‘കൂടെയുള്ളവരെയെല്ലാം ചിരിപ്പിച്ചു പോയ ഇന്നസെന്റ് ചേട്ടൻ മരിക്കാത്ത ഓർമ്മയാണ്, വീണ്ടും പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയി’: വി എസ് സുനിൽകുമാർ

ഓരോ സന്ദർഭങ്ങളിലും കൂടെയുള്ളവരെയെല്ലാം ചിരിപ്പിച്ചു പോയ ഇന്നസെന്റ് ചേട്ടൻ മരിക്കാത്ത ഓർമ്മയാണെന്ന് വി എസ് സുനിൽകുമാർ. അദ്ദേഹത്തിന്റെ ഓർമ്മകൾ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ സോണറ്റ് പങ്കുവെച്ചപ്പോൾ തന്നെ വീണ്ടും പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയെന്നും വി എസ് സുനിൽ കുമാർ പറഞ്ഞു.
ഇന്നലെ ഇന്നസെന്റിന്റെ ജന്മദിനത്തില്‍ മകന്‍ സോണറ്റ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പും ചിത്രവുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. തുടർന്നാണ് ഫേസ്ബുക്ക് കുറിപ്പുമായി സുനിൽകുമാർ രംഗത്തെത്തിയത്.
”ഇന്നസെന്റ് ചേട്ടന്റെ പിറന്നാളാണെന്ന് ഇന്നലെ സോണറ്റിന്റെ പോസ്റ്റ് കണ്ടപ്പോഴാണ് അറിഞ്ഞത്. ആ പടം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. കാരണം തൃശ്ശൂർ അസംബ്ലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ എന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത് അന്ന് എംപി ആയിരുന്ന സഖാവ് ഇന്നസെന്റ് ചേട്ടൻ ആയിരുന്നു .
കൈപ്പമംഗലത്ത് ഞാൻ എംഎൽഎ ആയിരുന്ന സമയത്ത് ഇന്നസെന്റ് ചേട്ടന്റെ തെരഞ്ഞെടുപ്പ് പ്രവർത്തന സമയത്ത് കൈപ്പമംഗലം മണ്ഡലത്തിലെ ഓരോ പ്രചാരണ പരിപാടിയിലും മുക്കിലും മൂലയിലും ഞങ്ങൾ ഒന്നിച്ചായിരുന്നു. എന്റെ ജീവിതത്തിലെ ഇലക്ഷൻ പ്രവർത്തനം ഇത്രയും സർഗ്ഗാത്മകവും മനസ്സിൽ മറക്കാൻ പറ്റാത്ത ചിരി ഓർമ്മകളും ഉണ്ടാക്കി തന്നിട്ടുള്ള ഒരു ഇലക്ഷൻ പ്രചാരണം ആയിരുന്നു.
അതെല്ലാം കാൻസർ ബാധിച്ചിരിക്കുന്ന സമയത്താണ് അദ്ദേഹം പ്രചരണ വണ്ടിയിലൂടെ ഉടനീളം സഞ്ചരിച്ചുകൊണ്ടിരുന്നത്. ഓരോ സന്ദർഭങ്ങളിലും കൂടെയുള്ളവരെയെല്ലാം ചിരിപ്പിച്ചു പോയ ഇന്നസെന്റ് ചേട്ടൻ മരിക്കാത്ത ഓർമ്മയാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ സോണറ്റ് പങ്കുവെച്ചപ്പോൾ എന്നെ വീണ്ടും പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയി”- വി എസ് സുനിൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: V S Sunilkumar About Memories on Innocent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here