍ മാത്രം എഴുതിയാണ് മഹാകവിപ്പട്ടം സ്വന്തമാക്കിയത്.(100 years of death memory of Kumaranasan)

കുമാരനാശാന്റെ ജീവിതം ആരംഭിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലാണ്. കൗമാരകാലം വരെ കായിക്കരയും അവിടുത്തെ മനുഷ്യരുമാണ് ആശാനെ പരുവപ്പെടുത്തിയത്. കയറും കൃഷിയും മത്സ്യബന്ധനവും കൊണ്ട് ഉപജീവനം നടത്തിയ ദേശത്തെ മനുഷ്യര്‍ മഹാകവിയായ കുമാരനാശാനെ അടയാളപ്പടുത്തുന്നത് ഒരു സ്മാരകത്തിന്റെ രൂപത്തിലാണ്. ജീവപരമ്പകളുടെ ചങ്ങലകണ്ണികളില്‍ മാനവികതയുടെ സ്വപ്നജ്വാല വിളക്കിചേര്‍ത്ത പ്രക്ഷോഭകാരിയായ കവി ജനിച്ചു വളര്‍ന്നത് ഈ മണ്ണിലാണ്. കവിതയുടെ പ്രിയപ്പെട്ട മണ്ണ്.

കായലും കടലും ഇവിടുത്തെ മനുഷ്യര്‍ക്കൊരുക്കിയ ജീവിതസാധ്യത പോലെ കുമാരനാശാന്റെ അനുഭവങ്ങളിലേക്കും ഈ
ദേശം വഴിയൊരുക്കി. കാളിയമ്മയും-നാരായണനും കണ്മണി പോലെ പോറ്റിയ കുമാരന്‍ മലയാള ദേശത്തിന്റെ മനം കവര്‍ന്നു.1873 ഏപ്രില്‍ 12 നു ആ ചരിത്രം കായിക്കരയില്‍ പിറന്നു. മഹാകാവ്യമെഴുതാതെ മഹാകവിയായ ആശാന്റെ വിദ്യഭ്യാസ ജീവിതം ആരംഭിക്കുന്നതും ഈ മണ്ണിലാണ്.

തുണ്ടത്തില്‍ പെരുമാളാശാന്റെ കുടിപള്ളിക്കൂടം പതുക്കെ പതുക്കെ പ്രൈമറി സ്‌കൂളായി. അത് കുമാരനാശാന്റെ ജീവിതത്തെയും സ്വാധീനിച്ചു. പതിനൊന്നാം വയസ്സില്‍ രണ്ടാം തരത്തില്‍ ചേര്‍ന്നു. കുമാരനാശാന്റെ ചിന്തകള്‍ക്ക് തീപകര്‍ന്നത് ഈ നാട് തന്നെയാണ്. ചെമ്പകച്ചോട്ടില്‍ കടലിന്റെയും കായലിന്റെയും മലനിരകളുടെയും ശാന്തതയിലിരുന്നു ചിന്തകള്‍ കൊണ്ട് വിസ്മയിപ്പിച്ചു. നവോഥാനവും തൊഴില്‍ ജീവിതവും നേരനുഭവങ്ങളായി.

Read Also : ശ്രേയ ഘോഷാലിനൊപ്പം വേദിയിൽ, എ ആർ റഹ്മാനൊപ്പം റെക്കോർഡിംഗ്; പാട്ടുവിശേഷങ്ങൾ പങ്കിട്ട് ഗായത്രി രാജീവ്

തായാട്ട് ശങ്കരന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ കുമാരനാശാന്‍ നവോഥാനത്തിന്റെ കവിയാണ്. സ്തോത്രകൃതികളിലായിരുന്നു തുടക്കം. വീണപൂവിനുശേഷം ലൗകികവും ആത്മീയവുമായ വ്യക്തിനിരീക്ഷണവും ഉണ്ടായി. പിന്നാലെ ജീവിതത്തിലേക്ക് മനുഷ്യര്‍ പതിയുകയാണ്. സ്വന്തം ദേശത്തില്‍ നിന്നുണ്ടായ ബോധം,ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം. ആശാന്‍ കവിതകളുടെ മൂന്നാം ഘട്ടം സാമൂഹിക പ്രശനങ്ങളിലേക്ക് വളര്‍ന്നു.
ദുരവസ്ഥയും,ചണ്ഡാലഭിക്ഷുകിയും….അങ്ങനെ ജാതിഭേദവും ദുരാചാരവും തുറന്നെഴുതിയ മഹാകവിക്ക് ജന്മനാട് പകരം നല്‍കി സ്മാരകം.

സ്‌നേഹമാണഖിലസാരമൂഴിയില്‍
സ്‌നേഹസാരമിഹ സത്യമേകമാം

വിശ്വപ്രേമത്തിന്റെ ഉദാത്തമായ സന്ദേശമാണ് നളിനിയിലെ വരികള്‍…കാവ്യാനുഭൂതിയുടെ ഉറവവറ്റാത്ത പ്രവാഹമായിരുന്നു ആശാന്റെ കവിതകള്‍. സമൂഹത്തില്‍ നിലനിന്ന അനീതികളോടും ജാതിവ്യവസ്ഥിതിയിലെ ഉച്ചനീചത്വങ്ങളോടും നിര്‍ഭയം പോരാടി. ‘മാറ്റുവിന്‍ ചട്ടങ്ങളെ, സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍ .. ഇടിമുഴക്കത്തിന്റെ കരുത്തായിരുന്നു ആ വാക്കുകള്‍ക്ക്.

ഇരുപതാം വയസ്സില്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി കുമാരനാശാന്‍. വീണുകിടന്ന പൂവിനെനോക്കി ആശാന്‍ രചിച്ച വീണപൂവ് ആ കാവ്യജീവിതസങ്കല്‍പ്പങ്ങളെയെല്ലാം ഒരൊറ്റ ഖണ്ഡകാവ്യത്തിലൂടെ ആവിഷ്‌കരിച്ചു. അവസാനനാളുകളില്‍ എഴുതിയ കരുണ ബുദ്ധമതസന്ദേശത്തിന്റെ കാലിക പ്രാധാന്യം ഉള്‍ക്കൊള്ളുന്നു. ഇരുപതാം നൂറ്റാണ്ടിലെ കവിതാശാഖയെ കുമാരനാശാനോളം സ്വാധീനിച്ച മറ്റൊരു കവിയില്ല.
1924 ജനുവരി 26ന് തന്റെ അമ്പത്തൊന്നാം വയസില്‍ പല്ലനയാറ്റില്‍ ബോട്ട് മുങ്ങിയാണ് കുമാരനാശാന്‍ ജീവിതത്തില്‍ നിന്ന് വിടവാങ്ങുന്നത്. ഒരുനൂറ്റാണ്ടിനിപ്പുറവും ആശാന്‍ ഇതിഹാസമാനമുള്ള കവിയായി നിലനില്‍ക്കുന്നു എന്നതുതന്നെ കാലാതിവര്‍ത്തിയായ ആ കവിതകളുടെ മഹത്വം വിളിച്ചുപറയുന്നു.

Story Highlights: 100 years of death memory Kumaranasan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here