Advertisement

543 പകരം 544; ഇത്തവണ മണ്ഡലങ്ങളുടെ എണ്ണത്തിൽ ഒരെണ്ണം അധികം; കാരണമെന്ത് ?

March 16, 2024
Google News 3 minutes Read
544 instead of 543 why the election schedule shows one additional constituency

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തിൽ ഇക്കുറി മണ്ഡലങ്ങളുടെ എണ്ണം കണ്ട് എല്ലാവരുമൊന്ന് ഞെട്ടി. സാധാരണ 543 ലോക്‌സഭാ സീറ്റുകളുണ്ടാകേണ്ടിടത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്നത് 544 എന്ന കണക്ക്. ഇതിനർത്ഥം പുതുതായി ഒരു മണ്ഡലം കൂടി ഇടംനേടയെന്നല്ല. അതിന് കാരണം പുകയുന്ന മണിപ്പൂരാണ്. ( 544 instead of 543 why the election schedule shows one additional constituency )

2023 മെയ് 3നാണ് മണിപ്പൂരിൽ കലാപത്തിന്റെ കനൽത്തരി വീഴുന്നത്. പ്രദേശത്തെ മെയ്തി- കുക്കി വിഭാഗങ്ങളിൽ തമ്മിൽ ഏറ്റുമുട്ടുന്നത്. അന്ന് മുതൽ അശാന്തിയുടെ ഉമിത്തീയിൽ നീറുന്ന മണിപ്പൂരിന് ആശ്വാസമേകാൻ സംസ്ഥാനത്തിനോ കേന്ദ്രത്തിനോ സാധിച്ചിട്ടില്ല. ഒടുവിൽ ലോകം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പിന് രാജ്യം സാക്ഷ്യം വഹിക്കാനിരിക്കെ, ആ തെരഞ്ഞെടുപ്പ് ക്രമത്തിൽ പോലും മണിപ്പൂർ കാരണം മാറ്റം വരുത്തേണ്ടതായി വരുന്നു. രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ നീളും. ഒരു മണ്ഡലത്തിൽ ഒരു ദിവസം മാത്രമേ തെരഞ്ഞെടുപ്പ് നടക്കൂ. എന്നാൽ മണിപ്പരിലെ ഒരു മണ്ഡലത്തിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കുക്കി-മെയ്തി സംഘർഷം രൂക്ഷമായ ചുരാചന്ദ്പൂർ, ചന്ദേൽ എന്നീ ജില്ലകൾ ആദ്യ ഘട്ട തെരഞ്ഞെടുപ്പിലാണ് ഉൾപ്പെടുന്നത്. ഔട്ടർ മണിപ്പൂരിലെ മണ്ഡലത്തിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്- ഏപ്രിൽ 19നും 26നും.

ഏപ്രിൽ 19ന് 15 പ്രദേശങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്- ഹെയ്‌റോക്ക്, വാംഗ്ജിംഗ്, ടെൻത, കംഗബോക്ക്, വാബ്ഗായ്, കാക്ചിംഗ്, ഹിയാംഗ്ലം, സുഗ്നൂ, ചന്ദേൽ, സൈകുൽ, കാംഗ്‌പോക്പി, സൈടു, ഹെംഗ്ലേപ് , ചുരാചന്ദ്പൂർ, സൈകോട്ട്, സിംഘട്ട്. ഔട്ടർ മണിപ്പൂരിലെ ബാക്കി 13 പ്രദേശങ്ങളായ ജിരിബം, ടെംഗ്നൗപാൽ, ഫുംഗ്യാർ, ഉഖ്‌റുൾ, ചിംഗായി, കരോംഗ്, മാവോ, ടതുബി, താമെയ്, തമെംഗ്ലോംഗ്, നുംഗ്ബ, തിപായ്മുഖ്, താൻലോൺ എന്നിവിടങ്ങളിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്.

മണിപ്പൂരിൽ സംഘർഷം രൂപപ്പെട്ടതോടെ ഈ പ്രദേശങ്ങളിലെ പലരും വീടുപേക്ഷിച്ച് ക്യാമ്പുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്യാമ്പുകൾക്ക് സമീപമായി പോളിംഗ് ബൂത്ത് സജ്ജീകരിക്കാമെന്നാണ് ഇലക്ഷൻ കമ്മീഷന്റെ തീരുമാനം.

‘മണിപ്പൂരിലെ സാഹചര്യം കമ്മീഷൻ വിലയിരുത്തുകയും, സംഘർഷം കണക്കിലെടുത്ത് വലിയ വിഭാഗം വോട്ടർമാരും സ്വന്തം നാട്ടിൽ നിന്ന് മാറി വിവിധ ക്യാമ്പുകളിൽ തങ്ങുകയാണെന്ന് മനസിലാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ വിവിധ ക്യാമ്പുകൾക്ക് സമീപമായി പോളിംഗ് സ്‌റ്റേഷനുകൾ സജ്ജീകരിക്കാൻ കമ്മീഷൻ തീരുമാനിച്ചിരിക്കുന്നു’- തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

Story Highlights: 544 instead of 543 why the election schedule shows one additional constituency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here