Advertisement

100 ശതമാനം വിജയമുറപ്പിക്കാൻ പരീക്ഷ എഴുതുന്നത് വിലക്കിയ സംഭവം; പരാതി ശരിയെന്ന് പ്രാഥമിക കണ്ടെത്തൽ

March 6, 2024
Google News 1 minute Read
palakkad exam complaint investigation

പാലക്കാട്‌ ഒലവക്കോട് വിദ്യാർത്ഥിയെ പരീക്ഷ എഴുതുന്നത് വിലക്കിയ സംഭവത്തിൽ റെയിൽവേ ഇന്റലിജൻസ് വിഭാഗം തെളിവെടുത്തു. മോഡൽ പരീക്ഷയിൽ മാർക്ക്‌ കുറവായതിനാൽ പൊതുപരീക്ഷ എഴുതിച്ചില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. കളക്ടർ എസ് ചിത്ര റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളിൽ വാങ്ങി വെച്ചിരുന്ന ഹാൾ ടിക്കറ്റ് വിദ്യാർത്ഥിക്ക് തിരികെ നൽകി.

മാർച്ച്‌ ഒന്നിന് നടന്ന ഫിസിക്സ് പരീക്ഷയാണ് വിദ്യാർത്ഥിക്ക് വിലക്കിയത്. വിജയശതമാനത്തെ ബാധിക്കും എന്ന് കരുതി പരീക്ഷ എഴുതിച്ചില്ലെന്നാണ് പരാതി. മോഡൽ എക്‌സാമിൽ പരാജയപ്പെട്ട ഫിസിക്‌സ് പരീക്ഷക്ക് എത്തിയപ്പോഴാണ് ഹാൾ ടിക്കറ്റ് തടഞ്ഞുവെച്ചത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ട്വന്റിഫോർ വാർത്തയെ തുടർന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി സി ശിവൻകുട്ടി പറഞ്ഞു. ഒരു കുട്ടിക്ക് പരീക്ഷ വീണ്ടും നടത്താനാകില്ല. പക്ഷേ നീതിനിഷേധം ഉണ്ടായിട്ടുണ്ടെങ്കിൽ ഇക്കാര്യം അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഒലവക്കോട് റെയിൽവേ ഹയർസെക്കണ്ടറി സ്‌കൂളിലാണ് സംഭവം. മോഡൽ പരീക്ഷയിൽ മാർക്ക് കുറവായതിനാൽ 100 ശതമാനം വിജയമെന്ന നേട്ടത്തിൽ നിന്ന് പുറകോട്ട് പോകേണ്ടി വരുമെന്ന ആശങ്കയിൽ, തന്നെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയെന്നാണ് വിദ്യാർത്ഥിയുടെ പരാതി. ഹാൾ ടിക്കറ്റ് വാങ്ങിക്കാൻ രക്ഷിതാവിനൊപ്പം എത്തിയപ്പോൾ അസഭ്യവാക്കുകൾ പറഞ്ഞെന്നും വിദ്യാർത്ഥി പറയുന്നു

മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെതുടർന്ന് പൊതുപരീക്ഷക്കായി നന്നായി പഠിച്ചിരുന്നതായാണ് വിദ്യാർത്ഥി പറയുന്നത്. ഇതോടെ ഇനി സേ പരീക്ഷ മാത്രമേ വിദ്യാർത്ഥിക്ക് എഴുതാനാകൂ. സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി 24നോട് പറഞ്ഞു. ലാബ് പരീക്ഷകൾക്കടക്കം ഉൾപ്പെടുത്തിയ ശേഷമാണ് വിദ്യാർത്ഥിയെ എഴുത്ത് പരീക്ഷയിൽ നിന്ന് മാറ്റിയത്. അതേസമയം വിഷയത്തിൽ സ്‌കൂളിന്റെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും അധികൃതർ പ്രതികരിക്കാൻ തയ്യാറായില്ല.

Story Highlights: palakkad exam complaint investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here