പാർട്ടി അനുഭാവികളായ നിക്ഷേപകരെ സിപിഐഎം വഞ്ചിച്ചു; 84 ലക്ഷം രൂപ കിട്ടാതായതോടെ ദയാവധത്തിന് അനുമതി തേടിയ നിക്ഷേപകൻ

പാർട്ടി അനുഭാവികളായ നിക്ഷേപകരെ സിപിഐഎം വഞ്ചിച്ചുവെന്ന് ദയാവധത്തിന് അനുമതി തേടിയ കരുവന്നൂർ നിക്ഷേപകൻ ജോഷി. ബാങ്കിൽ പ്രതിസന്ധി ഉണ്ടായപ്പോൾ പാർട്ടി നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും പണം പിൻവലിച്ചു. എന്നാൽ പാർട്ടി അനുഭാവികളായ നിക്ഷേപകരുടെ മാത്രം പണം മടക്കി നൽകാൻ നടപടി ഉണ്ടായതുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബാങ്കിനെ തകർത്തത് സിപിഐഎം നേതാക്കൾ തന്നെയാണ്. പണം ചോദിച്ചു ചെന്നാൽ ആളുകളെ നിഷേധിക്കുന്ന സമീപനമാണ് അഡ്മിനിസ്ട്രേറ്ററുടേത്. പാർട്ടി ഓഫീസിൽ നിന്ന് പറയുന്നത് പ്രകാരമാണ് അഡ്മിനിസ്ട്രേറ്റർ പ്രവർത്തിക്കുന്നത്. കരുവന്നൂർ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നിട്ടും ഗുണമുണ്ടായില്ലെന്നും ജോഷി പറയുന്നു.
മാപ്രാണം സ്വദേശി ജോഷി ദയാവധത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു. 84 ലക്ഷം രൂപയാണ് ജോഷിയുടെ കണക്കുപ്രകാരം കരുവന്നൂർ ബാങ്കിൽ നിന്ന് ലഭിക്കാൻ ഉള്ളത്. എന്നാൽ പണം മടക്കി നൽകാത്തതോടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിൽ എന്ന് ജോഷി പറയുന്നു.
രണ്ടുതവണ ബ്രെയിൻ ട്യൂമർ ബാധിച്ച ജോഷിയെ 20ലധികം തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ചികിത്സയ്ക്കു ഉൾപ്പെടെ പണമില്ലാതെ പ്രതിസന്ധിയിൽ ആയതോടെ പലതവണ ബാങ്കിനെ സമീപിച്ചെങ്കിലും നിക്ഷേപത്തുക മടക്കി നൽകിയിരുന്നില്ല. പണം മടക്കി നൽകുന്നതിനായി കോടതി ഉൾപ്പെടെ ജോഷി സമീപിച്ചതോടെ സമൂഹത്തിൽ തീർത്തും ഒറ്റപ്പെടുത്തുന്ന സമീപനമാണ് സിപിഐഎം സ്വീകരിച്ചതെന്നാണ് ആക്ഷേപം.
ഈ സാഹചര്യത്തിൽ പണം മടക്കി നൽകാൻ സാധിച്ചില്ലെങ്കിൽ ദയാവധത്തിന് അനുവദിക്കണമെന്നാണ് ജോഷിയുടെ ആവശ്യം. സിപിഐഎം നേതാക്കളുടെ നേതൃത്വത്തിൽ തനിക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്നും മാപ്രാണം സ്വദേശി ജോഷി ആരോപിക്കുന്നു. ബാങ്കിന്റെ കണക്കുപ്രകാരം 72 ലക്ഷം രൂപയാണ് ജോഷിക്ക് ലഭിക്കാൻ ഉള്ളത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here