Advertisement

ആലപ്പുഴയിലെ 13കാരന്റെ ആത്മഹത്യ; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ

February 23, 2024
Google News 1 minute Read
alappuzha child suicide 3 teacher suspension

ആലപ്പുഴയിലെ 13കാരന്റെ ആത്മഹത്യയിൽ മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ. ചൈൽഡ് വെൽഫയർ കമ്മറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പൊലീസ് സ്കൂളിലെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു. വിശദമായ അന്വേഷണത്തിന് എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു. ആത്മഹത്യാ പ്രേരണ ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു.

കാട്ടൂർ ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥി, മനോജ്-മീര ദമ്പതികളുടെ മകൻ എഎം പ്രജിത്ത് കഴിഞ്ഞ 15 നാണ് കാട്ടൂർ വീട്ടിൽ തൂങ്ങിമരിച്ചത്. പിടി അധ്യാപകന്റെ ശിക്ഷാനടപടിയിൽ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് ആരോപണം.

സ്‌കൂളിലെ അവസാന പിരീയഡിന് വൈകിയെത്തിയ പ്രജിത്തിനെയും മറ്റൊരു സഹപാഠിയെയും സ്‌കൂളിലെ തന്നെ പിടി അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരല്‍ കൊണ്ട് തല്ലുകയും ചെയ്തു എന്നാണ് സഹപാഠികള്‍ പറയുന്നത്. സ്‌കൂളിലെ ജനലിനോട് ചേര്‍ത്തുനിര്‍ത്തിയശേഷം കായികാധ്യാപകന്‍ ചൂരലുകൊണ്ട് മര്‍ദ്ദിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥി വീട്ടിലെത്തി ജീവനൊടുക്കിയത്. സഹപാഠി തലകറങ്ങി വീണപ്പോള്‍ വെള്ളം നല്‍കാന്‍ പോയ വിദ്യാര്‍ത്ഥിയെയാണ് അധ്യാപകന്‍ മര്‍ദ്ദിച്ചത്.

കടുത്ത മനോവിഷമത്തിലായിരുന്നു സ്‌കൂള്‍ വിട്ട ശേഷം പ്രജിത്ത് വീട്ടിലേക്ക് എത്തിയതെന്ന് സഹപാഠികള്‍ പറയുന്നു. മൂത്ത സഹോദരന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പ്രണവ് സ്‌കൂളില്‍ നിന്ന് വന്നപ്പോള്‍ ഇളയ സഹോദരന്‍ സ്‌കൂള്‍ യൂണിഫോമില്‍ തൂങ്ങി നില്‍ക്കുന്നതാണ് കാണുന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Story Highlights: alappuzha child suicide 3 teacher suspension

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here