Advertisement

ചൂട് കൂടുന്നു ! സൂര്യാഘാതത്തിന്റെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…

February 20, 2024
Google News 2 minutes Read
rise in temperature in kerala sunburn symptoms
  • രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്നു മണി വരെയാണ് ഏറ്റവുമധികം സൂര്യാഘാത സാധ്യത

  • പത്തു വയസ്സിൽ താഴെയും അറുപതു വയസ്സിനു മുകളിലുമുള്ളവർക്കാണ് സൂര്യാഘാത സാധ്യത ഏറ്റവും കൂടുതൽ

മാർച്ച് മാസമാകുന്നതിനു മുമ്പു തന്നെ കേരളത്തിൽ താപനില കൂടി വരികയാണ്. സൂര്യാഘാതത്തിനുള്ള സാധ്യതകളിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്. എന്താണ് സൂര്യാഘാതമെന്നും സൂര്യാഘാതം വരാതിരിക്കാൻ എന്തു ചെയ്യണമെന്നും സൂര്യാഘാതം വന്നാൽ ചെയ്യേണ്ടതെന്തൊക്കെയെന്നും അറിയാം. ( rise in temperature in kerala sunburn symptoms )

എന്താണ് സൂര്യാഘാതം ?

അന്തരീക്ഷതാപം ഒരു പരിധിയിലപ്പുറം ഉയർന്ന് ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ശരീരത്തിന്റെ പല പ്രവർത്തനങ്ങളും തകരാറിലാകുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. സൂര്യപ്രകാശം ഏറ്റവും കടുത്ത അവസ്ഥയിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്നു മണി വരെയാണ് ഏറ്റവുമധികം സൂര്യാഘാത സാധ്യത. പത്തു വയസ്സിൽ താഴെയും അറുപതു വയസ്സിനു മുകളിലുമുള്ളവർക്കാണ് സൂര്യാഘാത സാധ്യത ഏറ്റവും കൂടുതൽ. ചികിത്സിച്ചില്ലെങ്കിൽ തലച്ചോറും ഹൃദയവും വൃക്കകളും പേശികളും തകരാറിലാകാനുള്ള സാധ്യതയുണ്ട്. മരണം വരെ സംഭവിക്കാം.

ലക്ഷണങ്ങൾ

ഉയർന്ന ശരീരോഷ്മാവ്, ശരീരത്തിൽ ചുവന്ന പാടുകൾ, അതികഠിനമായ തലവേദന, തലകറക്കം, ചുഴലിരോഗലക്ഷണങ്ങൾ, ഉയർന്ന നാഡിമിടിപ്പ്, ബോധക്ഷയം, ഓക്കാനം, പേശിമുറുകൽ, അമിതമായ ദാഹം, കുഴഞ്ഞുവീഴൽ, അതികഠിനമായ തളർച്ച, ശരീരത്തിൽ പൊള്ളലേറ്റ പോലുള്ള കുമിളകൾ എന്നിവയൊക്കെയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

സൂര്യാഘാതമേറ്റാൽ എന്ത് ചെയ്യണം ?

സൂര്യാഘാതമേറ്റ വ്യക്തിയെ ഉടനടി തന്നെ തണലിലേക്ക് മാറ്റണം. വെള്ളം ധാരാളം നൽകണം. ഇളനീര്, നാരങ്ങാവെള്ളം എന്നിവയും നൽകാം. ഇറുകിയ വേഷങ്ങളാണെങ്കിൽ അവ അയച്ചിടണം, ശരീരത്തിൽ വെള്ളം തളിക്കണം, നനഞ്ഞ തുണി ശരീരത്തിലിടാം. ശരീരം തണുപ്പിക്കാൻ ഐസും ഉപയോഗിക്കാം. ബോധം പോയ അവസ്ഥയിൽ വെള്ളം കൊടുക്കാൻ ശ്രമിക്കരുത്. ആളെ ഇടതുവശത്തേക്ക് ചെരിച്ചു കിടത്തുകയാണ് നല്ലത്.

പ്രതിരോധം

സൂര്യാഘാതത്തെ പ്രതിരോധിക്കാനായി ചില മുൻകരുതലുകൾ എടുക്കുന്നത് നന്നായിരിക്കും. നിർജലീകരണം ഒഴിവാക്കാൻ ദിവസവും എട്ടു മുതൽ പത്തു ഗ്ലാസ് വെള്ളം കുടിക്കണം, രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ പുറത്ത് തൊഴിലെടുക്കുന്നത് ഒഴിവാക്കണം, സൺ പ്രൊട്ടക്ഷൻ ഫാക്ടർ മുപ്പതിനുമേലുള്ള സൺ സ്‌ക്രീനുകൾ ഉപയോഗിക്കണം, അയഞ്ഞ, ഇളം നിറമുള്ള പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കുക, കുട ഉപയോഗിച്ചു മാത്രമേ പുറത്തിറങ്ങാവൂ, ഫാൻ, എ സി എന്നിവ വീട്ടിൽ ഉപയോഗിക്കണം, വായു സഞ്ചാരമുണ്ടാകാൻ ജനാലകൾ തുറന്നിടണം, ചായ, കാപ്പി, മദ്യം എന്നിവ ഒഴിവാക്കണം.

സൂര്യാഘാതമുണ്ടാകാതെ നോക്കുന്നതാണ് ഏറ്റവും നന്ന്, ഉണ്ടായാൽ പ്രാഥമിക ചികിത്സയ്ക്കുശേഷം സമയം കളയാതെ വൈദ്യസഹായം തേടുകയും വേണം.

Story Highlights: rise in temperature in kerala sunburn symptoms

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here