Advertisement

‘വടകരയില്‍ ഷാഫി പറമ്പിലിനെ ബിജെപി സഹായിക്കും, പത്മജ പത്മം ചൂടിയത് യാദൃശ്ചികമല്ല’; മന്ത്രി എം ബി രാജേഷ് ട്വന്റി ഫോറിനോട്

March 9, 2024
Google News 2 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഷാഫി പറമ്പിലിനെ ബിജെപി സഹായിക്കുമെന്ന് മന്ത്രി എം ബി രാജേഷ് ട്വന്റി ഫോറിനോട്. വടകരയിൽ യുഡിഎഫിനെ സഹായിക്കുന്ന ബിജെപിക്ക് പാലക്കാട് സഹായം തിരിച്ചുനൽകും. ബിജെപിക്ക് ഒരു സാധ്യതയുമില്ലാത്ത മണ്ഡലത്തിൽ ജനപ്രതിനിധികളാണ് എൽഡിഎഫിൽ നിന്ന് മത്സരിക്കുന്നത്. ബിജെപിയെ സഹായിക്കാനാണ് കോൺഗ്രസ് ഇത്തവണ ശ്രമിക്കുന്നതെന്നും മന്ത്രി എം ബി രാജേഷ് ട്വന്റി ഫോറിനോട് പറഞ്ഞു.

വടകരക്ക് കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു സവിശേഷ സ്ഥാനമുണ്ട്. കോ ലീ ബി സഖ്യത്തിന്റെ പരീക്ഷണശാലയായിരുന്നു വടകരയും ബേപ്പൂരും. തൊണ്ണൂറ്റിഒന്നിലെ തെരഞ്ഞെടുപ്പിലാണ് വടകര പാർലമെന്റ് മണ്ഡലത്തിൽ കോ ലീ ബി സഖ്യത്തിന്റെ പൊതു സ്വതന്ത്ര സ്ഥാനാർഥിയായി അഡ്വ. രത്‌നസിങ് എൽ ഡി എഫ് സ്ഥാനാർഥി കെ പി ഉണ്ണികൃഷ്ണനെതിരെയും ബേപ്പൂരിൽ ഡോ. മാധവൻകുട്ടി സഖാവ് ടി കെ ഹംസക്കെതിരെയും മത്സരിച്ചത്. പരസ്യ സഖ്യം ജനങ്ങൾക്ക് തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

രണ്ടിടത്തും കോ ലീ ബി സംഖ്യത്തെ ജനങ്ങൾ തകർത്തു തരിപ്പണമാക്കി. ഇപ്പോൾ വടകര വീണ്ടും കോൺഗ്രസ്സ് -ബി ജെ പി പാക്കേജിന്റെ പരീക്ഷണശാലയാകുകയാണ്.കേരളത്തിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി ജയത്തിന്റെ തൊട്ടരികിലെത്തിയ പാലക്കാട് നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എം എൽ എ യെ വടകരയിൽ കൊണ്ടുപോയി മത്സരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണെന്നും എം ബി രാജേഷ് ചോദിച്ചു.

വടകരയിൽ ജയിക്കാൻ ബി ജെ പി യുടെ പിന്തുണക്ക് പകരം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് വന്നാൽ ബി ജെ പി യെ സഹായിക്കാം എന്നതാണ് പാക്കേജ്. നേമത്ത് ശിവൻകുട്ടിയിലൂടെ എൽ ഡി എഫ് പൂട്ടിച്ച ബി ജെ പി യുടെ അകൗണ്ട് പാലക്കാടിലൂടെ തുറന്നു കൊടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി യുടെ പരാജയം ഉറപ്പ് വരുത്താനാഗ്രഹിച്ച, സാധാരണ ഗതിയിൽ ഇടതുപക്ഷത്തിന് കിട്ടുമായിരുന്ന മതനിരപേക്ഷ വോട്ടുകൾ കൂടി കിട്ടിയപ്പോഴാണ് ഷാഫി പറമ്പിൽ തൊണ്ണൂറ് കഴിഞ്ഞ ഇ ശ്രീധരനെതിരെ കഷ്ടിച്ച് കടന്നു കൂടിയത്.

ആ സീറ്റിലെ എം എൽ എ യെയാണ് വേണമെങ്കിൽ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യതയിലേക്ക് വിട്ടു കൊടുത്തു കൊണ്ട് കോൺഗ്രസ്‌ മത്സരിപ്പിക്കുന്നത്. ബി ജെ പി ക്ക് വടകര പാർലമെന്റ് സീറ്റിൽ ഒരു സാധ്യതയും ഇല്ല എന്നെല്ലാവർക്കുമറിയാം. എന്നാൽ പാലക്കാട് നിയമസഭ സീറ്റിൽ അങ്ങനെയല്ല.എൽ ഡി എഫ് സിറ്റിംഗ് സിറ്റിങ് എം എൽ എ മാർ മത്സരിക്കുന്ന ഒരു സീറ്റിലും ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ ഒരിടത്തു പോലും ബി ജെ പി ക്ക് വിദൂരവിജയസാധ്യത പോലുമില്ലെന്നോർക്കണം.

91 ൽ വടകരയും ബേപ്പൂരുമായിരുന്നെങ്കിൽ ഇപ്പോൾ വടകരയും ആലപ്പുഴയുമാണ്. ആലപ്പുഴയിൽ മത്സരിക്കാനെത്തുന്ന കെ സി വേണുഗോപാൽ രാജസ്ഥാനിലെ രാജ്യസഭ അംഗമാണ്. ജയിച്ചാൽ രാജി വക്കണം. രാജിവച്ചാൽ രാജസ്ഥാനിലെ ഇന്നത്തെ കക്ഷി നില വച്ച് സീറ്റ് ബി ജെ പിക്ക് ഉറപ്പ്. അതോടെ രാജ്യസഭയിൽ ബി ജെ പി ക്ക് ഇപ്പോഴില്ലാത്ത കേവല ഭൂരിപക്ഷവും ഉറപ്പാവും. ആരെയാണ് ഈ കോൺഗ്രസ്‌ എതിർക്കുന്നത്? ആരെയാണിവർ സഹായിക്കുന്നത്? ഇനിയും മനസിലാകാത്തവർ അത്രയും നിഷ്കളങ്കരായിരിക്കണമെന്നും എം ബി രാജേഷ് പറഞ്ഞു.

രാജ്യമാകെ കോൺഗ്രസ്സിന്റെ കഥ കഴിച്ച് ബി ജെ പി യിലേക്ക് കോൺഗ്രസ്സ് നേതാക്കളുടെ ഘോഷയാത്രക്ക് വഴിയൊരുക്കിയ വേണുഗോപാൽ ഇപ്പോൾ കേരളത്തിലേക്ക് വരികയാണ്. വരുന്നത് സി പി ഐ എമ്മിനോട് യുദ്ധം ചെയ്ത് ബി ജെ പി യെ സഹായിക്കാനാണ്. പത്മജ പത്മം ചൂടിയത് യാദൃശ്ചികമല്ല എന്നാണ് കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക വ്യക്തമാക്കുന്നത്. സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയെയും വഞ്ചിച്ചു കൊണ്ട് കെ സി വേണുഗോപാൽ കളിക്കുന്ന കളി ബി ജെ പി ക്ക് വേണ്ടിയിട്ടുള്ളതാണ്.

ജനിച്ച ശേഷം ചോറൂണ് മുതൽ ഇന്നേവരെ കോൺഗ്രസ്‌ ചെലവിൽ ഉണ്ടു വളർന്ന ആന്റണി -കരുണാകരൻമാരുടെ മക്കൾക്ക് ഒരു മന:സാക്ഷിക്കുത്തുമില്ലാതെ ബി ജെ പി യിലേക്ക് പോകാമെങ്കിൽ കെ സി വേണുഗോപാലിനും കെ സുധാകരനും വി ഡി സതീശനുമൊക്കെ പോകാൻ തടസമുണ്ടാകുമോ?

ശാഖക്ക് കാവൽ നിന്നത് അഭിമാനമായും എനിക്ക് തോന്നിയാൽ ബി ജെ പി യിലേക്ക് പോകുമെന്ന് പ്രഖ്യാപിക്കുന്നത് ധീരതയാണെന്ന് കരുതുകയും ചെയ്യുന്ന സുധാകരനും, ഗോൾവാൾക്കാർ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി കൂപ്പുകൈകളുമായി നിന്ന വി ഡി സതീശനും പോവില്ലെന്ന് എന്താണുറപ്പ്? കെ സി വേണുഗോപാൽ കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിൽ എത്തിയ ശേഷമാണ് ഒരു ഡസനിലേറെ മുൻ മുഖ്യമന്ത്രിമാരും നിരവധി കേന്ദ്ര മന്ത്രിമാരും എം പി മാരുമുൾപ്പെടെ ഏറ്റവും കൂടുതൽ കോൺഗ്രസ്സ് നേതാക്കളെ ബി ജെ പി യിലേക്ക് എത്തിച്ചത്.

വടകര-ആലപ്പുഴ പാക്കേജ് കേരള രാഷ്ട്രീയത്തിൽ അങ്ങേയറ്റം ആപൽക്കരമായൊരു പുതിയ വഴിത്തിരിവ് സൃഷ്ടിക്കാൻ ലക്ഷ്യം വച്ചുള്ളതാണ്. ആ ചതിക്കുഴി കോൺഗ്രസസിനകത്തും ലീഗിലുമുള്ള മത നിരപേക്ഷ വാദികൾ തിരിച്ചറിഞ്ഞാൽ നല്ലത്.ജനങ്ങൾ എന്തായാലും ഇത്തവണ തിരിച്ചറിയും 91 ലെ വടകര -ബേപ്പൂർ മോഡലിനുണ്ടായ അതേ അനുഭവം ആയിരിക്കും ഈ വടകര -ആലപ്പുഴ പാക്കേജിനുമുണ്ടാവുകയെന്നും എം ബി രാജേഷ് പറയുന്നു.

Story Highlights: M B Rajesh Against Congress Shafi Parambil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here