തൊണ്ണൂറുകളിലെ ‘മെലഡി ക്വീൻ’ അനുരാധ പൗഡ്‌വാൾ ബിജെപിയിൽ ചേർന്നു

പ്രശസ്ത ഗായിക അനുരാധ പൗഡ്‌വാൾ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ വച്ചാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. സനാതന ധർമ്മവുമായി ആഴത്തിൽ ബന്ധമുള്ള ഒരു പാർട്ടിയിൽ ചേരുന്നതിൽ സന്തോഷമുണ്ടെന്ന് പൗഡ്‌വാൾ പ്രതികരിച്ചു. തൊണ്ണൂറുകളിൽ ഹിറ്റ് ഹിന്ദി ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും പ്രശസ്തി ആര്‍ജ്ജിച്ച ഗായികയാണ് അനുരാധ.
ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് അനുരാധയുടെ ബിജെപി പ്രവേശനം. “സനാതന ധർമ്മവുമായി അഗാധമായ ബന്ധമുള്ള സർക്കാരിൽ ചേരുന്നതിൽ സന്തോഷമുണ്ട്. ബിജെപിയിൽ ചേരുന്നത് എൻ്റെ ഭാഗ്യമാണ്”-അനുരാധ പൗഡ്‌വാൾ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ അനുരാധയ്ക്ക് സുപ്രധാന ചുമതല നൽകിയേക്കുമെന്ന് ബിജെപി കേന്ദ്രങ്ങളിൽ നിന്ന് സൂചനയുണ്ട്.
എൺപതുകളിലും തൊണ്ണൂറുകളിലും ഹിന്ദി സിനിമാഗാനങ്ങളിലൂടെ പ്രശസ്തയായ ഗായികയാണ് അനുരാധ പൗഡ്വാൾ. 1954 ഒക്ടോബർ 27 ന് മുംബൈയിൽ ജനിച്ച അനുരാധ 1973-ൽ അമിതാഭ് ബച്ചനും ജയപ്രദയും അഭിനയിച്ച ‘അഭിമാൻ’ എന്ന ചിത്രത്തിലൂടെയാണ് തൻ്റെ ഗാനാലാപന ജീവിതം ആരംഭിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ അനുരാധ പൗഡ്‌വാൾ ഗുജറാത്തി, ഹിന്ദി, കന്നഡ, മറാത്തി, സംസ്കൃതം, ബംഗാളി, തമിഴ്, തെലുങ്ക്, ഒറിയ, ആസാമീസ്, പഞ്ചാബി, ഭോജ്‌പുരി, നേപ്പാളി തുടങ്ങിയ ഭാഷകളിലായി 9,000-ലധികം ഗാനങ്ങൾ ആലപിച്ചു. ഭജൻ ഗാനരംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
Story Highlights: Singer Anuradha Paudwal joins BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here