Advertisement

ലോട്ടറി രാജയല്ല, ബോണ്ട് രാജ; 1,368 കോടിയ്ക്ക് ഇലക്ടറൽ ബോണ്ടുകൾ വാരി ഒന്നാമനായി സാന്റിയാ​ഗോ മാർട്ടിൻ

March 15, 2024
Google News 2 minutes Read

ഒരു കാലത്ത് കേരളത്തിലെ പത്രങ്ങളിലെ ഒന്നാം പേജ് തലക്കെട്ടായിരുന്നു ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാൻ്റിയാഗോ മാർട്ടിൻ. ഇന്ത്യയിലെ ലോട്ടറി വ്യവസായം നിയന്ത്രിക്കുന്നത് തന്നെ മാർട്ടിനാണെനന്നായിരുന്നു സംസാരം. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച ഇലക്ടറൽ ബോണ്ടിൻ്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിട്ടപ്പോൾ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് സാൻ്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. 1,368 കോടി രൂപയാണ് സംഭാവന നൽകിയിരിക്കുന്നത്.

13 വയസ്സുള്ളപ്പോളാണ് സാൻ്റിയാഗോ മാർട്ടിൻ തൻ്റെ ലോട്ടറി ബിസിനസ് ആരംഭിച്ചത്. ഭാഗ്യ പരീക്ഷണങ്ങളുടെ കച്ചവടത്തിൽ മാർട്ടിന് ഒപ്പമായിരുന്നു എന്നും ഭാഗ്യം. എന്നാൽ ജയലളിത മാത്രം മാർട്ടിനോട് അടുപ്പം കാണിച്ചില്ല. അവരുടെ ഭരണകാലത്താണ് തമിഴ്നാട്ടിൽ ലോട്ടറി നിരോധിച്ചത് .ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 2012 ൽ മാർട്ടിൽ ജയിലിൽ ആയി. 7 മാസത്തിനു ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി.

ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 1991-ലാണ് സ്ഥാപിച്ചത്. ലോട്ടറി നിയമവിധേയമായ 13 സംസ്ഥാനങ്ങളിലായി മാർട്ടിൻ്റെ ജനപ്രിയ ലോട്ടറി വിപണി കണ്ടെത്തുന്നുണ്ട്. മാർട്ടിൻ ലൈബീരിയയുടെ കോൺസൽ ജനറൽ കൂടിയായിരുന്നു, അവിടെ അദ്ദേഹത്തിന് ലോട്ടറി വ്യവസായമുണ്ട്.

ലോട്ടറി ലാഭത്തിൽ നിന്ന് മാർട്ടിൻ കെട്ടിപ്പൊക്കിയത് വലിയ വ്യവസായങ്ങളായിരുന്നു. റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, ടെക്സ്റ്റൈൽസ്, ഹോസ്പിറ്റാലിറ്റി എന്നിവയിൽ മാർട്ടിൻ വ്യാവസായം വിപുലമാക്കി. മ്യാൻമർ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും അദ്ദേഹം ബിസിനസുകൾ സ്ഥാപിച്ചു.

ലോട്ടറികൾക്കായി വിവിധ സർക്കാരുകൾ നടത്തുന്ന നറുക്കെടുപ്പുകൾ ടിവിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യാൻ സൗകര്യമൊരുക്കിയ ഇന്ത്യയിലെ ആദ്യത്തെ ലോട്ടറി കമ്പനിയാണ് ഫ്യൂച്ചർ ഗെയിമിംഗ്. മാത്രമല്ല ഏഷ്യാ പസഫിക് ലോട്ടറി അസോസിയേഷൻ്റെ (APLA) അംഗമാണ് ഫ്യൂച്ചർ ഗെയിമിംഗ്. 2009-ൽ, WLA റെസ്‌പോൺസിബിൾ ഗെയിമിംഗ് ഫ്രെയിംവർക്കിൻ്റെ ലെവൽ 1-ൻ്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ഫ്യൂച്ചർ ഗെയിമിംഗിന് WLA അക്രഡിറ്റേഷൻ നൽകി. കൂടാതെ ലോട്ടറി വിതരണക്കാരുടെയും സ്‌റ്റോക്കിസ്റ്റുകളുടെയും ഏജൻ്റുമാരുടെയും ലോബിയായ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ലോട്ടറി ട്രേഡ് ആൻഡ് അലൈഡ് ഇൻഡസ്ട്രീസിൻ്റെ പ്രസിഡൻ്റ് കൂടിയാണ് അദ്ദേഹം.

മാർട്ടിനും ഫ്യൂച്ചർ ഗെയിമിങ് കമ്പനിയും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളിയായിട്ട് കുറച്ചു നാളുകളായി. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും ഈ കമ്പനിയിൽ പല തവണ കയറിയിറങ്ങിയിട്ടുണ്ട്.

2023 ൽ ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മാർട്ടിന്റെ 910.29 കോടി സ്വത്ത് താൽക്കാലികമായി ജപ്തി ചെയ്തിരുന്നു. അത് ചോദ്യം ചെയ്ത സാന്‍റിയാഗോ മാർട്ടിന്‍റെ അപ്പീലും കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. 2023 ഒക്ടോബറിൽ, ആദായനികുതി വകുപ്പ് ഫ്യൂച്ചർ ഗെയിമിംഗുമായി ബന്ധപ്പെട്ട നാല് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. തുടർന്നാണ് 910. 29 കോടി സ്വത്ത് താൽകാലികമായി മരവിപ്പിച്ചത്.

2022 ഏപ്രലിലും ഇഡി പരിശോധന നടത്തി, 400 കോടിയുടെ അനധികൃത സ്വത്ത് മാർട്ടിനുണ്ടെന്ന് കണ്ടെത്തിയതായി അറിയിച്ചിരുന്നു. ഈ കേസുകളെല്ലാം ഉന്നത കോടതിയുടെ പരിഗണനയിലാണ്. ആ സാഹചര്യത്തിലാണ് മാർട്ടിൻ്റെ സംഭാവന കണക്ക് പുറത്തു വരുന്നത് എന്നത് ശ്രദ്ധേയം. തമിഴ്‌നാട്ടിലെ അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണത്തിൻ്റെ ഭാഗമായി മാർട്ടിൻ്റെ മരുമകൻ ആധവ് അർജുനിൻ്റെ സ്വത്തു വിവരങ്ങൾ ഈ വർഷം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് പരിശോധിച്ചിരുന്നു.

Story Highlights: All About Future Gaming, Single-Biggest Electoral Bond Donor Santiago martin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here