കോൺഗ്രസ് കോട്ട പിടിക്കാൻ യൂസഫ് പഠാനെ ഇറക്കി തൃണമൂൽ; ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പശ്ചിമ ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളായ മഹുവ മൊയ്ത്ര, അഭിഷേക് ബാനര്‍ജി, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ക്ക് പുറമേ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനും പട്ടികയില്‍ ഇടംപിടിച്ചു. സന്ദേശ്ഖാലി വിവാദത്തെ തുടർന്ന് ബസിർഹട്ട് എംപി നുസ്രത്ത് ജഹാനെയെ തൃണമൂൽ ഒഴിവാക്കി.
കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന ‘ജനാഗർജൻ സഭ’യിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. നിലവില്‍ കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവും സംസ്ഥാന അധ്യക്ഷനുമായ അധീര്‍ രഞ്ജന്‍ ചൗധരി പ്രതിനിധീകരിക്കുന്ന ബഹരംപൂരിലാണ് മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാന്‍ മത്സരിക്കുക.
മഹുവ കൃഷ്ണനഗറില്‍ വീണ്ടും ജനവിധി തേടും. ശത്രുഘ്നൻ സിൻഹ അസൻസോളിൽ നിന്നും കീർത്തി ആസാദ് ദുർഗാപൂരിൽ നിന്നും മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ മത്സരിക്കും. സന്ദേശ്ഖലി ഉള്‍പ്പെടുന്ന മണ്ഡലമാണ് ബസിര്‍ഹട്ട്. ഇവിടെ നുസ്‌റത്ത് ജഹാനെ മാറ്റിയാണ് ഹാജി നൂറുല്‍ ഇസ്ലാമിനെ മത്സരിപ്പിക്കുന്നത്.
Story Highlights: Mamata Banerjee announces TMC candidates for all 42 seats in West Bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here