കല്യാണാഘോഷം അതിരുവിട്ടു; വരനെതിരെ കേസെടുത്തത് പൊലീസ്

കണ്ണൂർ വാരത്ത് കല്യാണാഘോഷം അതിരുവിട്ടതിൽ വരനെതിരെ കേസെടുത്തത് പൊലീസ്. ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു വിവാഹാഘോഷം. വളപട്ടണം സ്വദേശിയായ വരൻ റിസ്വാൻ അടക്കം 25 പേർക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തു. ( kannur wedding celebration case against groom )
കണ്ണൂർ വാരം ചതുരക്കിണറിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാദമായ വിവാഹാഘോഷം. വളപട്ടണം സ്വദേശിയായ റിസ്വാനും ചതുരക്കിണർ സ്വദേശിനിയായ യുവതിയും തമ്മിലുള്ള നിക്കാഹ് നടന്നത് ശനിയാഴ്ച. ഞായറാഴ്ച വരനും സംഘവും വധുവിന്റെ വീട്ടിലെ സൽക്കാരത്തിനായി എത്തിയപ്പോഴാണ് ആഘോഷം അതിരുവിട്ടത്. മുണ്ടയാട് മുതൽ വരന്റെ യാത്ര ഒട്ടകപ്പുറത്ത്. അലങ്കരിച്ച ഒട്ടകത്തിനു മുകളിൽ പുഷ്പകിരീടം ചൂടിയ വരൻ. നൃത്തച്ചുവടുകളോടെ ഗതാഗതം തടസ്സപ്പെടുത്തി സ്വീകരിച്ച് സുഹൃത്തുക്കൾ. അകമ്പടിയായി വാദ്യമേളങ്ങളും, പടക്കം പൊട്ടിക്കലും.
കണ്ണൂർ മട്ടന്നൂർ റോഡിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പിന്നാലെ നാട്ടുകാർ ഇടപെട്ടു. തുടർന്ന് ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി. വരനോടെപ്പമുള്ള രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
പിന്നീട് വിട്ടയച്ചു. എന്നാൽ വിവാദ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേർന്നു, ഗതാഗത തടസ്സം ഉണ്ടാക്കി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
Story Highlights: kannur wedding celebration case against groom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here