തണ്ണീർക്കൊമ്പൻ ദൗത്യസംഘത്തെ അഭിനന്ദിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ

വയനാട് മാനന്തവാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടിയ ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അഭിനന്ദിച്ചു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ എല്ലാവിധ പിന്തുണയും നൽകിയ ജനപ്രതിനിധികൾ, നാട്ടുകാർ, മാധ്യമ പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി മന്ത്രി അറിയിച്ചു. ( minister ak saseendran appreciates team behind mission thanneerkomban )
ഇന്ന് രാവിലെ തൊട്ടാണ് തണ്ണീർക്കൊമ്പൻ വയനാട്ടിലെ ജനവാസ മേഖലയിലെത്തിയത്. തുടർന്ന് ആനയുടെ ശ്രദ്ധ തിരിച്ചുവിട്ടും, പടക്കം പൊട്ടിച്ചും കാടുകയറ്റാൻ ശ്രമിച്ചുവെങ്കിലും തണ്ണീർക്കൊമ്പൻ പോകാൻ കൂട്ടാക്കിയിരുന്നില്ല. ഇതിന് പിന്നാലെ മാനന്തവാടി നഗരസഭ ഡിവിഷൻ 24, 25,26,27, ഇടവക പഞ്ചായത്ത് വാർഡ് 4,5,7 എന്നിവിടങ്ങളിൽ സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
ഇന്ന് വൈകീട്ട് 5.35 നാണ് തണ്ണീർക്കൊമ്പനെ ആദ്യ മയക്കുവെടി വെച്ചത്. വെറ്റിനറി ടീമിന്റെ ഭാഗമായ വിഷ്ണുവാണ് ആദ്യ മയക്കുവെടി വച്ചത്. ഫോറസ്റ്റ് ഓഫീസർ അജയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. രണ്ട് തവണയാണ് ആനയെ മയക്കുവെടി വച്ചത്. നാല് തവണ ശ്രമം നടത്തിയതിൽ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യംകണ്ടത്. പി.ടി7, പി.എം2, അരിക്കൊമ്പൻ എന്നിവരേയെല്ലാം പിടികൂടിയ ദൗത്യസംഘം തന്നെയാണ് തണ്ണീർക്കൊമ്പനേയും പിടികൂടിയത്. പിടികൂടിയ കൊമ്പനെ ഇന്ന് തന്നെ ബന്ദിപ്പൂരിലെത്തിക്കും.
Story Highlights: minister ak saseendran appreciates team behind mission thanneerkomban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here