Advertisement

കട്ടിംഗ് പ്ലയർ കൊണ്ട് യുവാക്കളുടെ പല്ലുകൾ പിഴുതെടുത്ത യുവ ഐപിഎസുകാരനെതിരെ നാല് കേസുകൾ

January 24, 2024
Google News 1 minute Read
Ambasamudram custodial torture CB-CID registers fourth case against Balveer Singh

കട്ടിംഗ് പ്ലയർ കൊണ്ട് യുവാക്കളുടെ പല്ലുകൾ പിഴുതെടുത്ത യുവ ഐപിഎസുകാരനും കല്ലിടൈക്കുറിച്ചി പൊലീസ് സ്റ്റേഷനിലെ കീഴുദ്യോഗസ്ഥർക്കുമെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ബൽവീർ സിങ്, കള്ളിടൈക്കുറിച്ചി പൊലീസ് സ്‌റ്റേഷനിലെ മുൻ ഇൻസ്‌പെക്ടർ രാജകുമാരി, കോൺസ്റ്റബിൾമാരായ രാമലിംഗം, ജോസഫ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജമീൻ സിങ്കംപട്ടിയിലെ സൂര്യ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബി-സിഐഡി പൊലീസ് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

കള്ളിടൈക്കുറിച്ചി പൊലീസ് സ്‌റ്റേഷനിൽ വെച്ച് താൻ അനുഭവിച്ച കസ്റ്റഡി പീഡനത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ വീഡിയോ സൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി സെക്ഷൻ 323, 324, 326, 506 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് അന്വേഷണ ഏജൻസി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ബൽവീർ സിങ്ങിനെതിരെ നാലാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.

പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ കേടുവരുത്തിയതിനാണ് പൊലീസ് സൂര്യയെ പിടികൂടിയത്. സൂര്യ സിസിടിവി ക്യാമറകൾ നശിപ്പിക്കുന്നതിന്റെ വീഡിയോ ചായക്കടക്കാരനായ മുരുകൻ പൊലീസിന് കൈമാറിയിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം ബൽവീർ സിങ് കട്ടിംഗ് പ്ലയർ ഉപയോഗിച്ച് തന്റെ പല്ലുകൾ പിഴുതെറിയുകയായിരുന്നുവെന്ന് സൂര്യ ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ പൊലീസ് ഡയറക്ടർ ജനറൽ സി ശൈലേന്ദ്രബാബു ഇടപെട്ടാണ് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ബൽവീർ സിങ്ങിനെ സ്ഥലം മാറ്റിയത്. ദക്ഷിണമേഖലാ ഇൻസ്‌പെക്ടർ ജനറൽ അസ്ര ഗാർഗിനാണ് ബൽവീർ സിങ്ങിന്റെ അധിക ചുമതല നൽകിയിരുന്നത്. സിസിടിവി ക്യാമറകൾ കേടുവരുത്തിയതിന്റെ പേരിൽ വിക്രമസിംഗപുരം പൊലീസ് സ്റ്റേഷനുകളിൽ അന്വേഷണത്തിനായി കൊണ്ടുവന്ന യുവാവാണ് യുവ ഐപിഎസുകാരനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

യുവ ഐപിഎസുകാരൻ കട്ടിംഗ് പ്ലയർ കൊണ്ട് പല്ലുകൾ പിഴുതെടുത്തുവെന്നും രണ്ട് പേരുടെ വൃഷണം ചതച്ചുവെന്നും ആരോപിച്ച് 10 യുവാക്കളാണ് അന്ന് രം​ഗത്തെത്തിയത്. തമിഴ്‌നാട്ടിലെ അംബാസമുദ്രം പൊലീസ് ഡിവിഷനിലായിരുന്നു ക്രൂര സംഭവം അരങ്ങേറിയത്. വിവാഹ തർക്കവുമായി ബന്ധപ്പെട്ട് സിസിടിവി ക്യാമറകൾ തകർത്തതിന്റെ പേരിൽ പിടികൂടിയ 10 ബന്ധുക്കളോടാണ് ബൽവീർ സിംഗ് ക്രൂരമായി പെരുമാറിയത്.

ഐഐടി ബോംബെയിൽ നിന്ന് ബിഇ ബിരുദം നേടിയ 2020 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ബൽവീർ സിംഗ്. 2022 ഒക്‌ടോബർ 15നാണ് ഇദ്ദേഹം അംബാസമുദ്രം പൊലീസ് ഡിവിഷനിൽ എഎസ്‌പിയായി ചുമതലയേറ്റത്. പ്രണയബന്ധത്തെ ചൊല്ലിയുള്ള സംഘർഷം, പണം കടം കൊടുക്കൽ, സിസിടിവി ക്യാമറകൾ തകർക്കൽ, വിവാഹ തർക്കം തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് 10 യുവാക്കളെയും അറസ്റ്റ് ചെയ്തത്.

ഇന്റലിജൻസ് യൂണിറ്റിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് സിങ്ങിന്റെ പെരുമാറ്റത്തെക്കുറിച്ച് തുടക്കം മുതൽ അറിയാമായിരുന്നുവെന്നും അവർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിൽ ഈ യുവാക്കൾക്ക് ക്രൂര പീഡനം ഏൽക്കേണ്ടി വരില്ലായിരുന്നുവെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പീഡനം നടക്കുമ്പോൾ ഈ പൊലീസ് ഉദ്യോ​ഗസ്ഥൻ സ്ഥലത്തുണ്ടായിരുന്നു.

അംബാസമുദ്രം പൊലീസ് സ്‌റ്റേഷനിൽ വെച്ച് തന്നെയും രണ്ട് സഹോദരന്മാരെയും ഉപദ്രവിച്ചുവെന്നും പല്ല് പറിച്ചെടുത്ത് പീഡിപ്പിച്ചുവെന്നും ചെല്ലപ്പ എന്ന യുവാവ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് വെളിപ്പെടുത്തിയിരുന്നു. യൂണിഫോം ഈരിയ ശേഷം ഷോർട്ട്‌സും ഗ്ലൗസും ധരിച്ചുകൊണ്ടാണ് ക്രൂര മർദനം ആരംഭിച്ചതെന്ന് ചെല്ലപ്പയും സഹോദരങ്ങളും വെളിപ്പെടുത്തിയിരുന്നു. ഇവർ ശിവന്തിപുരത്ത് മട്ടൺ സ്റ്റാൾ നടത്തുന്നവരാണ്.

വിവാഹത്തെച്ചൊല്ലിയാണ് വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ ചേരി തിരിഞ്ഞ് തർക്കമുണ്ടായത്. തുടർന്നാണ് അംബാസമുദ്രം പൊലീസ് സ്‌റ്റേഷനിൽ 10 പേരെ കൊണ്ടുവന്നത്. പല്ലുകൾ പറിച്ചെടുത്തുവെന്നും വായിൽ മണ്ണ് തിരുകിക്കയറ്റിയ ശേഷം ചുണ്ടുകൾ അടിച്ചു പൊട്ടിച്ചുവെന്നും പരുക്കേറ്റവർ വെളിപ്പെടുത്തിയിരുന്നു. തന്റെ മൂന്ന് പല്ലുകളാണ് പ്ലെയർ കൊണ്ട് പറിച്ചെടുത്തതെന്ന് മർദനമേറ്റ ഒരാൾ പറഞ്ഞു.

ഈയിടെ വിവാഹം കഴിഞ്ഞ മാരിയപ്പൻ എന്നയാളെ മർദിക്കാൻ തുടങ്ങിയപ്പോൾ ഒപ്പമുള്ളവർ യുവ ഐപിഎസുകാരനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. നവ വരനാണെന്നും അയാളെ മർദിക്കരുതെന്നും ബന്ധുക്കൾ കേണപേക്ഷിച്ചിട്ടും സിങ് മർദനം തുടരുകയായിരുന്നു. തുടർന്നാണ് ഇയാളുടെ വൃഷണം അടിച്ച് ചതച്ച് കൊടും ക്രൂരക കാട്ടിയത്. ആക്രമണത്തിൽ മാരിയപ്പന് ​ഗുരുതരമായി പരുക്കേറ്റിരുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here