രാംലല്ല വിഗ്രഹത്തിനുള്ള കല്ല് സംഭാവന നൽകിയെങ്കിലും പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാതെ ദളിത് കർഷകൻ

അയോധ്യ രാമക്ഷേത്രത്തിലെ രാംലല്ല വിഗ്രഹത്തിനുള്ള കല്ല് സംഭാവന നൽകിയെങ്കിലും ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാതെ ദളിത് കർഷകൻ. കർണാടകയിലെ മൈസൂരിൽ താമസിക്കുന്ന രാംദാസ് എന്ന കർഷകനെയാണ് രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാറ്റിനിർത്തിയത്. രാംദാസിൻ്റെ ഭൂമിയിൽ നിന്ന് കണ്ടെത്തിയ കൃഷ്ണശില കല്ലുകൾ കൊണ്ടാണ് രാംലല്ല വിഗ്രഹം നിർമിച്ചിരിക്കുന്നത്. (Dalit Ram Lalla inauguration)
2.14 ഏക്കര്‍ ഭൂമിയിലെ പാറകൾ കൃഷിക്കായി നീക്കുമ്പോൾ കൃഷ്ണശിലക്കല്ലുകള്‍ കണ്ടെത്തുകയായിരുന്നു എന്ന് രാംദാസ് പറയുന്നു. ദിവസങ്ങൾ നീണ്ട അധ്വാനത്തിനു ശേഷം ഇത് കുഴിച്ചെടുത്തു. കല്ലുകൾ തങ്ങളുടെ പക്കലുണ്ടെന്നറിഞ്ഞതോടെ രാംലല്ല വിഗ്രഹം നിർമിച്ച ശില്പി അരുൺ യോഗിരാജ് കർഷകനെ സമീപിച്ചു. കല്ലുകൾ പരിശോധിച്ച അരുൺ ഇത് രാംലല്ലയ്ക്ക് പറ്റിയതാണെന്ന് കർഷകനെ അറിയിക്കുകയും കർഷകൻ കല്ല് സംഭാവന നൽകുകയുമായിരുന്നു. പിന്നീട് ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ കൊത്തിയെടുക്കാന്‍ നാല് കല്ലുകള്‍ കൂടി ഒരു മാസത്തിനുള്ളില്‍ ഓര്‍ഡര്‍ ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
Read Also: ‘ശ്രീരാമ ശാപം കിട്ടും’; പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ഉദ്ധവ് താക്കറെയ്ക്ക് സ്പീഡ് പോസ്റ്റ് വഴി ക്ഷണം
രാംലല്ല നിർമിക്കാൻ ഉപയോഗിച്ച കല്ല് കണ്ടെത്തിയ തൻ്റെ ഭൂമിയിൽ രാമക്ഷേത്രം ഉയരണമെന്ന് ഗ്രാമവാസികൾ ആഗ്രഹം പ്രകടിപ്പിച്ചതോടെ ഭൂമിയിലെ കുറച്ചുഭാഗം സംഭാവന നൽകാനും അദ്ദേഹം തീരുമാനിച്ചു. ഇത്രയൊക്കെ ചെയ്തെങ്കിലും ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ടാ ചടങ്ങിന് തങ്ങളെ ക്ഷണിക്കാത്തതിൽ രാംദാസ് ഖേദം പ്രകടിപ്പിച്ചു.
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനം നടക്കുന്ന ദിവസമായ ജനുവരി 22ന് രാവിലെ ആറിനും എട്ടിനും ഇടയില്‍ രാംദാസ് സംഭാവന ചെയ്ത സ്ഥലത്ത് രാമക്ഷേത്രം പണിയാനായി സ്ഥലം എംഎല്‍എ തറക്കല്ലിടും. ഇവിടെ നിന്ന് കുഴിച്ചെടുത്ത കൃഷ്ണശില കല്ല് ഉപയോഗിച്ച് രാമവിഗ്രഹം പണിയാൻ അരുൺ യോഗിരാജിനെ സമീപിക്കാനാണ് തീരുമാനം.
പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് സ്പീഡ് പോസ്റ്റിലാണ് ക്ഷണക്കത്ത് കിട്ടിയത്. സ്പീഡ് പോസ്റ്റ് വഴി ക്ഷണിച്ചതില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. രാമജന്മഭൂമി സമരത്തിൽ ഉദ്ധവ് താക്കറെ പ്രധാന പങ്കുവഹിച്ചതായും ശ്രീരാമന്‍ ഇത് ക്ഷമിക്കില്ലെന്നും ശാപം കിട്ടുമെന്നും എംപി സഞ്ജയ് റൗട്ട് പറഞ്ഞു.
Story Highlights: Dalit farmer gave stones Ram Lalla idol not invited inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here