സിംഗപ്പൂർ സ്ട്രിക്റ്റാണ്; ഇന്ത്യൻ വംശജനായ ഗതാഗത മന്ത്രി എസ് ഈശ്വരൻ അഴിമതികുരുക്കിൽ രാജി വച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു
സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജനായ ഗതാഗതമന്ത്രി എസ് ഈശ്വരന്‍ രാജിവച്ചു. അഴിമതി ആരോപണം നേരിട്ടതോടെയാണ് ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടിയിൽ നിന്ന് എസ് ഈശ്വരപ്പ രാജിവച്ചത്. 61 കാരനായ ഈശ്വരന്‍ പാർലമെന്റ് അംഗത്വും ഒഴിയുമെന്ന് ദി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. കറപ്ട് പ്രാക്ടീസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിൽ 2023 ജൂലൈ 11 നാണ് എസ് ഈശ്വരൻ അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.(Singapore Minister S Iswaran resigned after being charged with corruption)
ജനുവരി 16ന് പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്ങിന് അയച്ച രാജിക്കത്തില്‍ സിപിഐബി തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എസ് ഈശ്വരന്‍ നിരസിച്ചു. ‘ആരോപണങ്ങള്‍ ഞാന്‍ നിരസിക്കുന്നു. എന്റെ ഭാഗത്ത് വ്യക്തത വരുത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, മന്ത്രിസഭയില്‍ നിന്നും പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ നിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജിവയ്ക്കുന്നതാണ് ശരിയെന്ന് തോന്നുന്നു’. എസ് ഈശ്വരന്‍ രാജിക്കത്തില്‍ പറഞ്ഞു.
2023 ജൂലൈയിൽ സിപിഐബി അന്വേഷണം ആരംഭിച്ചതു മുതൽ ലഭിച്ച ശമ്പളവും എംപി അലവൻസും തിരികെ നൽകുമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഈശ്വരൻ പറഞ്ഞു. അന്വേഷണത്തിന്റെ പേരിൽ ഒരു മന്ത്രിയും പാർലമെന്റ് അംഗവും എന്ന നിലയിലുള്ള എന്റെ ചുമതലകൾ നിറവേറ്റാൻ എനിക്ക് കഴിഞ്ഞില്ല.ആ തുക ഒരിക്കലും എനിക്ക് പ്രയോജനപ്പെടുകയുമില്ല. അതിനാലാണ് ഞാനുമെന്റെ കുടുംബവും പണം തിരികെ നൽകാൻ തീരുമാനിച്ചത്. അദ്ദേഹം പറഞ്ഞു. കുറ്റവിമുക്തനാക്കപ്പെട്ടാൽ ഇവ തിരിച്ചുവാങ്ങില്ലെന്നും ഈശ്വരൻ കൂട്ടിച്ചേർത്തു.
അതേസമയംഎസ് ഈശ്വരൻ രാഷ്ട്രീയം വിടുന്നതിൽ തനിക്ക് നിരാശയും സങ്കടവും ഉണ്ടെന്ന് കത്തിന് മറുപടിയായി പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്ങ് പറഞ്ഞു. എന്നാൽ ഇത്തരം വിഷയങ്ങൾ നിയമമനുസരിച്ച് കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പാർട്ടിയുടെയും സർക്കാരിന്റെയും അഖണ്ഡത നാം ഉയർത്തിപ്പിടിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
എസ് ഈശ്വരനെതിരായ കുറ്റം തെളിഞ്ഞാൽ 100,000 സിംഗപ്പൂർ ഡോളർ വരെ പിഴയോ ഏഴ് വർഷം തടവോ ലഭിക്കും. സിപിഐബി കണ്ടെത്തൽ പ്രകാരം, വസ്തു വ്യവസായിയായ ഓങ് ബെംഗ് സെംഗിൽ നിന്ന് 384,340.98 സിംഗപ്പൂർ ഡോളർ ഈശ്വരൻ കൈക്കൂലിയായി വാങ്ങിയെന്നാണ് ആരോപണം. 1997ലാണ് ഈശ്വരൻ സിംഗപ്പൂർ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. 2006ൽ പ്രധാനമന്ത്രി ലീ സിയാൻ ലൂങ് ലീയുടെ മന്ത്രിസഭയിൽ ജൂനിയർ മന്ത്രിയായി. 2021 മെയ്യിൽ ഗതാഗത മന്ത്രിയാകുന്നതിന് മുമ്പ് വ്യാപാര, വാർത്താവിനിമയ വകുപ്പുകൾ കൈകാര്യം ചെയ്തു.കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയിലും മന്ത്രിസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഡ്‌ലെയ്ഡ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഈശ്വരൻ, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
Story Highlights: Singapore Minister S Iswaran resigned after being charged with corruption
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here