മുഷിഞ്ഞ വസ്ത്രം ധരിച്ച കർഷകന് യാത്ര നിഷേധിച്ച് ബെംഗളൂരു മെട്രോ; വൻ പ്രതിഷേധം, ഉദ്യോഗസ്ഥനെ പുറത്താക്കി

കർഷകനെ അപമാനിച്ച് ബെംഗളൂരു മെട്രോ ഉദ്യോഗസ്ഥർ. മുഷിഞ്ഞ വസ്ത്രം ധരിച്ചുവെന്ന് ചൂണ്ടിക്കാട്ടി വയോധികനായ കര്‍ഷകന് മെട്രോയിൽ യാത്ര നിഷേധിച്ചു. രാജാജിനഗർ മെട്രോ സ്റ്റേഷനിലെത്തിയ കര്‍ഷകനെയാണ് വസ്ത്രത്തിന്റെ പേരില്‍ ജീവനക്കാര്‍ അപമാനിച്ച് മാറ്റിനിര്‍ത്തിയത്. സംഭവത്തിൽ വൻപ്രതിഷേധം ഉയർന്നതോടെ ഒരു ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു.
മുണ്ടും വെള്ള ഷർട്ടും ധരിച്ച്, ചാക്ക് തലയില്‍ ചുമന്നായിരുന്നു കര്‍ഷകനെത്തിയത്. ടിക്കറ്റ് ഉണ്ടായിരുന്നിട്ടും സെക്യൂരിറ്റി ചെക്ക് പോയിൻ്റിൽ ഹിന്ദി സംസാരിക്കുന്ന കർഷകനെ തടഞ്ഞുവെയ്ക്കുകയായിരുന്നു. എന്നാൽ കർഷകനെ തടഞ്ഞതിൻ്റെ കാരണം ഉദ്യോഗസ്ഥർ വിശദീകരിക്കാത്തതിനെ തുടർന്ന് മറ്റ് യാത്രക്കാർ രംഗത്തെത്തി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. എന്തിനാണ് കർഷകനെ തടഞ്ഞതെന്ന് ചോദിച്ച് ചില യാത്രക്കാർ ഉദ്യോഗസ്ഥരോട് കയർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഡ്രസ്സ് കോഡ് പാലിക്കാൻ ഇത് വിവഐപി സർവീസ് അല്ല, പബ്ലിക് ട്രാൻസ്പോർട്ട് ആണെന്നും ഇവർ ഉദ്യോഗസ്ഥരോട് വിളിച്ചുപറയുന്നുണ്ട്. വിഐപികള്‍ക്കും നല്ല വസ്ത്രമണിയാന്‍ പറ്റുന്നവര്‍ക്കും മാത്രമുള്ളതാണോ മെട്രോ സര്‍വീസ്? കര്‍ഷകന്‍ ടിക്കറ്റ് എടുത്താണ് യാത്രയ്‌ക്കെത്തിയതെന്നും സഹയാത്രികര്‍ അധികൃതരെ ഓര്‍മിപ്പിച്ചു.
UNBELIEVABLE..! Is metro only for VIPs? Is there a dress code to use Metro?
— Deepak N (@DeepakN172) February 24, 2024
I appreciate actions of Karthik C Airani, who fought for the right of a farmer at Rajajinagar metro station. We need more such heroes everywhere. @OfficialBMRCL train your officials properly. #metro pic.twitter.com/7SAZdlgAEH
സഹ യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ കർഷകനെ മെട്രോയിൽ കയറ്റി. സംഭവം വലിയ വിവാദമായതോടെ ഒരു സെക്യൂരിറ്റി സൂപ്പർവൈസറെ പിരിച്ചുവിട്ടു. കർഷകനുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും ബിഎംആർസിഎൽ പ്രതികരിച്ചു. “നമ്മ മെട്രോ ഒരു പൊതുഗതാഗത സംവിധാനമാണ്. രാജാജിനഗർ സംഭവം അന്വേഷിക്കുകയും സുരക്ഷാ സൂപ്പർവൈസറെ പിരിച്ചുവിടുകയും ചെയ്തു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ബിഎംആർസിഎൽ ഖേദിക്കുന്നു”- നമ്മ മെട്രോ അറിയിച്ചു.
Story Highlights: Farmer denied entry in Bengaluru metro over ‘shabby clothes’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here