ഗുജറാത്ത് സർവകലാശാലയിൽ നിസ്കാരത്തെച്ചൊല്ലി തർക്കം; വിദേശ വിദ്യാർഥികളെ അജ്ഞാതർ ആക്രമിച്ചു
വിദേശ വിദ്യാർഥികൾക്കുനേരെ ഗുജറാത്ത് സർവകലാശാലയിൽ അജ്ഞാതരുടെ ആക്രമണം. നിസ്കാരത്തെച്ചൊല്ലിയാണ് വിദ്യാർഥികളെ ഒരു സംഘം ആക്രമിച്ചത്. ആക്രമണത്തിൽ അഞ്ച് വിദേശവിദ്യാർഥികൾക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ആഫ്രിക്ക രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിക്കേറ്റത്. ആഭ്യന്ത്രമന്ത്രി ഹർഷ് സാങ്‌വി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടാനും പൊലീസിന് നിർദ്ദേശം നൽകി.
അഹമ്മദാബാദിലുള്ള ക്യാമ്പസിൽ പള്ളിയോ നിസ്കാരത്തിലുള്ള സൗകര്യങ്ങളോ ഇല്ലാത്തതിനാൽ നിസ്കാകാരത്തിനായി ഹോസ്റ്റലിൽ വിദ്യാർഥികൾ ഒത്തുകൂടിയിരുന്നു. ഇതിനിടെ പുറച്ചുനിന്നുള്ള ഒരു സംഘം ഹോസ്റ്റലിനുള്ളിലേക്ക് ഇരച്ചുകയറി വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. അക്രമികളുടെ കയ്യിൽ വടികളും കത്തികളും ഉണ്ടായിരുന്നു. ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാർ അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും അവരെ മറികടന്ന് സംഘം ഉള്ളിൽ കടന്നെന്നും വിദ്യാർഥികൾ പറഞ്ഞു
ഹോസ്റ്റലിനുള്ളിൽ കടന്ന അക്രമിസംഘം റൂമിനുള്ളിലുണ്ടായിരുന്ന ലാപ്ടോപ്പുകളും ഫോണുകളും നശിപ്പിച്ചു. ഒട്ടേറെ ബൈക്കുകൾക്കും കേടുപറ്റിയാതായി അഫ്ഗാനിസ്ഥാനിൽ നിന്നുലള്ള വിദ്യാർഥി പറഞ്ഞു. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവിടങ്ങിളിലുള്ളവർക്ക് പുറമെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള രണ്ടുപേർക്കും പരിക്കേറ്റു. പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു. എംബസിയെ വിവരമറിയിച്ചെന്നും വിദ്യാർഥി അറിയിച്ചു. മുന്നൂറോളം വിദേശ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ അക്രമസംഘത്തിൽപ്പെട്ട ഒരാൾ സെക്യൂരിറ്റിയോട് “ഇവരെന്തിനാണ് ഇവിടെ നിസ്കരിക്കുന്നത്, ഇവിടം അതിനുള്ള സ്ഥലമാണോ?” എന്ന് ചോദിക്കുന്നതു കേൾക്കാം. ഹോസ്റ്റലിനു നേരെ കല്ലെറിയുന്നതും അസഭ്യങ്ങൾ പറയുന്നതും വീഡിയോയിലുണ്ട്. “വിദേശത്തുനിന്നുള്ള വിദ്യാർഥികൾ ഇവിടെ പഠിക്കാനാണ് വരുന്നത്. ഇതാണ് ഇവിടുത്തെ അവസ്ഥയെങ്കിൽ ഇനി വിദ്യാർഥകൾക്ക് വിസ നൽകരുതെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർഥിക്കുകയാണ്. ഞങ്ങൾ ഇവിടുത്തെ ആഘോഷങ്ങളിലെല്ലാം പങ്കെടുക്കാറുണ്ട്. എല്ലാവരും ഞങ്ങളുടെ സഹോദരന്മാരാണ്. എന്നാൽ ഇത്തരമൊരു സംഭവം ഞങ്ങൾ പ്രതീക്ഷിച്ചില്ല”, ആക്രമണത്തിനിരയായ ഒരു വിദ്യാർഥി മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ഹൈദരാബാദ് എംപിയും ഓൾ ഇന്ത്യ മജിലിസി-ഇ-ഇത്തെഹാദുൽ മുസ്ലിമിൻ നേതാവുമായ അസാദുദീൻ ഒവൈസി രംഗത്തെത്തി. സ്വന്തം സംസ്ഥാനത്ത് നടന്ന അതിക്രമത്തിനെതിരെ പ്രധാനമന്ത്രിയും അമിത്ഷായും ഇടപെടുമോ എന്ന് അദ്ദേഹം ചോദിച്ചു.
അഹമദാബാദ് സിറ്റി പൊലീസ് കമ്മീഷണർ ജെഎസ് മാലിക്കിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അക്രമികളിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 25 പേർക്കെതിരെ കേസെടുത്ത് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രചാരത്തിലുള്ള വീഡിയോകളെല്ലാം പരിശോധിച്ച് അക്രമപ്രവർത്തനങ്ങളിൽ പങ്കാളികളായവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here