എത്ര രക്തസാക്ഷികൾ ഉണ്ടായാൽ സർക്കാരിന്റെ കണ്ണ് തുറക്കും, വന്യജീവി ആക്രമണത്തിന് പരിഹാരം കാണണം; മാത്യു കുഴൽനാടൻ

വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്നും എത്ര രക്തസാക്ഷികൾ ഉണ്ടായാൽ സർക്കാരിന്റെ കണ്ണ് തുറക്കുമെന്നും മാത്യു കുഴൽനാടൻ. ഏറെ ദുഃഖകരമായ രണ്ട് വാർത്തകൾ കൂടി വന്നിരിക്കുകയാണ്. മറ്റെല്ലാ കാര്യങ്ങളും മാറ്റി നിർത്തി സർക്കാർ വന്യ ജീവി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ ഇന്ന് രണ്ടു മരണം കൂടിയാണ് സംഭവിച്ചത്. കോഴിക്കോടും തൃശൂരുമാണ് വന്യജീവി ആക്രമണം ഉണ്ടായത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം (62) ആണ് മരിച്ചത്. തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തൃശ്ശൂർ വാച്ച്മരത്തെ ഊരു മൂപ്പൻ രാജന്റെ ഭാര്യ വത്സയും (62) മരിച്ചു.
കൃഷിയിടത്തിൽവെച്ചാണ് അബ്രഹാമിനുനേരെ കാട്ടുപോത്തിൻറെ ആക്രമണമുണ്ടായത്. പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തൃശൂർ വാച്ച്മരത്ത് കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയാണ് വത്സയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. പെരിങ്ങൽക്കുത്തിൽ വെച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്.
ഓടിയെത്തിയ ആനയെക്കണ്ട് ഓടിമാറാൻ വത്സയ്ക്ക് കഴിഞ്ഞിരുന്നില്ല. അടുത്തേക്ക് ഓടിയെത്തിയ ആന തുമ്പി കൈകൊണ്ട് വത്സയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. രക്തം വാർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. കാട്ടിൽ നിന്ന് പുറത്തേക്കെത്തിച്ച് ജീപ്പിൽ ആണ് വത്സയെ ആശുപത്രിയിലേക്ക് മാറ്റാൻ നടപടി ഉണ്ടായത്. എന്നാൽ വഴിമധ്യേ വത്സ മരിച്ചിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here