ആയുഷ് മേഖലയെ ഹെല്‍ത്ത് ഹബാക്കി മാറ്റും, സ്പോര്‍ട്സ് ആയുര്‍വേദത്തിന് പ്രാധാന്യം നൽകും; മന്ത്രി വീണാ ജോര്‍ജ്

ആയുഷ് മേഖലയെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിന് പുറത്ത് നിന്നും, വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേക ചികിത്സാ സൗകര്യങ്ങളൊരുക്കും. ആയുഷ് മേഖലയുടെ വികസനത്തിനായി 532 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 150 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള എന്‍.എ.ബി.എച്ച്. സര്‍ട്ടിഫിക്കറ്റ് വിതരണവും ആയുഷ് സോഫ്റ്റ് വെയറുകളുടെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആയുര്‍വേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിലേക്കായി പുതുതായി 116 തസ്തികകള്‍ സൃഷ്ടിച്ചു. ഹോമിയോപ്പതി വകുപ്പില്‍ പുതുതായി 40 മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചു. എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെന്‍സറികള്‍ സാധ്യമാക്കി. ഇത് കൂടാതെയാണ് മികച്ച സൗകര്യങ്ങളൊരുക്കി രാജ്യത്തിന് മാതൃകയായി 150 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കാനായതെന്നും മന്ത്രി പറഞ്ഞു.
സ്പോര്‍ട്സ് ആയുര്‍വേദത്തിന് വലിയ പ്രാധാന്യം നല്‍കുന്നു. സ്പോര്‍ട്സ് ആയുര്‍വേദത്തിന് വലിയ സാധ്യതകളും പ്രാധാന്യവുമാണുള്ളത്. ചികിത്സയ്ക്കും വെല്‍നസിനും പുറമേ ഗവേഷണത്തിനും ഉത്തരവാദിത്തമുണ്ട്. ആയുഷ് രംഗത്ത് സ്റ്റാന്റേഡൈസഷന്‍ കൊണ്ടുവരും. തെളിവധിഷ്ഠിത ഗവേഷണത്തിനായി കണ്ണൂരില്‍ ആയുര്‍വേദ ഗവേഷണ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കി വരികയാണ്.
സംസ്ഥാന ആയുഷ് മേഖലയെ സവിശേഷമായി കണ്ടുകൊണ്ടാണ് എന്‍എബിഎച്ചിനായി കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കേരളത്തിന്റെ ആയുര്‍വേദ രംഗം ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ആരോഗ്യ സംരക്ഷണത്തിന് കേരളത്തിന് പുറത്ത് നിന്നുള്ളവരെ എത്തിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തില്‍ നിന്നാണ് ഇതിലേക്ക് എത്തപ്പെട്ടത്.
കൃത്യമായ ഗുണനിലവാരത്തോടെ സേവനങ്ങള്‍ എത്തിക്കാന്‍ കഴിയണം. രാജ്യത്ത് ആദ്യമായി എന്‍എബിഎച്ച് മാനദണ്ഡമുണ്ടാക്കി ക്വാളിറ്റി ടീമുകള്‍ സജ്ജമാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. ആദ്യമായാണ് രാജ്യത്ത് ഇത്രയും ആയുഷ് സ്ഥാപനങ്ങള്‍ക്ക് ഒന്നിച്ച് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിച്ചത്.
സംസ്ഥാനത്ത് 600 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന മികവും പദ്ധതി നിര്‍വഹണ മേന്മയും കണക്കിലെടുത്ത് പുതുതായി 100 കേന്ദ്രങ്ങള്‍ കൂടി ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ എണ്ണം 700 ആകും. പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതി തയ്യാറാക്കി വരുന്നു.
വര്‍ക്കലയില്‍ ആധുനിക ആയുഷ് ചികിത്സാ കേന്ദ്രം സാധ്യമാക്കും. 14 ജില്ലകളിലും ഇതുപോലെയുള്ള ആശുപത്രികള്‍ സാധ്യമാക്കും. ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നല്‍കുന്നതിനാലാണ് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിച്ചത്. ആയുഷ് മേഖലയില്‍ ടെലിമെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തി. എന്‍എബിഎച്ച് കരസ്ഥമാക്കിയ എല്ലാ സ്ഥാപനങ്ങളേയും ആയുഷ് ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.
Story Highlights: Veena George about Sports Ayurveda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here