Advertisement

എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുന്നു: കെ.സുരേന്ദ്രൻ

March 18, 2024
Google News 1 minute Read

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അനാവശ്യമായ വിവാദങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള പിണറായി വിജയന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് വിഡി സതീശൻ ചെയ്യുന്നത്.

നരേന്ദ്രമോദി സർക്കാർ 10 വർഷം കൊണ്ട് രാജ്യത്തും കേരളത്തിലും നടപ്പിലാക്കിയ വികസനപദ്ധതികളാണ് എൻഡിഎ ഉയർത്തുന്നത്. എന്നാൽ ദേശീയതലത്തിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന സിപിഐഎമ്മും കോൺഗ്രസും ഇവിടെ വ്യാജ ഏറ്റുമുട്ടലാണ് നടത്തുന്നത്. മോദിയുടെ ഗ്യാരണ്ടി എന്നത് ഭാവിയിൽ ചെയ്യാനുള്ള കാര്യങ്ങൾ മാത്രമല്ല കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാര്യങ്ങൾ കൂടിയാണ്.

ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയുള്ള രാജ്യമായി ഇന്ത്യ മാറി. ഒരു എംപി പോലും ഇല്ലാതിരുന്നിട്ടും കേരളത്തിന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സഹായം നൽകിയത് മോദി സർക്കാരാണ്. കാസർകോട്-തിരുവനന്തപുരം 6 വരി പാത, കൊച്ചി മെട്രോയും കൊച്ചി കപ്പൽശാലയും വികസിപ്പിക്കൽ, മാഹി- തലശ്ശേരി, കൊല്ലം- ആലപ്പുഴ ബൈപ്പാസുകൾ, തിരുവനന്തപുരം, കൊച്ചി സ്‌മാർട്ട് സിറ്റി പദ്ധതികൾ, അമൃത് പദ്ധതി, കേരളത്തിലെ റെയിൽവെ സ്റ്റേഷനുകളുടെ ആധുനികവത്ക്കരണം തുടങ്ങി അടിസ്ഥാന വികസനരംഗത്ത് വലിയ മാറ്റമാണ് സംസ്ഥാനത്ത് കേന്ദ്രസർക്കാർ സൃഷ്ടിച്ചത്.

ഒരു വിവേചനവുമില്ലാതെ എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങൾ മോദി കേരളീയർക്ക് എത്തിച്ചു. 1.5 കോടി പൗരന്മാർക്ക് സൗജന്യ അരി, 50 ലക്ഷം യുവജനങ്ങൾക്കും വനിതകൾക്കും മുദ്ര വായ്പ, 35 ലക്ഷം കർഷകർക്ക് കിസാൻ സമ്മാൻ പദ്ധതി, 4 ലക്ഷം ഉജ്ജ്വല സൗജന്യ എൽപിജി കണക്ഷനുകൾ, 20 ലക്ഷം കുടുംബങ്ങൾക്ക് ജൽ ജീവൻ (ടാപ്പ് വാട്ടർ കണക്ഷനുകൾ), 53 ലക്ഷം വനിതകൾക്ക് ജൻധൻ അക്കൗണ്ടുകൾ ലഭ്യമാക്കി.

വികസനവും ജനക്ഷേമവും സ്ത്രീസമത്വവും മോദിക്ക് വെറും വാക്കുകളിലല്ല മറിച്ച് പ്രവൃത്തിയിലാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എന്നാൽ കേന്ദ്രസർക്കാരിന്റെ ഭരണം ചർച്ചയാകാൻ ആഗ്രഹിക്കാത്ത പ്രതിപക്ഷം വർഗീയത ആളിക്കത്തിച്ച് ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Story Highlights: K Surendran Against LDF UDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here