Advertisement

ഡൽഹിയിലെ ജനകീയ പ്രതിരോധം; എം. കെ. സ്റ്റാലിനെ ക്ഷണിച്ച് കേരളം; ക്ഷണപ്പത്രം മന്ത്രി പി. രാജീവ് കൈമാറി

January 23, 2024
Google News 2 minutes Read

കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹിയിൽ ഫെബ്രുവരി 8 ന് നടത്തുന്ന ജനകീയ പ്രതിരോധത്തിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഔദ്യോഗികമായി ക്ഷണിച്ച് കേരളം. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപ്പത്രം മന്ത്രി പി. രാജീവ് ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കൈമാറി.

കേരളം ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വിശദാംശങ്ങള്‍ സ്റ്റാലിനെ മന്ത്രി പി.രാജീവ് ധരിപ്പിച്ചു. സംസ്ഥാനത്തിന് ന്യായമായും കിട്ടേണ്ട വിഹിതം തടഞ്ഞുവെക്കുകയാണ് യൂണിയന്‍ സര്‍ക്കാര്‍. പദ്ധതി വിഹിതവും നികുതിവിഹിതവും റവന്യൂ കമ്മി കുറക്കുന്നതിനുള്ള സഹായവും ജി.എസ്.ടി നഷ്ടപരിഹാരമുള്‍പ്പെടെയുള്ള വിഷയങ്ങളിലെല്ലാം നിഷേധാത്മക സമീപനമാണ് മോദിസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒപ്പം വായ്പയെടുക്കാനുള്ള അവകാശവും നിഷേധിക്കുന്നു. കേരളത്തിന് പുറമെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടും വിവേചന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ ഘട്ടത്തില്‍ കേരളത്തിന്റെ പ്രതിഷേധത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ എം.കെ.സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു.

ധനപരമായി സംസ്ഥാനങ്ങളെ ഞെരുക്കുന്ന യൂണിയന്‍ സര്‍ക്കാരിന്റെ നയത്തെ യോജിച്ച് എതിര്‍ക്കേണ്ടതാണെന്ന് കൂടിക്കാഴ്ചക്കിടെ സ്റ്റാലിന്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസ്, തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ എന്നിവരും പങ്കെടുത്തു.

ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്ന് ഫെബ്രുവരി 8ന് രാവിലെ 11 മണിക്ക് പ്രതിഷേധ ജാഥ ആയിട്ടാണ് ജനപ്രതിനിധികള്‍ ജന്തര്‍മന്ദിറിലേക്ക് തിരിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും എം പിമാരും എം എല്‍ എമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

കേന്ദ്രത്തിന് എതിരെ സമരം ചെയ്യാൻ സംസ്ഥാന സർക്കാർ യു.ഡി.എഫിനെ ക്ഷണിച്ചിരുന്നു. എന്നാൽ സമരത്തോട് സഹകരിക്കേണ്ടെന്നാണ് യു.ഡി.എഫ് ഏകോപന സമിതിയുടെ തീരുമാനം. പ്രതിപക്ഷം തീരുമാനം അറിയിക്കുന്നതിന് മുമ്പേ എൽ.ഡി.എഫ് സമരം പ്രഖ്യാപിച്ചത് ശരിയായില്ല.സാമ്പത്തിക പ്രതിസന്ധിക്ക് സംസ്ഥാന സർക്കാരും ഉത്തരവാദികളെന്ന് യു.ഡി.എഫ് വിലയിരുത്തൽ.

Story Highlights: P Rajeev invites Stalin to join Kerala’s protest against Union govt in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here