‘ഞാൻ മലാലയല്ല, എനിക്ക് മാതൃരാജ്യത്ത് നിന്ന് ഓടിപ്പോകേണ്ടിവരില്ല’: ബ്രിട്ടീഷ് പാർലമെൻ്റിൽ കശ്മീരി മാധ്യമപ്രവർത്തക

ഇന്ത്യയ്‌ക്കെതിരായ കുപ്രചരണത്തിനെതിരെ ബ്രിട്ടീഷ് പാർലമെൻ്റ് മന്ദിരത്തിൽ ശക്തമായി ആഞ്ഞടിച്ച് കശ്മീരി മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ യാന മിർ. താൻ മലാല യൂസഫ്‌സായി അല്ല. തനിക്ക് മാതൃരാജ്യത്ത് നിന്ന് ഓടിപ്പോകേണ്ടിവരില്ലെന്നും ഇന്ത്യയിൽ താൻ സുരക്ഷിതയാണെന്നും മിർ. ജമ്മു കശ്മീർ സ്റ്റഡി സെൻ്റർ യുകെ (ജെകെഎസ്‌സി) ബ്രിട്ടീഷ് പാർലമെൻ്റ് മന്ദിരത്തിൽ സംഘടിപ്പിച്ച “സങ്കൽപ് ദിവസ്” പരിപാടിയിൽ സംസാരിക്കുകയായിരുന്നു യാന.
“ഞാൻ മലാല യൂസഫ്‌സായി അല്ല. കാരണം എനിക്ക് ഒരിക്കലും എൻ്റെ മാതൃരാജ്യത്ത് നിന്ന് ഓടിപ്പോകേണ്ടിവരില്ല. എൻ്റെ രാജ്യമായ ഇന്ത്യയിൽ, ഇന്ത്യയുടെ ഭാഗമായ കശ്മീരിലെ എൻ്റെ വീട്ടിൽ ഞാൻ സുരക്ഷിതയും സ്വതന്ത്രയുമാണ്…”- കാശ്മീരിലെ ആദ്യത്തെ വനിതാ വ്ലോഗർ കൂടിയായ യാന മിർ പറഞ്ഞു. “എൻ്റെ മാതൃരാജ്യത്തെ, അനുദിനം പുരോഗമിക്കുന്ന എൻ്റെ രാജ്യത്തെ, മലാല ‘അടിച്ചമർത്തപ്പെട്ടവർ’ എന്ന് വിളിച്ച് അപകീർത്തിപ്പെടുത്തിയതിനെ ഞാൻ എതിർക്കുന്നു”- മിർ കൂട്ടിച്ചേർത്തു.
“ഒരിക്കൽ പോലും ഇന്ത്യൻ കശ്മീർ സന്ദർശിക്കാൻ താൽപ്പര്യപ്പെടാത്ത, ശീതീകരിച്ച മുറികളിലിരുന്ന് ‘അടിച്ചമർത്തൽ’ കഥകൾ കെട്ടിച്ചമയ്ക്കുന്ന സോഷ്യൽ മീഡിയയിലെയും വിദേശ മാധ്യമങ്ങളിലെയും ടൂൾകിറ്റ് അംഗങ്ങളെ ഞാൻ എതിർക്കുന്നു..മതത്തിൻ്റെ പേരിൽ ഇന്ത്യക്കാരെ ധ്രുവീകരിക്കുന്നത് അവസാനിപ്പിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, ഞങ്ങളെ തകർക്കാൻ നിങ്ങളെ ഞങ്ങളെ അനുവദിക്കില്ല. യുകെയിലും പാകിസ്ഥാനിലും താമസിക്കുന്ന കുറ്റവാളികൾ എൻ്റെ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു”- യാന മിർ പറഞ്ഞു.
യാന മിറിൻ്റെ തീപ്പൊരി പ്രസംഗത്തിൻ്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Story Highlights: ‘I am not Malala, I am safe in my country’: Kashmiri activist’s UK speech goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here