രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കില്ല; റായ്ബറേലി പരിഗണനയിൽ

സിറ്റിംഗ് സീറ്റായ വയനാട് ഉപേക്ഷിക്കാൻ രാഹുൽഗാന്ധി തീരുമാനിച്ചതായി വിവരം. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് രാഹുൽ ഗാന്ധി പരിഗണിക്കുന്നു. എവിടെ മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം രാഹുൽഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.
വയനാട് ലോക്സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാന്‍ രാഹുലിന്റെ സ്ഥാനാർഥിത്വം സഹായിക്കുമെന്ന് കോൺഗ്രസ് കരുതുന്നു.
ഇൻഡ്യാ മുന്നണിയുടെ ഭാഗമായ പാർട്ടിയുടെ സ്ഥാനാർഥിയോട് മത്സരിക്കുന്നതിന് പകരം ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടാനാണ് രാഹുല്‍ ഗാന്ധി മുന്‍ഗണ നല്കുന്നതെന്നാണ് വിവരം. കർണാടകയിലെയും തെലങ്കാനയിലെയും ചില സീറ്റുകള്‍ പരിഗണനയിലുണ്ടെന്ന വാർത്തകൾ വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് മത്സരിച്ചേക്കാമെന്ന വിവരം പുറത്തുവരുന്നത്. ഇതോടെ ഇത്തവണ വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള സാധ്യത കുറഞ്ഞു. അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേതായിരിക്കും.
രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ പകരം ആരായിരിക്കും എന്ന ചർച്ചകളും കോണ്ഗ്രസിനകത്ത് തുടങ്ങിയിട്ടുണ്ട്. മണ്ഡലം രൂപീകരണത്തിന് ശേഷമുള്ള ആദ്യ രണ്ട് തെരഞ്ഞെടുപ്പിലും കോൺഗ്രസ് നേതാവ് എം.ഐ. ഷാനാവാസാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2019ല്‍ ടി. സിദ്ധീഖിനെയാണ് സ്ഥാനാർഥിയായി ആദ്യം തീരുമാനിച്ചതെങ്കിലും രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചതോടെ സിദ്ധീഖ് പിന്മാറുകയിരുന്നു.
Story Highlights: Rahul Gandhi may contest from Raebareli Uttar Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here