‘കോൺഗ്രസിന് ഭാവിയില്ല, എ.കെ ആൻ്റണിയുടെയും കെ കരുണാകരൻ്റെയും മക്കൾ ബിജെപിയിൽ ചേരുന്നത് ഈ തിരിച്ചറിവ് മൂലം’; വി മുരളീധരൻ
പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കോൺഗ്രസിലെ തമ്മിലടിയും തൊഴുത്തിൽ കുത്തും അഴിമതിയിലും മനം മടുത്താണ് പത്മജ വരുന്നത്. നരേന്ദ്ര മന്ത്രിയുടെ നേതൃത്വത്തിലാണ് ഇന്ത്യയ്ക്ക് ഭാവിയുള്ളതെന്ന തിരിച്ചറിവ് അവർക്കുണ്ട്. പത്മജയുമായുള്ള ചർച്ചയെക്കുറിച്ച് പറയേണ്ടത് താനല്ല, പറയാൻ ആഗ്രഹിക്കുന്നെങ്കിൽ പത്മജ വ്യക്തമാക്കട്ടെയെന്നും വി മുരളീധരൻ 24 നോട്.
കോൺഗ്രസ് കുടുംബത്തിൽ ജനിച്ചു വളർന്ന് കോൺഗ്രസിനെ അടുത്തറിഞ്ഞ ആളാണ് പത്മജ വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇനിയും തുടരുന്നത് ആന മണ്ടത്തരമാണെന്ന തിരിച്ചറിവ് അവർക്കുണ്ട്. എ.കെ ആൻ്റണിയുടെയും കെ കരുണാകരൻ്റെയും മാധവറാവു സിന്ധ്യയുടെയും ജിതേന്ദ്രപ്രസാദിൻ്റെയും മക്കൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനർത്ഥം കോൺഗ്രസിന് ഭാവിയില്ലെന്നാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ആശയങ്ങൾ കാലഹരണപ്പെട്ടു. വികസനത്തിന് മോദിയുടെ നേതൃത്വം അനിവാര്യമാണെന്ന് മനസ്സിലാക്കി, ഏത് പാർട്ടിയിൽ നിന്ന് ആരു വന്നാലും സർവ്വാത്മനാ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്മജയുടെ പേരുണ്ടോ എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടിയിൽ ചേരും. ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ സീറ്റ് രണ്ടക്കം ആയിരിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞത് വെറുതെയല്ലെന്നും വി മുരളീധരൻ.
Story Highlights: ‘Congress has no future’; V Muralidharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here