Advertisement

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍; ക്രിമിനല്‍ ഗൂഢാലോചന കുറ്റം കൂടി ചുമത്തി

March 4, 2024
Google News 3 minutes Read
More offenses against SFI leaders in Sidharth's death case

പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ ഗൂഢാലോചന കുറ്റം കൂടി ചുമത്തി. വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥനെ തിരിച്ചുവിളിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുതര വകുപ്പായ ഗൂഢാലോചന കുറ്റം കൂടി പ്രതികള്‍ക്കെതിരെ ചുമത്താന്‍ തെളിവുണ്ടെന്ന് പൊലീസ് അറിയിച്ചു. (More offenses against SFI leaders in Sidharth’s death case)

മര്‍ദ്ദനം, തടഞ്ഞു വെക്കല്‍, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ ചുമത്തിയിരുന്നത്. സിദ്ധാര്‍ത്ഥനെ മര്‍ദിച്ചതിനും കൃത്യമായ ആസൂത്രണമുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. കേസില്‍ 18 പ്രതികളും പിടിയിലായിരുന്നു. കൂടാതെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥന്‍ എറണാകുളത്ത് നിന്ന് മടങ്ങിയെത്തിയതിന് ശേഷം 16ന് പകല്‍ ഹോസ്റ്റലില്‍ തങ്ങി. സ്പോര്‍ട്സ് ഡേ ആയതിനാല്‍ ഹോസ്റ്റലില്‍ ആരും ഉണ്ടായിരുന്നില്ല. രാത്രി ഒന്‍പതുമണിയോടെ സിദ്ധാര്‍ത്ഥനെ കുന്നിന് സമീപത്തേക്ക് കൊണ്ടുപോയി. ഡാനിഷും രഹാന്‍ ബിനോയിയും അല്‍ത്താഫും ചേര്‍ന്നാണ് സിദ്ധാര്‍ത്ഥനെ കുന്നിന് സമീപത്തേക്ക് കൊണ്ടുപോയത്.

Read Also : ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി

കുന്നിന് സമീപത്ത് വെച്ച് സഹപാഠിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മര്‍ദിച്ചു. ഒരു മണിക്കൂറോളം ചോദ്യം ചെയ്യലും മര്‍ദനവും നീണ്ടതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെത്തിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഹോസ്റ്റലിലെ 21-ാം നമ്പര്‍ മുറിയില്‍ എത്തിച്ച് ചോദ്യം ചെയ്യലും മര്‍ദനവും തുടര്‍ന്നു. ഇവിടെവെച്ച് ഗ്ലൂഗണ്‍ വയര്‍ ഉപയോഗിച്ച് സിന്‍ജോ ജോണ്‍സണ്‍ നിരവധി തവണ സിദ്ധാര്‍ത്ഥനെ അടിച്ചു.

തുടര്‍ന്ന് സിദ്ധാര്‍ത്ഥന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റി മര്‍ദിച്ചു. പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്തേക്ക് അടിവസ്ത്രത്തില്‍ സിദ്ധാര്‍ത്ഥനെ എത്തിച്ചു. പുലര്‍ച്ചെ ഒന്നേമുക്കാല്‍ മണിക്കൂര്‍ വരെ മര്‍ദനം നീണ്ടു. മുറിയില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളെ തട്ടിവിളിച്ച് മര്‍ദിക്കുന്നത് കാണാന്‍ വിളിച്ചു. ഏറ്റവും സീനിയറായ വിദ്യാര്‍ത്ഥി കട എന്ന അഖില്‍ പുലര്‍ച്ചെ എത്തിയപിന്നാലെ സിദ്ധാര്‍ത്ഥനെ ഒറ്റയടി അടിച്ചു. തുടര്‍ന്ന് ആളുകളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും സഹപാഠികളോട് സിദ്ധാര്‍ത്ഥനെ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ക്രൂരമായ വേട്ടയാടലില്‍ മനംനൊന്താണ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.

Story Highlights: More offenses against SFI leaders in Sidharth’s death case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here