തുടക്കത്തിലെ തകർച്ച അതിജീവിച്ച് ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിംഗ്സിൽ മികച്ച സ്കോർ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 445 റൺസിന് ഓൾ ഔട്ടായി. 131 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് ടീമിൻ്റെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജയും (112) സെഞ്ചുറി നേടി. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് 4 വിക്കറ്റ് വീഴ്ത്തി. (india first innings england)
3 വിക്കറ്റ് നഷ്ടത്തിൽ 33 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യയാണ് പിന്നീട് തിരിച്ചുവന്നത്. യശസ്വി ജയ്സ്വാൾ (10), ശുഭ്മൻ ഗിൽ (0), രജത് പാടിദാർ (5) എന്നിവർ വേഗം പുറത്തായതോടെ സ്ഥാനക്കയറ്റം ലഭിച്ചെത്തിയ രവീന്ദ്ര ജഡേജ ക്യാപ്റ്റനൊപ്പം ചേർന്നു. ഇംഗ്ലണ്ട് ബൗളർമാരെ ആശങ്കകളില്ലാതെ നേരിട്ട സഖ്യം 204 റൺസിൻ്റെ നിർണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇതിനിടെ രോഹിത് സെഞ്ചുറിയും ജഡേജ ഫിഫ്റ്റിയും തികച്ചിരുന്നു. രോഹിതിനെ വീഴ്ത്തിയ മാർക്ക് വുഡ് ഇംഗ്ലണ്ടിനു ബ്രേക്ക് ത്രൂ നൽകി.
Read Also: റൺ വേട്ടയിൽ ഗാംഗുലിയെ മറികടന്ന് രോഹിത് ശർമ്മ
ആറാം നമ്പരിലെത്തിയ പുതുമുഖം സർഫറാസ് ഖാൻ ആക്രമണ മൂഡിലായിരുന്നു. തുടക്കക്കാരൻ്റെ ഒരു പകപ്പുമില്ലാതെ ബാറ്റ് വീശിയ സർഫറാസ് വെറും 48 പന്തിൽ ഫിഫ്റ്റി തികച്ചു. ജഡേജയ്ക്ക് സെഞ്ചുറി തികയ്ക്കാൻ ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് നഷ്ടമായെങ്കിലും 66 പന്തിൽ 62 നേടിയാണ് താരം പുറത്തായത്. ജഡേജയുമൊത്ത് 77 റൺസിൻ്റെ കൂട്ടുകെട്ടിലും താരം പങ്കാളിയായി. നൈറ്റ് വാച്ച്മാൻ കുൽദീപ് യാദവാണ് പിന്നെ എത്തിയത്. ഇതിനിടെ ജഡേജ മൂന്നക്കം കടന്നു.
5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് എന്ന നിലയിൽ ഇന്ത്യ രണ്ടാം ദിനം പുനരാരംഭിച്ചു. രണ്ടാം ദിനത്തിൽ കുൽദീപ് (4), ജഡേജ (112) എന്നിവർ വേഗം മടങ്ങി. തുടർന്ന് എട്ടാം വിക്കറ്റിൽ അരങ്ങേറ്റക്കാരൻ ധ്രുവ് ജുറേലും ആർ അശ്വിനും ചേർന്ന് വീണ്ടും ഒരു മികച്ച കൂട്ടുകെട്ടുയർത്തി. 77 റൺസ് നീണ്ട ഈ കൂട്ടുകെട്ടിനൊടുവിൽ അശ്വിനും (37) പിന്നാലെ ജുറേലും (46) വീണു. അവസാന വിക്കറ്റിൽ ബുംറ – സിറാജ് സഖ്യവും നന്നായി ബാറ്റ് ചെയ്തു. ആക്രമിച്ചുകളിച്ച ബുംറ ഇന്ത്യൻ സ്കോർ 450നരികെ എത്തിച്ചു. 28 പന്തിൽ 26 റൺസ് നേടി അവസാന വിക്കറ്റായാണ് ബുംറ പുറത്തായത്.
Story Highlights: india first innings score england 3rd test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here