Advertisement

എങ്കിലുമെന്റെ പൊന്നേ… ഈ പോക്ക് ഇതെങ്ങോട്ട്?

March 8, 2024
Google News 2 minutes Read
Gold rate hiked march

ഈ മാസം തുടങ്ങിയതുമുതൽ വിലയുടെ കാര്യത്തിൽ അനുദിനം സ്വന്തം റെക്കോഡ് ഭേദിക്കുകയാണ് മഞ്ഞ ലോഹം. വെറും ഒരാഴ്ചയിൽ സ്വർണ വിലയിൽ രേഖപ്പെടുത്തിയത് അഞ്ച് ശതമാനത്തിലേറെ വർധനയാണ്. മാർച്ച് 1ന് 46,320 രൂപ ആയിരുന്നു ഒരു പവൻ സ്വർണത്തിന് വില. ഓരോ ദിവസവും വില കൂടിക്കൂടി പവന് ഇന്ന് 48,200 രൂപയിലെത്തി നിൽക്കുന്നു. ഈ മാസം തുടങ്ങി വെറും ഏഴ് ദിവസം കഴിഞ്ഞപ്പോഴേക്കും പവന് 1880 രൂപ കൂടി. മാർച്ചിലെ വില നിലവാരം ചുവടെ ചേർക്കുന്നു.

ഈ മാസം പവൻ വിലയിലുണ്ടായ വർധന

മാർച്ച് 1 : 46,320 രൂപ

മാർച്ച് 2 : 47,000 രൂപ

മാർച്ച് 3 : 47,000 രൂപ

മാർച്ച് 4 : 47560 രൂപ

മാർച്ച് 5 : 47560 രൂപ

മാർച്ച് 6 : 47760 രൂപ

മാർച്ച് 7: 48,080 രൂപ

മാർച്ച് 8: 48,200 രൂപ

പവന് 48,200 രൂപയാണെങ്കിലും ഒരു പവന്റെ ആഭരണം വാങ്ങണമെങ്കിൽ അൻപതിനായിരത്തിന് മുകളിൽ ചെലവാക്കണം. ഒരു പവന്റെ മാലയോ വളയോ വാങ്ങാൻ ജ്വല്ലറിയിൽ പോകുന്ന ഒരാൾ അന്നത്തെ വിപണി വിലയ്ക്കൊപ്പം പണിക്കൂലിയും ജി എസ് ടിയും കൂടി കൊടുത്താലേ ആഭരണം കയ്യിൽ കിട്ടൂ. താഴെക്കൊടുത്തിരിക്കുന്ന കണക്ക് നോക്കൂ. പത്ത് ശതമാനം പണിക്കൂലി ഉള്ള ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ രൂപ 54,610 എണ്ണിക്കൊടുക്കണം.

ഒരു പവൻ ആഭരണ രൂപത്തിൽ ലഭിക്കാൻ

ഇന്നത്തെ വില 48,200/-
പണിക്കൂലി 10% കണക്കാക്കിയാൽ 4,820/-
ജിഎസ്ടി 3% 1,590
/-

ആകെ 54,610/-

സ്വർണത്തിന് ഇങ്ങനെ വില കയറാൻ എന്തായിരിക്കും കാരണം ?

ഇങ്ങ് കൊച്ചുകേരളത്തിൽ പൊന്നിന് വില കൂടുന്നതിന് അങ്ങ് അമേരിക്കയിലെ പലിശ നിരക്കുമായി ബന്ധമുണ്ട്. ആഗോള തലത്തിൽ ഔൺസിന് 2,700 ഡോളറിന് മുകളിലായി. അതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും പൊന്നിന് പൊന്നുംവിലയായത്. അതെങ്ങനെയെന്നല്ലേ? പലിശ കൂടിയാൽ നിക്ഷേപങ്ങൾക്കും ബോണ്ടുകൾക്കും മികച്ച റിട്ടേൺ ലഭിക്കും. അപ്പോൾ നിക്ഷേപകർ സ്വർണത്തെ ഉപേക്ഷിക്കും. ബാങ്ക് നിക്ഷേപങ്ങളും ബോണ്ടുകളും വാങ്ങിക്കൂട്ടും. ഇനി പലിശ കുറഞ്ഞാലോ സ്വർണമാണ് സുരക്ഷിതമെന്ന് പറഞ്ഞ് ആളുകൾ സ്വർണത്തിൽ നിക്ഷേപിക്കാൻ തുടങ്ങും. ഇപ്പോഴും സംഭവിച്ചിരിക്കുന്നത് ഇത് തന്നെയാണ് .അമേരിക്കൻ ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമെന്ന ഊഹാപോഹം പരന്നുതുടങ്ങിയിട്ട് നാളുകളേറെയായി. ഇന്ത്യയിൽ റിസർവ് ബാങ്ക് പോലെ അമേരിക്കയിൽ അടിസ്ഥാന നിരക്കുകളും ധനനയവുമൊക്കെ നിശ്ചയിക്കുന്ന കേന്ദ്ര ബാങ്കാണ് ഫെഡറൽ റിസർവ്. ആ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ നിയമ നിർമാണ സഭയിലൊരു പ്രസ്താവന നടത്തി. ഈ വർഷം തന്നെ നിരക്ക് കുറയാൻ സാധ്യതയുണ്ടെന്ന സൂചന ആ പ്രസംഗത്തിലുണ്ടായിരുന്നു. തൊട്ടു പിന്നാലെ അമേരിക്കൻ ബോണ്ടുകളുടെ ആദായ നിരക്കും ഡോളർ സൂചികയും ഇടിഞ്ഞു. അവിടെ ആദായം കുറയുമെന്ന് തോന്നിയതോടെ ആളുകൾ സ്വർണത്തിലേക്ക് തിരിഞ്ഞു. കൂട്ടമായി അവർ സ്വർണ നിക്ഷേപത്തിലേക്ക് തിരിഞ്ഞതോടെ സ്വർണ വില കൂടാൻ തുടങ്ങി. സ്വർണമാണ് സുരക്ഷിതമെന്ന തോന്നൽ നിക്ഷേപകരിലുണ്ടാക്കാൻ പവലിന്റെ പ്രസ്താവനയ്ക്ക് കഴിഞ്ഞെന്ന് ചുരുക്കം. ഈ വില വർധന കുറേ നാളുകൾ കൂടി തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്.

അമേരിക്കയും സ്വർണ വിലയും തമ്മിൽ മറ്റൊരു ബന്ധം കൂടിയുണ്ട്. കുറച്ചുകൂടി തെളിച്ച് പറഞ്ഞാൽ ട്രംപും സ്വർണവുമായി ബന്ധമുണ്ട്. 2016 നവംബറിൽ ട്രംപ് വിജയിച്ച ദിവസം സ്വർണവില കുതിച്ചുകയറി. ഫലം വ്യക്തമായതോടെ സ്വർണം ഔൺസിന് 75 ഡോളർ കൂടി. പിന്നീട് വില കുറഞ്ഞെങ്കിലും. ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ടതോടെ സ്വർണ വില വീണ്ടും കൂടുമെന്ന വിലയിരുത്തലിലാണ് ഒരു വിഭാഗം വിദഗ്ധർ. അമേരിക്കയിലെന്ത് സംഭവിച്ചാലും സ്വർണ വില കൂടുന്നത് നിക്ഷേപകരുടെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കുമെങ്കിലും ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും,. കേരളത്തിൽ വിവാഹ സീസണാണ്.. സ്വർണം വാങ്ങാനിരിക്കുന്നവരുടെ ചങ്കിടിപ്പ് കൂട്ടുന്നതാണ് വിലക്കയറ്റക്കണക്കുകൾ.

Story Highlights: Gold rate hiked march prices

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here