Advertisement

കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് കേന്ദ്രബജറ്റ്; വി.ഡി സതീശൻ

February 1, 2024
Google News 1 minute Read
V. D. Satheesan responds on Union Budget 2024

കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് കേന്ദ്രബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരിഹാസം. രാജ്യത്തെ യാഥാർത്ഥ്യങ്ങൾ വിസ്മരിച്ച് കോർപറേറ്റ് താൽപര്യങ്ങൾക്ക് മാത്രം മുൻഗണന നൽകി പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ് നിർമ്മല സിതാരാമൻ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ്. കേരളത്തെ സംബന്ധിച്ചടുത്തോളവും ബജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും പെട്രോൾ ഡീസൽ വില കുറയ്ക്കാൻ തയാറാകാത്തത് ജനങ്ങളോടുള്ള ബി.ജെ.പി സർക്കാരിന്റെ വെല്ലുവിളിയാണ്. ‘നാരി ശക്തി’ എന്ന് പ്രധാനമന്ത്രി അടിക്കടി പറയുന്നുണ്ടെങ്കിലും പാചകവാതക വില കുറയ്ക്കാൻ തയാറായിട്ടില്ല. രാജ്യത്ത് തൊഴിലായ്മ കുതിച്ചുയരുമ്പോഴും തൊഴിൽ നൽകുന്നതിന് വേണ്ടിയുള്ള കാര്യമായ പദ്ധതികളൊന്നും ബജറ്റിലില്ല. ക്യാപിറ്റൽ എക്‌സ്‌പെന്റിച്ചർ കൂടുമ്പോൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന സ്ഥിരം പല്ലവിയാണ് ഈ ബജറ്റിലുമുള്ളത്.

കർഷക സമൂഹത്തിനോട് കടുത്ത അവഗണനയാണ് സർക്കാർ കാട്ടുന്നത്. കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള യാതൊരു പ്രഖ്യാപനവും ബജറ്റിലില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സമൂഹിക സുരക്ഷാ പെൻഷൻ എന്നിവയുടെ വിഹിതത്തിലും കാലാനുസൃതമായ വർധനവില്ല.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പാവങ്ങളോട് ഒട്ടും അനുതാപമില്ലാത്ത ബജറ്റ് കോർപ്പറേറ്റുകളോട് അമിത വിധേയത്വമാണ് പ്രകടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് ഇടക്കാല ബജറ്റ് അവതരിപ്പിച്ച് അടുത്ത പൊതുബജറ്റും ഞങ്ങൾ തന്നെ അവതരിപ്പിക്കുമെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, പുതിയ കേന്ദ്ര ബഡ്ജറ്റിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക വകയിരുത്തതിനാൽ ആനുപാതികമായ നേട്ടം കേരളത്തിനുമുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രതികരിച്ചു. ഇതോടെ കേന്ദ്രവിരുദ്ധ സമരത്തിനിറങ്ങിയ ഇടതു സർക്കാരിന്റെ വാദങ്ങളുടെ മുന ഒടിഞ്ഞിരിക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 11,04,494 കോടി രൂപയിൽ നിന്ന് 12,19,783 കോടി രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്. 1,15,289 കോടി രൂപയുടെ വര്ദ്ധനവാണിത്. ഇതുപ്രകാരം കേരളത്തിന് ഈ വർഷം 23,480.82 കോടി കിട്ടും. ഇക്കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ 2220 കോടി രൂപ അധികമാണിത്.

കേന്ദ്രദുരന്തനിവാരണ നിധി, മൂലധന ചെലവുകൾക്കായുള്ള കേന്ദ്രസഹായം എന്നിവയിലും 27,717 കോടി രൂപയുടെ വര്ദ്ധനവുണ്ട്.
ആനുപാതികമായി ഇതിന്റെ നേട്ടവും കേരളത്തിനുണ്ടാകും. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ, കേന്ദ്രപദ്ധതികൾ, മറ്റ് പദ്ധതികൾ എന്നിവയിൽ 45,000 കോടി രൂപയുടെ വര്ദ്ധനവുണ്ട്. ഈ വർദ്ധനവിന്റെ ഗുണവും കേരളത്തിന് കിട്ടും. എന്നാൽ ഓരോ കേന്ദ്രാവിഷ്‌കൃത പദ്ധതികളും കേന്ദ്രപദ്ധതികളും ആത്മാർഥതയോടെ നടപ്പിലാക്കിയാൽ മാത്രമേ ഇതിന്റെ നേട്ടം കേരളത്തിന് അനുഭവിക്കാൻ കഴിയുകയൂള്ളൂ എന്നും സുരേന്ദ്രൻ പറഞ്ഞു.

നാണ്യപ്പെരുപ്പം കുറക്കുന്നതും വളർച്ചാ നിരക്ക് 7% നിലനിർത്തുന്നതും രാജ്യത്തിന് നേട്ടമാവും. വനിതാ ക്ഷേമം ഉറപ്പുവരുത്താൻ വനിത കൂടിയായ ധനമന്ത്രിക്ക് സാധിച്ചു. രണ്ട് കോടി വീടുകളാണ് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ പുതുതായി നിർമ്മിക്കുക. ഒരു കോടി വീടുകളിൽ സൗരോർജ പാനലുകൾ നൽകുന്നത് പുതിയ ചുവടുവെപ്പാവും. ഇതിലൂടെ പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. മത്സ്യസമ്പദ് യോജന വിപുലപ്പെടുത്തുന്നത് മത്സ്യ പ്രവർത്തകർക്ക് ഏറെ ആശ്വാസകരമാവും. തൊഴിൽ അവസരങ്ങൾ വർദ്ധിക്കുന്നത് യുവാക്കൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

യുപിഎ സർക്കാരിനെ അപേക്ഷിച്ച് 700 ഇരട്ടി അധികമാണ് റെയിൽവെക്ക് അനുവദിച്ചിരിക്കുന്നത്. 2744 കോടി രൂപ കേരളത്തിലെ റെയിൽവെ വികസനത്തിന് അനുവദിച്ചു. 92 മേൽപ്പാലങ്ങളും 35 അമൃത് സ്റ്റേഷനുകളുമാണ് സംസ്ഥാനത്തിന് അനുവദിച്ചത്. കേരളത്തിന് ഏറ്റവും കരുതൽ നൽകിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here