Advertisement

വീണ്ടും മോഹൻലാൽ- ശ്രീകുമാർ മാജിക്; ടീസർ കണ്ടത് 2 മില്യൺ പേർ; സിനിമയെ വെല്ലുന്ന പരസ്യത്തിനായി കാത്തിരിപ്പ്

January 18, 2024
Google News 3 minutes Read
mohanlal va srikumar new ad

സിനിമയെ വെല്ലുന്ന പരസ്യങ്ങൾ സൃഷ്ടിച്ച മോഹൻലാൽ- വി.എ ശ്രീകുമാർ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും. കഴിഞ്ഞ ദിവസം വി.എ ശ്രീകുമാറിന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ട ഒരു ചിത്രമാണ് മലയാളികളിൽ ആകാംക്ഷ സൃഷ്ടിച്ചത്. ഒടിയൻ സിനിമയ്ക്കു ശേഷം വി.എ ശ്രീകുമാറും മോഹൻലാലും ഒന്നിക്കുന്ന മറ്റൊരു സിനിമ എന്നാണ് ആദ്യം കരുതിയത്. പക്ഷെ അതൊരു പരസ്യചിത്രമാണെന്ന് തുടർന്നു വ്യക്തമായി. പരസ്യത്തിന്റെ ടീസർ തൊട്ടുപിന്നാലെ പുറത്തുവിട്ടതോടെ ആകാംഷയുടെ രണ്ട് മില്യൺ കാഴ്ചയാണ് ഉയർന്നത്. ഫേസ്ബുക്കിലും ഇൻസ്റ്റയിലുമായി രണ്ടു ദിവസം കൊണ്ട് രണ്ടു മില്യണിലേക്ക് ടീസറിന്റെ കാഴ്ച കുതിച്ചു കയറി. ( mohanlal va srikumar new ad )

പ്രശസ്തമായ ”നാർക്കോ” സീരിസിലേതിനു തുല്യമായ ഭാവ-വേഷപ്പകർച്ചയിലാണ് മോഹൻലാൽ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാലിന്റെ സംഘത്തെ കമാന്റോ സംഘം തടയുന്നതും, ലേഡി ചീഫിനു മുന്നിലേയ്ക്ക് ഇരു കൈകളും ഉയർത്തി മോഹൻലാൽ നടന്നടുക്കുന്നതുമാണ് ടീസറിലുള്ളത്. പിടിക്കപ്പെട്ടു കഴിഞ്ഞു, എന്ന് ലേഡി ചീഫ് പറയുന്നു. ഏതു ബ്രാൻഡിനു വേണ്ടിയുള്ള പരസ്യചിത്രമാണ് ഇതെന്ന് ഇനിയും വെളിപ്പെടുത്താതെ ആകാംഷ നിലനിർത്തുകയാണ് വി.എ ശ്രീകുമാർ.

മോഹൻലാലും ഒന്നിച്ച് നിരവധി പരസ്യങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വി.എ ശ്രീകുമാർ മുൻപും സിനിമയെ വെല്ലുന്ന പരസ്യങ്ങൾ പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചിട്ടുണ്ട്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിന്റെ ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിച്ച, ”നിങ്ങളില്ലെതെ എനിക്ക് എന്ത് ആഘോഷം” എന്ന പരസ്യവാചകവും ആഘോഷവും വി.എ ശ്രീകുമാറിന്റെ സൃഷ്ടിയായിരുന്നു. കൊച്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആഘോഷം മറക്കാനാവില്ല.

മണപ്പുറം ഗോൾഡ് ലോണിനു വേണ്ടി ലാലേട്ടൻ ഇരട്ട വേഷത്തിൽ അഭിനയിച്ച ”വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പു” വി.എ ശ്രീകുമാർ- മോഹൻലാൽ കൂട്ടുകെട്ടിലെ മറ്റൊരു സൂപ്പർ ഹിറ്റ്. മൈജി-യെ പ്രശസ്തിയിലേക്ക് ഉയർത്തിയ ക്യാംപയിനുകൾക്കായി ഇരുവരും ഒന്നിച്ചതും പുതിയ ഗെറ്റപ്പിൽ മോഹൻലാൽ മൈജി ഉദ്ഘാടനത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടതും മറ്റൊരു സംഭവം. കൊച്ചി മാരത്തണിൽ ആദ്യവർഷം മിൽഖാസിങ്ങും രണ്ടാം വർഷം ഹർഭജൻ സിങ്ങുമൊത്ത് മോഹൻലാൽ പങ്കെടുത്ത പ്രചാരണങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. മോഹൻലാൽ ടേസ്റ്റ് ബഡ്‌സിനു വേണ്ടിയും രുചികരമായ പരസ്യങ്ങളും ശ്രീകുമാറിന്റെ സിവിധാനത്തിൽ അദ്ദേഹത്തിന്റെ പുഷ് 360 പരസ്യ ഏജൻസിയാണ് പുറത്തിറക്കിയത്. പുഷിന്റെ പാലക്കാട് ഓഫീസ് മോഹൻലാൽ കഴിഞ്ഞിടയ്ക്ക് സന്ദർശിച്ചിരുന്നു. മുപ്പത് വർഷം നീളുന്ന പുഷിന്റെയും ശ്രീകുമാറിന്റെയും യാത്രയിൽ മോഹൻലാൽ അവതരിപ്പിച്ച പരസ്യ ചിത്രങ്ങൾ നാഴികക്കല്ലുകളാണ്.

മലക്കോട്ടൈ വാലിബന്റെയും ഈ പരസ്യ ചിത്രത്തിന്റെയും ഡിഒപി മധു നീലകണ്ഠനാണ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ആർട്ട് ഡയറക്ടർ സന്തോഷ് രാമനാണ് ഈ പരസ്യചിത്രത്തിന്റെയും ആർട്ട് കൈകാര്യം ചെയ്യുന്നത്.

ജനുവരി 20ന് ശനിയാഴ്ച മോഹൻലാൽ നേരിട്ട് പരസ്യചിത്രം റിലീസ് ചെയ്യുമെന്നാണ് ലഭ്യമായ വിവരം. ചിത്രീകരിച്ച രണ്ടു പരസ്യ ചിത്രങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ റിലീസ് ചെയ്യുന്നത്. രണ്ടാമത്തേത് പിന്നാലെ റിലീസ് ചെയ്യും. ഒരു ബിസ്‌ക്കറ്റ് ബ്രാൻഡിനു വേണ്ടിയുള്ള പരസ്യമാണ് ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

Story Highlights: mohanlal va srikumar new ad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here