Advertisement

‘സ്വന്തം മുന്നണിയില്‍ നിന്ന് തന്നെ തിക്താനുഭവമുണ്ടായി’; കെ.എം മാണിയുടെ ‘ആത്മകഥ’ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

January 25, 2024
Google News 2 minutes Read
Pinarayi Vijayan released KM Mani's Autobiography

അന്തരിച്ച മുന്‍ധനമന്ത്രിയും കേരള കോണ്‍ഗ്രസ് എം നേതാവുമായ കെ എം മാണിയുടെ ആത്മകഥ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്. മാണിക്ക് സ്വന്തം മുന്നണിയില്‍ നിന്ന് തന്നെ തിക്താനുഭവം ഉണ്ടായെന്നും എതിര്‍ മുന്നണിക്കാര്‍ പോലും ചെയ്യാത്തതാണ് സ്വന്തം മുന്നണിയില്‍ നിന്നുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.(Pinarayi Vijayan released KM Mani’s Autobiography)

1975ല്‍ രാജ്യത്താകെ ഏര്‍പ്പെടുത്തിയ അടിയന്താരവസ്ഥയ്ക്ക് ശേഷം കേരളത്തിലെ മുന്നണിയില്‍ ഉണ്ടായ പ്രശ്‌നങ്ങളും മാറ്റങ്ങളും കെ എം മാണി ആത്മകഥയില്‍ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആരെയും വേദനിപ്പിക്കാതിരിക്കാന്‍ ആത്മകഥയെഴുതുമ്പോള്‍ കെ എം മാണി ശ്രദ്ധിച്ചിരുന്നുവെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. നിയമസഭാ മന്ദിരത്തിലുള്ള ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വച്ചാണ് 500ഓളം പേജുകളുള്ള ‘ആത്മകഥ’ പ്രകാശനം നടന്നത്.

ബാര്‍ കോഴ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിക്കുന്നുമുണ്ട് കെ.എം മാണിയുടെ ആത്മകഥ. മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ലെന്ന കാരണത്താല്‍ രമേശ് ചെന്നിത്തല വിജിലന്‍സ് അന്വേഷണത്തിന് അനാവശ്യ തിടുക്കം കാണിച്ചു. മന്ത്രിസഭയിലെ ഒരംഗത്തെ വളഞ്ഞിട്ടു ആക്രമിച്ച ബാറുടമ ബിജു രമേശിന്റെ വീട്ടിലെത്തി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിവാഹ നടത്തിപ്പുകാരായത് വേദനയുണ്ടാക്കിയെന്നും ആത്മകഥയില്‍ പറയുന്നു.

ബാര്‍ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തല അമേരിക്കയിലായിരുന്നു. അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി അടിയന്തരകാര്യം പോലെ ത്വരിതന്വേഷണം പ്രഖ്യാപിച്ചു.മുഖ്യമന്ത്രിയാകാന്‍ പിന്തുണയ്ക്കാതിരുന്നത് ചെന്നിത്തലയ്ക്ക് വൈരാഗ്യാമുണ്ടാക്കിയിരിക്കാമെന്ന് ആത്മകഥയില്‍ വെളിപ്പെടുത്തുന്നു. ഉമ്മന്‍ചാണ്ടിയോടുള്ള വിയോജിപ്പും ആത്മകഥയില്‍ പറയുന്നുണ്ട്. യുഡിഎഫിന്റെ ഒരു നേതാവിനെ വട്ടമിട്ടു ആക്രമിച്ചിട്ടും ബിജു രമേശിന്റെ മകളുടെ കല്യാണത്തില്‍ വീട്ടില്‍ ചെന്ന് പങ്കെടുത്തു. വൈരിയുടെ വീട്ടില്‍ പോയി ഉമ്മന്‍ചാണ്ടിയും,ചെന്നിത്തലയും വിവാഹ നടത്തിപ്പുകാരായി.ആ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും വിമര്‍ശനമുണ്ട്.

ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കേണ്ട ഫയല്‍ താന്‍ കാണരുതെന്ന് കെ ബാബുവിന് നിര്‍ബന്ധമുണ്ടായിരുന്നു. നിയമവകുപ്പിനെ മറികടന്നു ക്യാബിനറ്റിന് മുന്‍പിലെത്തിച്ചത് ഇക്കാരണത്താലാണ്. എന്നാല്‍ കെ ബാബുവിന് മുറിവേറ്റ കടുവയുടെ അമര്‍ത്തിയ മുരള്‍ച്ചയായിരുന്നുവെന്നും കെ എം മാണി ആത്മകഥയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Story Highlights: Pinarayi Vijayan released KM Mani’s Autobiography

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here