Advertisement

പഞ്ഞി മിഠായി എന്ന ‘പിങ്ക് വിഷം’; അപകടകാരിയാകുന്നതെങ്ങനെ ?

February 19, 2024
Google News 2 minutes Read
harmful effects of cotton candy
  • ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് തമിഴ്‌നാട്ടിൽ പഞ്ഞിമിഠായിയുടെ വിൽപ്പന നിരോധിച്ചത്

  • പഞ്ഞിമിഠായിയിൽ ചേർക്കുന്ന നിറത്തിലടങ്ങിയിരിക്കുന്ന റോഡമിൻ ബി എന്ന രാസവസ്തുവാണ് ക്യാൻസറുണ്ടാകാൻ കാരണമാകുന്നത്

നമ്മുടെയൊക്കെ കുട്ടികാല നൊസ്റ്റാൾജിയകളിൽ പ്രധാനിയാണ് പഞ്ഞി മിഠായി. പഞ്ഞി മിഠായി ഇല്ലാതെന്ത് ഉത്സവപ്പറമ്പ്, പള്ളിപ്പെരുന്നാള്, ബീച്ച്. മദാമ്മ പൂഡ, സായിപ്പ് പൂഡ..ഇങ്ങനെ പേരുകൾ പലതരം… ട്രാൻസ്‌പേരന്റ് കവറിൽ കടുത്ത പിങ്ക് വർണത്തിൽ, എവിടെ നിന്ന് നോക്കിയാലും തെളിഞ്ഞ് കാണാൻ തക്ക എടുപ്പോടെ നിൽക്കുന്ന പഞ്ഞി മിഠായി കാണാൻ തന്നെ അഴകാണ്. ഇപ്പോഴും കുഞ്ഞുങ്ങളുടെ ഇഷ്ട മധുരം തന്നെയാണ് പഞ്ഞി മിഠായി. എന്നാൽ നമ്മുടെ കുഞ്ഞുങ്ങൾ കഴിക്കുന്നത് കൊടിയ വിഷമാണെന്നതിനെ കുറിച്ച് എത്ര പേർ ബോധാവാന്മാരാണ് ? ഇന്നലെ തമിഴ്‌നാട്ടിൽ പഞ്ഞിമിട്ടായിയുടെ വിൽപ്പന നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങിയതോടെയാണ് പഞ്ഞി മിഠായിയിൽ ഒളിഞ്ഞിരിക്കുന്ന വില്ലനെ കുറിച്ച് അറിയുന്നത്. ( harmful effects of cotton candy )

ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് തമിഴ്‌നാട്ടിൽ പഞ്ഞിമിഠായിയുടെ വിൽപ്പന നിരോധിച്ചത്. തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യനാണ് പഞ്ഞിമിഠായിയുടെ വിൽപ്പന നിരോധിച്ചതായി അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ ബീച്ചുകളിലും പാർക്കുകളിലും മറ്റും വിൽക്കുന്ന പഞ്ഞിമിഠായിയുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വകുപ്പ് ക്യാൻസറുണ്ടാക്കുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.

പഞ്ഞിമിഠായിയിൽ ചേർക്കുന്ന നിറത്തിലടങ്ങിയിരിക്കുന്ന റോഡമിൻ ബി എന്ന രാസവസ്തുവാണ് ക്യാൻസറുണ്ടാകാൻ കാരണമാകുന്നത്. റോഡമിൻ ബി ഭക്ഷണണത്തിൽ ഉൾപ്പെടുത്തുന്നത് 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം കുറ്റകരമാണെന്നും തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി. മുൻപ് ഭക്ഷ്യസുരക്ഷാ വകുപ്പ് മെറീന ബീച്ചിൽ നടത്തിയ റെയ്ഡിലാണ് അപകടകാരിയായ രാസവസ്തു അടങ്ങിയ പഞ്ഞിമിഠായികൾ പിടിച്ചെടുത്തത്.

Read Also : ‘ചൂട് കൂടും, നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യത’; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

യു എസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വെബ്‌സൈറ്റ് അപകടകാരിയായി വിലയിരുത്തിയ രാസവസ്തുവാണ് റോഡമിൻ ബി. ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കുന്ന ഫുഡ് കളറന്റാണ് ഇത്. മുളകുപൊടിയിലും മറ്റും വളരെ ചെറിയ അളവിൽ റോഡിമിൻ ബി ഉപയോഗിക്കുന്നതായി കാണപ്പെടാറുണ്ട്. റോഡമിൻബിയുടെ ദീർഘകാലത്തെ ഉപയോഗം ശരീരകോശങ്ങൾ നശിക്കാൻ കാരണമാകും. റോഡിമിൻ ശരീരത്തിൽ പ്രവേശിക്കുന്നതോടെ ഈ രാസവസ്തു കോശങ്ങളിൽ ഓക്‌സിഡേറ്റിവ് സ്‌ട്രെസ് ഉണ്ടാക്കും. പിന്നാലെ കരളിന്റെ പ്രവർത്തനം താളംതെറ്റുകയും, ക്യാൻസറിന് വരെ കാരണമാവുകയും ചെയ്യും. ഒപ്പം, തലച്ചോറിലെ സെറിബെല്ലം കോശങ്ങളിലും ബ്രെയിൻ സ്‌റ്റെമ്മിലും അപോപ്‌റ്റോസിസിന്റെ വേഗത കൂട്ടുകയും ചെയ്യും.

ശരീരത്തിന്റെ ചലനം, കൃത്യത എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്ന ഭാഗമാണ് തലച്ചോറിലെ സെറിബെല്ലം. അതുകൊണ്ടുതന്നെ സെറിബെല്ലത്തിലെ കോശങ്ങൾ നശിക്കുന്നതോടെ, നടക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, ശരീരം വിറയ്ക്കുക, കൈകാൽ വേദന എന്നിവയെല്ലാം ഉണ്ടാകും. തലച്ചോറിന്റെ താഴെയായി നട്ടെല്ലിനെ ബന്ധിപ്പിക്കുന്ന ഭാഗമാണ് ബ്രെയിൻ സ്റ്റെം. ഉറങ്ങുകഉറങ്ങിയുണരുക ഈ പ്രക്രിയ, ശ്വസനഹൃദയ സംബന്ധമായ നിയന്ത്രണങ്ങൾ, സെറിബ്രംസെറിബെല്ലംനട്ടെല്ല് ഇവ തമ്മിലുള്ള ആശയവിനിമയം എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ബ്രെയിൻ സ്റ്റെം ആണ്. റോഡമൈൻ ബി ശരീരത്തിൽ എത്തുന്നതോടെ ഈ പ്രവർത്തനം മൊത്തം അവതാളത്തിലാകും.

റോഡമിൻ ബിയുടെ സാന്നിധ്യത്തിന്റെ പേരിൽ പോണ്ടിച്ചേരിയിലും പഞ്ഞിമിഠായിയുടെ വിൽപ്പന നിരോധിക്കാൻ ലഫ്റ്റനന്റ് ഗവർണര് തമിഴിസൈ സൗന്ദർരാജൻ മുൻപ് ഉത്തരവിട്ടിരുന്നു.

Story Highlights: harmful effects of cotton candy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here