‘ഇവര്‍ രണ്ടല്ല, ഒന്നാണ്’ നിയമസഭയില്‍ ബിജെപി- സിപിഐഎം നാടകം; കെ സുധാകരന്‍ എംപി
സിപിഐഎം- ബിജെപി കൂട്ടുകെട്ടിന്റെ ഏറ്റവും ഒടുവിലത്തെ നാടകമാണ് നിയമസഭയില്‍ കണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇവര്‍ രണ്ടല്ല, ഒന്നാണെന്ന് ഓരോ ദിവസവും തെളിയിക്കുകയാണ്.
നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരേ നാമമാത്ര വിമര്‍ശനങ്ങള്‍ മാത്രമാണ് പിണറായി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ അതുപോലും വായിക്കാതെ ഗവര്‍ണര്‍ ഒഴിഞ്ഞുമാറി. ഡല്‍ഹിയില്‍ പദ്ധതിയിട്ട കേന്ദ്രവിരുദ്ധ പ്രക്ഷോഭം പൊടുന്നനവെ പൊതുസമ്മേളനമാക്കി. ഇക്കാര്യം സിപിഐ പോലും അറിഞ്ഞിട്ടില്ല.
കേരളത്തിനുള്ള സാമ്പത്തിക സഹായം കേന്ദ്രം വെട്ടിക്കുറച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം നടത്തുന്നുണ്ടെങ്കിലും പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ ഒരു നിവേദനം പോലും കൊടുത്തില്ല. പ്രധാനമന്ത്രിയുടെ മുന്നില്‍ മുഖ്യമന്ത്രി ഭയഭക്തി ബഹുമാനത്തോടെ നിന്ന് പ്രീതി പിടിച്ചുപറ്റുകയാണ് ചെയ്തത്. കേന്ദ്രത്തിനെതിരേ മുന്‍ ഇടതു സര്‍ക്കാരുകള്‍ ഗംഭീര സമരങ്ങള്‍ നടത്തിയ ചരിത്രമുണ്ടെങ്കിലും പിണറായിയുടെ 8 വര്‍ഷക്കാലം കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല.
കിഫ്ബി ഇടപാടില്‍ ധനമന്ത്രി ഡോ തോമസ് ഐസകിനെ ഇഡിയുടെ മുന്നിലേക്ക് ഇട്ടുകൊടുത്തെങ്കിലും ഐസക് അതു മുഖ്യമന്ത്രിയുടെ കോര്‍ട്ടിലേക്കു തട്ടി. മുഖ്യമന്ത്രി ചെയര്‍മാനായ കിഫ്ബിയുടെ ബോര്‍ഡാണ് തീരുമാനമെടുത്തതെന്ന ഐസക്കിന്റെ വാദം ശരിയാണെങ്കില്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്. എന്നാല്‍ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഒരു നോട്ടീസുപോലും നല്കിയിട്ടില്ല. കേരളത്തെ വലിയ സാമ്പത്തിക തകര്‍ച്ചയിലേക്ക് തള്ളിവിട്ട കിഫ്ബി ഇടപാട് സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകളുടെ എക്സാലോജിക് ഇടപാട് അന്വേഷിക്കാന്‍ ഇഡിയെയും സിബിഐയെയും നിയോഗിക്കുന്നതിനു പകരം ആര്‍ഒസിയുടെ റിപ്പോര്‍ട്ട് കേന്ദ്രകോര്‍പറേറ്റ് കാര്യമന്ത്രാലയത്തിനു വിട്ട് കേന്ദ്രം പിണറായിയെ സംരക്ഷിച്ചു. പിണറായി പ്രതിയായ ലാവ്ലിന്‍ കേസില്‍ നീതിന്യായവ്യവസ്ഥയെ പ്രഹസനമാക്കുന്ന ഒളിച്ചുകളിയാണ് നടക്കുന്നത്. ബന്ധപ്പെട്ട സിബിഐ അഭിഭാഷകര്‍ അന്നേ ദിവസം സുപ്രീംകോടതിയില്‍ എത്തുന്നില്ലെന്ന് കേന്ദ്രം ഉറപ്പാക്കുന്നു.
തുടര്‍ന്ന് നിസഹായമാകുന്ന സുപ്രീംകോടതി കേസ് തുടര്‍ച്ചെ മാറ്റിവയ്ക്കുകയാണ്. സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റിവയ്ക്കപ്പെട്ട കേസ് എന്ന കുപ്രസിദ്ധി ഒരുപക്ഷേ ലാവ്ലിന്‍ കേസിനായിരിക്കും. കരുവന്നൂര്‍,അയ്യന്തോള്‍, കണ്ടല ഉള്‍പ്പെടെയുള്ള ഞെട്ടിപ്പിക്കുന്ന സഹകരണ ബാങ്ക് കൊള്ളയില്‍ ഉന്നതര്‍ക്കു പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നുണ്ടെങ്കിലും അന്വേഷണം അവിടേക്ക് എത്തുന്നില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.
Story Highlights: K Sudhakaran Against CPIM BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here