Advertisement

ഗവർണർക്ക് കേന്ദ്ര സുരക്ഷ; ഇസഡ് പ്ലസ് സുരക്ഷ നൽകാൻ തീരുമാനം

January 27, 2024
Google News 2 minutes Read
Arif Muhammad Khan

കൊല്ലത്ത് എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധത്തെ തുടർന്നുണ്ടായ നാടകീയ രംഗങ്ങൾക്ക് പിന്നാലെ ഗവർണർക്ക് കേന്ദ്ര സുരക്ഷ. ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കാൻ തീരുമാനം. ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് പരാതി ഉന്നയിച്ചതിനെ തുടർന്നാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് രാജ്ഭവനെ ഇക്കാര്യം അറിയിച്ചത്.

ഏറ്റവും ഉയര്‍ന്ന ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. എസ്എഫ്ഐ പ്രതിഷേധത്തിനിടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ ഫോണിൽ വിളിച്ചാണ് ഗവർണർ പരാതി അറിയിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി എസ്എഫ്‌ഐക്കാർ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഗവർണർ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. പിന്നാലെ ഗവർണറുടെ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാർ മാത്രമാണ് എസ്എഫ്ഐക്കാരെന്നും പൊലീസിന് ഇവിടെ യാതൊരുവിധ റോളുമില്ല എന്നും അദ്ദേഹം പറഞ്ഞു. 17 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന്റെ എഫ്‌ഐആർ കൈവശമുണ്ടെന്നും ഇത് കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.

‘നിയമം ലംഘിക്കുന്നവർക്ക് സംരക്ഷണം നൽകാൻ പൊലീസിന് നിർദേശം നൽകുന്നതും മുഖ്യമന്ത്രിയാണ്. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ നിരവധി ക്രമിനൽ കേസുകളാണ് നിലവിലുള്ളത്. ഇതിൽ 40 ലധികം കേസുകളാണ് കോടതികളിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. പാർട്ടി നൽകുന്ന ദിവസ വേദനത്തിന് ജോലി ചെയ്യുന്നവരാണ് ഈ പ്രവർത്തകർ. വരുക, കരിങ്കൊടി കാണിക്കുക, കാറിൽ അടിക്കുക, തിരിച്ചുവന്ന് പ്രതിഫലം വാങ്ങുക. ഇതാണ് അവരുടെ ജോലി. ഇപ്പോൾ 17പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിഷേധിച്ചവർ 50പേരിൽ കൂടുതലുണ്ടായിരുന്നു. പക്ഷേ, ഞാനീ എഫ്‌ഐആർ അംഗീകരിക്കുകയാണ്’-അദ്ദേഹം പറഞ്ഞു.

Story Highlights: Z Plus security to Arif Muhammad Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here