മൂന്നാമത്തെ റാണിയും പുറത്തിരുന്നു;ഇന്ത്യന്‍ ഹോക്കി ടീമും പുറത്ത്
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം നാലാം സ്ഥാനം നേടിയപ്പോള്‍ അതൊരു മെഡല്‍ നേട്ടത്തിന് ഒപ്പമായി രാജ്യം ആഘോഷിച്ചു. വെങ്കലം നേടിയ പുരുഷ ടീമിനൊപ്പം നാം അവരെ ആദരിച്ചു. റാണി റാംഫാല്‍ നയിച്ച ഇന്ത്യന്‍ ടീമില്‍ ഋതു റാണി കൂടി ഉണ്ടായിരുന്നെങ്കില്‍ വെങ്കലം കിട്ടിയേനെയെന്ന് തോന്നിയതിനാല്‍ ഞാന്‍ ഋതുവിനെ ഫോണില്‍ വിളിച്ചു. (Indian women’s team to miss Paris Olympics after narrow defeat to Japan)
‘ ഞാന്‍ ഇപ്പോഴും പരിശീലനം തുടരുന്നു. ഡിപ്പാര്‍ട്ട്‌മെന്റിനു വേണ്ടി കളിക്കുന്നു. പിന്നെ ഇന്ത്യന്‍ ടീമിന്റെ സെലക്ടറുടെ റോള്‍ ഉണ്ട്.’ഋതു പറഞ്ഞു.
ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസിനു തൊട്ടുമുമ്പ് റാണി റാംഫാല്‍ സ്‌പോര്‍ട്‌സ് ലേഖകരോട് പറഞ്ഞു. ‘ ഞാന്‍ വിരമിച്ചിട്ടില്ല. പരിശീലനം തുടരുന്നു. അണ്ടര്‍ 17 ടീമിന്റെ പരിശീലകയുമാണ്. അതൊരു താല്‍ക്കാലിക ചുമതലയായതിനാല്‍ സ്വീകരിച്ചു. ‘
അതായത് ലക്ഷ്യം ഇന്ത്യന്‍ ടീമില്‍ മടങ്ങികയത്തുക തന്നെയെന്ന് പറയാതെ പറഞ്ഞു.
ഏഷ്യന്‍ ഗെയിംസ് ടീമില്‍ തന്നെ തഴഞ്ഞതിനു കാരണം കോച്ചിനോടും സെലക്ര്‍മാരോടും ചോദിക്കണമെന്ന് തുറന്നടിച്ചു.
ടോക്കിയോയില്‍ ഋതു റാണിയുടെ അസാന്നിധ്യം പോലെയല്ലായിരുന്നോ റാഞ്ചിയില്‍ റാണി റാംഫാല്‍ ഇല്ലാതെയിറങ്ങിയ ഇന്ത്യന്‍ ടീമിന്റെ പ്രകടനം.? പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ബര്‍ത്ത് ഇല്ല. കോച്ച് ജനേക് ഷോപ്മാന്‍ എന്തു വിശദീകരണം നല്‍കിയിട്ടും കാര്യമില്ല.യോഗ്യതാ ടൂര്‍ണമെന്റിലെ നാലാം സ്ഥാനവുമായി ഇന്ത്യ പുറത്തുതന്നെ.
സെമിയില്‍ ജര്‍മനിയോട് പൊരുതിത്തോറ്റ ഇന്ത്യ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ജപ്പാനോട് ഒരു ഗോളിനു പരാജയപ്പെട്ടു.യോഗ്യതാ ടൂര്‍ണമെന്റില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കാണ് ഒളിംപിക് ബര്‍ത്ത് നിശ്ചയിക്കപ്പെട്ടിരുന്നത്.
1980 ല്‍ മോസ്‌കോ ഒളിംപിക്‌സില്‍ അമേരിക്കന്‍ ചേരിയുടെ ബഹിഷ്‌കരണം മൂലം ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് അവസരം കിട്ടി. പിന്നീട് 2016ല്‍ റിയോയില്‍ ആണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം വീണ്ടും ഒളിംപിക്‌സില്‍ മത്സരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ഒളിംപിക് ബര്‍ത്ത് എന്ന സ്വപ്നമാണ് തെന്നിമാറിയത്.
ഇന്ത്യന്‍ വനിതാ ഹോക്കിയെ അറിയപ്പെടുന്ന ശക്തിയായി മാറ്റിയതില്‍ ഇപ്പോഴത്തെ നായിക സവിത പൂനിയക്കൊപ്പം മൂന്നു റാണിമാര്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഈ മൂന്നു പേരുടെയും സംഭാവന മറന്ന് അവരെ നിഷ്‌കരുണം തഴയുകയാണുണ്ടായത്. അവരുടെ ശാപമെന്നു പറയുന്നത് ശരിയല്ല. കാരണം മൂന്നു പേരും ഇന്ത്യന്‍ ഹോക്കിയുടെ നന്മ ആഗ്രഹിക്കുന്നവരാണ്.
1998 ലെ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും വെള്ളിയും 2002 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടിയ പ്രീതം റാണിയെ തഴഞ്ഞു. 2008 ല്‍ അവര്‍ തിരിച്ചു വന്നെങ്കിലും താമസിയാതെ കളി നിര്‍ത്തി പരിശീലകയായി; ഒളിംപ്യന്‍മാരെ സൃഷ്ടിച്ച് ദ്രോണാചാര്യ നേടി.
ഋതു റാണി 2006 ല്‍ പതിനാലാം വയസ്സില്‍ ഇന്ത്യന്‍ ടീമില്‍ എത്തിയതാണ് .2009 ല്‍ റഷ്യയില്‍ ചാംപ്യന്‍സ് ചാലഞ്ചില്‍ എട്ടു ഗോള്‍ നേടി സൂപ്പര്‍ താരമായി. 2011 ല്‍ ഇന്ത്യന്‍ നായിക. 2014 ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം.റിയോ ഒളിംപിക്‌സ് യോഗ്യത നേടുന്നതില്‍ നിര്‍ണായക പങ്ക്, നായികയും. പക്ഷേ, പിന്നീട് തഴഞ്ഞു. വിവാഹ സംബന്ധമായി ക്യാംപ് വിട്ടത് ചില മേലാളന്മാര്‍ക്ക് ദഹിച്ചില്ലെന്നാണ് കേട്ടത്.
ഒടുവില്‍ ടോക്കിയോയിലെ നായിക റാണി റാംഫാലിനും അതേ ഗതി.സെ യോര്‍ദ് മാരിന്‍ മാറി അസി. കോച്ച് ജനേക് ഷോപ്മാന്‍ മുഖ്യ കോച്ച് ആയതോടെ റാണി റാംഫാലിന്റ കഷ്ടകാലം തുടങ്ങി.
പരുക്കുമൂലം വിശ്രമിച്ച റാണിയെ ലോക കപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും തഴഞ്ഞു.ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ മികച്ച ഫോമിലേക്ക് മടങ്ങിവന്നെങ്കിലും ഏഷ്യന്‍ ഗെയിംസ് ടീമില്‍ എടുത്തില്ല. ഹാങ് ചോയില്‍ വെങ്കലം കൊണ്ടു തൃപ്തിപ്പെട്ട ടീം ഒളിംപിക് യോഗ്യതയ്ക്കായി ഇറങ്ങിയപ്പോഴും റാണി റാംഫാല്‍ തഴയപ്പെട്ടു.
റാണിമാരുടെ യുഗവും സവിതാ യുഗവും അവസാനിക്കുകയാണ്. ഷോപ്മാന്റെ ഭാവിയും തുലാസില്‍.ഒപ്പം ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനും പുതുയുഗപ്പിറവിക്കായി കാത്തിരിക്കാം.
Story Highlights: Indian women’s team Hockey to miss Paris Olympics after narrow defeat to Japan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here