ഇന്ത്യന്‍ ചരിത്രത്തിന്റെയും സാംസ്‌കാരിക വൈവിധ്യങ്ങളുടേയും പ്രൗഢി പ്രതിഫലിക്കുന്ന പരേഡ്; റിപ്പബ്ലിക് ദിനപരേഡ് കാണാന്‍ ടിക്കറ്റ് ലഭിക്കുന്നതെങ്ങനെ?

ബ്രിട്ടീഷ് കോളനിയില്‍ നിന്ന് ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്കായ ചരിത്രദിവസത്തെയാണ് നാം എല്ലാ വര്‍ഷവും ജനുവരി 26ന് റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്. 1950 ജനുവരി 26നാണ് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്. ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ റിപ്പബ്ലിക്ദിനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് റിപ്പബ്ലിക് ദിന പരേഡാണ്. (How To Buy Tickets for Republic Day Parade 2024 )
ന്യൂ ഡല്‍ഹിയിലെ കര്‍ത്തവ്യപഥിലാണ് റിപ്പബ്ലിക് ദിന ഗ്രാന്‍ഡ് പരേഡ് നടക്കുക. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പരേഡിന്റെ വിശിഷ്ടാതിഥിയും ഉള്‍പ്പെടെയുള്ളവര്‍ പരേഡിന് സാക്ഷികളാകാന്‍ സന്നിഹിതരായിരിക്കും. സൈനികരുടെ ഗ്രാന്‍ഡ് പരേഡിനൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തയാറാക്കുന്ന ടാബ്ലോകളും കലാപ്രകടനങ്ങളും ആഘോഷങ്ങളുടെ ഭാഗമായുണ്ടാകും. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ അഭിമാനവും ആനന്ദവും തോന്നുന്ന ദൃശ്യോത്സവമാകും അത്. ഈ അസുലഭ നിമിഷത്തിന് സാക്ഷിയാകാന്‍ എങ്ങനെ അവസരം ലഭിക്കുമെന്ന് നോക്കാം.
പരേഡിനുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ബുക്ക് ചെയ്യാം.
ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍:
പ്രതിരോധ മന്ത്രാലത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://aamatnran.mod.gov.in/login
നിങ്ങളുടെ പേരും ജനനതീയതിയും മൊബൈല്‍ നമ്പരും ഇ മെയില്‍ വിലാസവും നല്‍കി അക്കൗണ്ടുണ്ടാക്കുക. ഇവന്റ് എന്ന ഓപ്ഷന് കീഴില്‍ റിപ്പബ്ലിക് ദിന പരേഡ് എന്നത് തെരഞ്ഞെടുക്കുക.
പിന്നെ ടിക്കറ്റ് ബുക്ക് ചെയ്യേണ്ട പേജ് തുറന്നുവരുമ്പോള്‍ പേര്, ലിംഗം, മേല്‍വിലാസം എന്നിവ ടൈപ്പ് ചെയ്ത് നല്‍കുകയും ഫോട്ടോ അപ്ലോഡ് ചെയ്യുകയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും അപ്ലോഡ് ചെയ്യുക.
ഇനി എത്ര ടിക്കറ്റുകളാണ് ആവശ്യമെന്ന് സെലക്ട് ചെയ്യുക. റിസര്‍വ് ടിക്കറ്റുകള്‍ക്ക് 500 രൂപയും അണ്‍റിസര്‍വ് ടിക്കറ്റ് ഒന്നിന് 100 രൂപയും പരിമിതമായ കാഴ്ച മാത്രമുള്ള സീറ്റിന് 20 രൂപയുമാണ്. ഒറ്റയടിയ്ക്ക് 4 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. പണം ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്.
ടിക്കറ്റ് സ്ഥിരീകരിച്ചുകൊണ്ടുള്ള സന്ദേശം ഇ-മെയിലിലും എസ്എംഎസായും ലഭിക്കും. ഇ-ടിക്കറ്റും ഫോട്ടോയും തിരിച്ചറിയല്‍ രേഖയുമായി ഡല്‍ഹിയിലെത്തിയാല്‍ നിങ്ങള്‍ക്കും പരേഡിന് സാക്ഷിയാകും.
ഓഫ്‌ലൈനായി ബുക്ക് ചെയ്യാന്‍
നിങ്ങളുടെ പ്രദേശത്തിനടുത്തുള്ള അംഗീകൃത ടിക്കറ്റ് ബുക്കിംഗ് കൗണ്ടറില്‍ നിന്ന് നിങ്ങളുടെ ഫോട്ടോയും തിരിച്ചറിയല്‍ രേഖയുമായി ചെന്ന് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
Story Highlights: How To Buy Tickets for Republic Day Parade 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here