‘സിദ്ധാര്‍ത്ഥന്റേത് ആത്മഹത്യയല്ല; ശുചിമുറിയില്‍ രണ്ട് SFIക്കാര്‍ കയറി’; ഗുരുതര വെളിപ്പെടുത്തലുമായി വൈത്തിരി പഞ്ചായത്തംഗം
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി വൈത്തിരി പഞ്ചായത്തംഗം ജ്യോതിഷ് കുാമര്‍. സിദ്ധാര്‍ത്ഥന്റേത് ആത്മഹത്യയല്ലെന്നും ആത്മഹത്യയാക്കി വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നും ജ്യോതിഷ് ട്വന്റിഫോറിനോട് പ്രതികരിച്ചു. ശുചിമുറിയില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയറിയെന്നും മറ്റൊരാള്‍ വാതില്‍ ചവിട്ടി പൊളിച്ചെന്നും പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി തന്നോട് വെളിപ്പെടുത്തിയെന്ന് ജ്യോതിഷ് കുമാര്‍ പറഞ്ഞു.
സിദ്ധാര്‍ത്ഥന്റെ മൃതദേഹം കാണാന്‍ പോയപ്പോള്‍ സിദ്ധാര്‍ത്ഥന്റെ കഴുത്തിലോ സമീപത്തോ തൂങ്ങി എന്നു പറഞ്ഞ മുണ്ട് കണ്ടില്ലെന്ന് പഞ്ചായത്തംഗം പറഞ്ഞു. ഇത് സിഐയോട് സൂചിപ്പിച്ചപ്പോള്‍ അത് പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ടില്‍ എവിടെയും വന്നില്ലെന്ന് ജ്യോതിഷ് പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ സ്‌ട്രെക്ചറില്‍ രക്തത്തിന്റെ അംശം കണ്ടെന്നും ചോദിച്ചപ്പോള്‍ വളരെ വേഗത്തില്‍ ആംബുലന്‍സില്‍ മൃതദഹേവുമായി പോയെന്ന് ജ്യോതിഷ് പറയുന്നു.
സിദ്ധാര്‍ത്ഥന്റേത് കൊലപാതകമാണെന്ന് തെളിയിക്കാതിരിക്കാന്‍ ശുചിമുറിയില്‍ കെട്ടിത്തൂക്കിയ ശേഷം ശുചിമുറിയില്‍ രണ്ടു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയറി വാതിലടച്ചു. പുറത്തുനിന്ന് അഞ്ചോളം എസ്എഫ്‌ഐക്കാര്‍ വാതില്‍ ചവിട്ടിപൊളിച്ചാണ് ആത്മഹത്യയാക്കി വരുത്തിത്തീര്‍ത്തത്. ഇത് പറഞ്ഞത് കോളജിലെ വിദ്യാര്‍ത്ഥികളാണെന്നും ജ്യോതിഷ് പറഞ്ഞു.
സിദ്ധാര്‍ത്ഥന്‍ വാ വിട്ട് കരയുന്നത് ഹോസ്റ്റലിന് താഴെയുള്ള ഫാം ഹൗസിലുള്ള തൊഴിലാളികള്‍ കേട്ടിരുന്നു. എന്നാല്‍ അങ്ങോട്ട് പോകാന്‍ ഒരു തൊഴിലാളിക്കും കഴിയില്ല. എസ്എഫ്‌ഐക്കാര്‍ തടയും. എസ്എഫ്‌ഐക്കാരുടെ ഗുണ്ടാകേന്ദ്രമാണ് അതെന്ന് ജ്യോതിഷ് പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ഉണ്ടായിരുന്നപ്പോള്‍ പ്രേമനൈരാശ്യമുണ്ടെന്ന് സംശയമുണ്ടെന്ന് ഡീന്‍ തന്നോട് പറഞ്ഞെന്ന് ജ്യോതിഷ് വെളിപ്പെടുത്തി.
Story Highlights: Vaithiri panchayat member with serious disclosure on Siddharth’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here