Advertisement

കോൺഗ്രസിൻ്റെ വിജയമോഹത്തിനു മുന്നിൽ വെല്ലുവിളിയായി ഹിന്ദി ഹൃദയഭൂമി

March 18, 2024
Google News 2 minutes Read

ഹിന്ദി ഹൃദയഭൂമിയിലെ വിജയമാണ് എല്ലാക്കാലത്തും രാജ്യത്തിൻ്റെ രാഷ്ട്രീയഭാവി നിർണ്ണയിക്കുന്നത്. 80 സീറ്റുള്ള ഉത്തർപ്രദേശും 40 സീറ്റുള്ള ബീഹാറുമാണ് ആർക്കൊപ്പം നിൽക്കുന്നുവോ അവരായിരിക്കും രാജ്യത്തിൻ്റെ ഗതി നിയന്ത്രിക്കുന്നത്. മണിപ്പൂർ കലാപം, തൊഴിലില്ലായ്മ, ഇന്ത്യ-ചൈനാ അതിർത്തിത്തർക്കം, അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നത്, കർഷകസമരം, ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കുന്നതടക്കമുള്ള വിഷയങ്ങളാണ് കോൺഗ്രസിൻ്റെ പ്രചാരണായുധം. എന്നാൽ ബിജെപിയുടെ ഹിന്ദുത്വ, വികസന മുദ്രാവാക്യങ്ങളെ കോൺഗ്രസിനും ഇന്ത്യാ സഖ്യത്തിനും മറികടക്കാനാകുമോ എന്നതാണ് ചോദ്യം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, 400+ സീറ്റ് എന്ന ലക്ഷ്യം മുൻനിര്‍ത്തി മുന്നോട്ട് പോകുന്ന ബിജെപിയുടെ എൻഡിഎ മുന്നണിക്ക് മുന്നിൽ ഇപ്പോഴും അവശേഷിക്കുന്ന വെല്ലുവിളി ഇന്ത്യാ സഖ്യമാണ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ഇന്ത്യാ സഖ്യം ഒരുമിച്ച് പൊരുതാൻ തീരുമാനിച്ച് മുന്നോട്ട് പോകുന്നുണ്ട്. പട്‌നയിൽ തുടങ്ങിയ സഖ്യ യാത്ര, കൊഴിഞ്ഞുപോക്കും പരാജയങ്ങളുമെല്ലാം നേരിട്ട ശേഷവും ഇപ്പോഴും പ്രതീക്ഷയോടെ പൊരുതുന്നതാണ് മൃഗീയ ഭൂരിപക്ഷം ലക്ഷ്യമിടുന്ന ബിജെപിക്ക് മുന്നിൽ ബാക്കിയായ വെല്ലുവിളി.

2019 ലെ തെരഞ്ഞെടുപ്പിനെ രാജ്യം അഭിമുഖീകരിച്ച സമയത്ത് റാഫേൽ യുദ്ധ വിമാന കരാറായിരുന്നു കോൺഗ്രസിൻ്റെ പ്രധാന പ്രചാരണ ആയുധം. പ്രധാനമന്ത്രി മോദിക്കെതിരെ “ചൗകിദാര്‍ ഛോര്‍ ഹെ” എന്ന ആരോപണം ഉന്നയിച്ച യുപിഎ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന ‘ന്യായ്’ പദ്ധതിയും മുന്നോട്ട് വെച്ചിരുന്നു. ഈ ന്യായ് പദ്ധതി പരിഷ്‌കരിച്ച് കൂടുതൽ വാഗ്ദാനങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസ് ഇപ്പോൾ കേന്ദ്രത്തിനെതിരെ ആയുധമാക്കുന്നത് തെരഞ്ഞെടുപ്പ് കടപ്പത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്. ഇതുതലമൂര്‍ച്ചയുള്ള ആയുധമെന്ന നിലയിലാണ് ഇവയെ കോൺഗ്രസ് നോക്കിക്കാണുന്നത്.

ഒപ്പം ജാതി സെൻസസും കോൺഗ്രസ് മുന്നോട്ട് വെക്കുന്നത് വലിയ തോതിൽ ഒബിസി, ദളിത് വോട്ടുകൾ പെട്ടിയിൽ വീഴുമെന്ന പ്രതീക്ഷയോടെ തന്നെയാണ്. പിന്നാക്ക ജാതി വിഭാഗങ്ങളുടെ പ്രതീക്ഷ നിറവേറ്റുമെന്ന ഉറപ്പിനൊപ്പം സംവരണത്തിന് സുരക്ഷ ഉറപ്പാക്കുന്നതിലൂടെ വലിയ തോതിൽ വോട്ട് സമാഹരിക്കാനാകുമെന്നാണ് കരുതുന്നത്. തൊഴിൽ വിഷയം യുവാക്കളിലും വിലക്കയറ്റം മധ്യവര്‍ഗ-ദരിദ്ര കുടുംബങ്ങളിലും മോദി സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധവികാരം ജനിപ്പിച്ചിട്ടുണ്ടെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നുണ്ട്.

എന്നാൽ ബിജെപിയെ തകര്‍ക്കാൻ ഇന്ത്യാ സഖ്യം തന്നെയാണ് ഏറ്റവും മികച്ച വഴിയെന്നും ഒറ്റയ്ക്ക് ഒരു രാഷ്ട്രീയ മുന്നേറ്റം ഇപ്പോഴത്തെ നിലയിൽ മികച്ച ഉപായമല്ലെന്നും കോൺഗ്രസ് വിലയിരുത്തുന്നു. എങ്കിലും ഇന്ത്യാ സഖ്യ പാര്‍ട്ടികൾ ഇതുവരെ തങ്ങളുടേതായ സംയുക്ത പ്രചാരണ പത്രിക പുറത്തിറക്കിയിട്ടില്ല. മാത്രമല്ല, തങ്ങളുടെ സഖ്യത്തിൻ്റെ ഭാഗമായ എല്ലാ നേതാക്കളെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഒരുമിച്ച് ഒരേ വേദിയിലെത്തിക്കാനും സാധിച്ചിട്ടില്ല. എങ്കിലും ബിജെപിയുടെ ‘ഇന്ത്യ തിളങ്ങുന്നുവെന്ന’ പ്രചാരണ തന്ത്രത്തെ മറിച്ചിട്ട 2004 ലെ ഫലം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് നേതൃത്വം പുലര്‍ത്തുന്നത്.

നിതീഷ് കുമാറിൻ്റെ ജെഡിയു, ജയന്ത് ചൗധരിയുടെ ആര്‍എൽഡി എന്നീ കക്ഷികൾ സഖ്യം വിട്ടതും തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്നതും ഇന്ത്യാ സഖ്യത്തിൻ്റെ ശോഭ കെടുത്തുന്നുണ്ട്. എന്നാൽ സമാജ്‌വാദി പാര്‍ട്ടിയുമായി ഉത്തര്‍പ്രദേശിലും ആം ആദ്മി പാര്‍ട്ടിയുമായി ഡൽഹിയിലും കോൺഗ്രസ് ധാരണയിലെത്തിയത് ഇന്ത്യാ മുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്, ബിഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും ഇന്ത്യാ മുന്നണി സീറ്റുകൾ പങ്കിട്ട് ഒരുമിച്ച് എൻഡിഎയെ നേരിടുമെന്നത് വ്യക്തമാണ്.

രാഹുൽ ഗാന്ധിയുടെ ‘ന്യായ്’ വാഗ്ദാനങ്ങളിൽ കേന്ദ്രീകരിച്ച് നടത്തിയ രണ്ടാം ഭാരത് ജോഡോ യാത്ര ജനങ്ങളെ സ്വാധീനിച്ചുവെന്നാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും ആദിവാസി വിഭാഗങ്ങളുടെയും ദളിതരുടെയും തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രതീക്ഷകൾക്ക് മേൽ പൊൻവെളിച്ചം പകരാൻ യാത്രയിലൂടെ സാധിച്ചുവെന്നും നേതൃത്വം കരുതുന്നു. എങ്കിലും ഉത്തരേന്ത്യ ഇപ്പോഴും കോൺഗ്രസിന് മുന്നിൽ മഹാമേരുവായി നിൽക്കുകയാണ്.

കേരളത്തിലും തെലങ്കാനയിലും ബിജെപിക്ക് സ്വാധീനമുള്ള കര്‍ണാടകയിലും തങ്ങൾ മുന്നിലെത്തുമെന്ന് വിശ്വസിക്കുന്ന കോൺഗ്രസ് തമിഴ്‌നാട്ടിൽ മുന്നണി പൂര്‍ണ വിജയം നേടുമെന്ന പ്രതീക്ഷയിലാണ്. 2014 ലും 2019 ലും ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെട്ട അനുഭവം കോൺഗ്രസിൻ്റെ നെഞ്ചിലെ കനലാണ്. ഇതാണ് എക്കാലത്തെയും കുറഞ്ഞ സീറ്റ് നിലയിലേക്ക് 2014 (44) ലും 2019 (52) ലും കോൺഗ്രസിനെ എത്തിച്ചത്. 2019 ൽ ഉത്തര്‍പ്രദേശിലും (റായ്ബറേലി – സോണിയാ ഗാന്ധി), ബിഹാറിലും (കിഷൻഗഞ്ച്) മധ്യപ്രദേശിലും(ചിന്ത്വാര) ഓരോ സീറ്റിലാണ് കോൺഗ്രസിന് ജയിക്കാനായത്. ഈ മൂന്ന് സംസ്ഥാനങ്ങളിലായി 149 ലോക്‌സഭാ സീറ്റുകളുണ്ട്. ഛത്തീസ്‌ഗഡിൽ രണ്ട് സീറ്റിലും ജാര്‍ഖണ്ഡിൽ ഒരു സീറ്റിലും കോൺഗ്രസ് അന്ന് ജയിച്ചു. ഹിന്ദി ഹൃദയഭൂമിയിലെ 10 സംസ്ഥാനങ്ങളിലായി 225 ലോക്‌സഭാ സീറ്റിൽ കോൺഗ്രസിന് ജയിക്കാനായത് ഈ ആറ് സീറ്റുകളിൽ മാത്രമാണ്. പുൽവാമ ആക്രമണവും ബാലാകോട്ട് ആക്രമണവും 2019 ൽ കോൺഗ്രസിൻ്റെ ആരോപണങ്ങളുടെ ശ്രദ്ധതിരിച്ചിരുന്നു. ഇപ്രാവശ്യം രാമക്ഷേത്രത്തിൻ്റെയും പൗരത്വ ഭേദഗതി നിയമത്തിൻ്റെയും ആർട്ടിക്കിൾ 370 നീക്കിയതിൻ്റെയും നേട്ടവുമാണ് എതിര്‍പക്ഷത്തിൻ്റെ ആരോപണങ്ങളെ മറികടക്കാനുള്ള ബിജെപിയുടെ തുറുപ്പുചീട്ടുകൾ.

അയോധ്യ രാമക്ഷേത്രമാണ് ഹിന്ദി ഭാഷാ മേഖലയിൽ ബിജെപി രാഷ്ട്രീയമായി ഉന്നയിക്കുന്ന പ്രധാന വിഷയം. സിഎഎ, ഏകീകൃത സിവിൽ കോഡ്, സനാതന ധര്‍മ്മം എന്നിവയ്ക്ക് ഒപ്പമാണ് ബിജെപി അയോധ്യാ വിഷയവും മേഖലയിൽ പ്രചാരണ ആയുധമാക്കുന്നത്. ഇവിടെ കോൺഗ്രസിനോ ഇന്ത്യാ സഖ്യകക്ഷികൾക്കോ പ്രത്യാക്രമണത്തിന് ആവനാഴിയിൽ ഒരൊറ്റ അസ്ത്രം പോലുമില്ല. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ സാധാരണക്കാരെ ഒഴിവാക്കിയെന്നും പ്രമുഖരെ അണിനിരത്തിയെന്നുമുള്ള രാഹുലിൻ്റെ ആരോപണം മാത്രമാണ് ഇതുവരെ ഉയർന്നത്.

2014 മുതൽ ഇതുവരെ കോൺഗ്രസ് ഇന്ത്യാ ചരിത്രത്തിൽ അധികാരത്തിന് പുറത്തിരുന്ന റെക്കോര്‍ഡ് കാലം കൂടിയാണിത്. 1996 മുതൽ 2004 വരെയുള്ള എട്ട് വര്‍ഷത്തിൻ്റെ ചരിത്രമാണ് തിരുത്തപ്പെട്ടത്. അതിനാൽ തന്നെ കോൺഗ്രസിന് നിലനിൽപ്പിൻ്റെ പോരാട്ടമാണ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ 82 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മാര്‍ച്ച് 19 ന് നടക്കുന്ന പ്രവര്‍ത്തക സമിതി യോഗം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് അന്തിമ അംഗീകാരം നൽകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

Story Highlights: Loksabha election 2024 Congress INDIA Alliance BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here