‘അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്ക് എൻ്റെ ജീവൻ ബലിയർപ്പിക്കും’; മോദി

ഇന്ത്യാ അലയൻസിൻ്റെ മെഗാ റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ ‘ശക്തി’ പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ അമ്മമാരും പെൺമക്കളും തനിക്ക് ‘ശക്തി’യുടെ രൂപങ്ങൾ. താൻ അവരെ ആരാധിക്കുന്നു. ശക്തിയെ ആരാധിക്കാൻ ആഗ്രഹിക്കുന്നവരും നശിപ്പിക്കുന്നവരും തമ്മിലാണ് പോരാട്ടമെന്നും പ്രധാനമന്ത്രി.
തെലങ്കാനയിലെ ജഗ്തിയാലിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഞായറാഴ്ച മുംബൈയിൽ ഇന്ത്യാ സഖ്യത്തിൻ്റെ റാലി ഉണ്ടായിരുന്നു. റാലിയിൽ അവർ തങ്ങളുടെ പ്രകടന പത്രിക പ്രഖ്യാപിച്ചു. മുംബൈയിലെ ശിവാജി പാർക്കിൽ, തങ്ങളുടെ പോരാട്ടം ‘ശക്തി’ക്കെതിരെയാണെന്ന് അവർ പറഞ്ഞത് എല്ലരും കേട്ടുകാണും. എനിക്ക് എല്ലാ അമ്മമാരും പെൺമക്കളും ‘ശക്തി’യുടെ രൂപമാണ്. അമ്മമാരേ, സഹോദരിമാരേ, നിങ്ങളെ ഞാൻ ‘ശക്തി’യായി ആരാധിക്കുന്നു. ഞാൻ ഭാരത് മാതാവിന്റെ ‘പൂജാരി’ ആണ്’ – മോദി പറഞ്ഞു.
“ഇന്ത്യ അലയൻസ് പ്രകടനപത്രികയിൽ ശക്തിയെ അവസാനിപ്പിക്കും/നശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ‘ചന്ദ്രയാൻ്റെ’ വിജയം രാഷ്ട്രം ‘ശിവശക്തി’ക്ക് സമർപ്പിച്ചു, പ്രതിപക്ഷ പാർട്ടികൾ ‘ശക്തി’യെ നശിപ്പിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അവരുടെ വെല്ലുവിളി ഞാൻ സ്വീകരിക്കുന്നു. അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്കായി ഞാൻ എൻ്റെ ജീവൻ ബലിയർപ്പിക്കും” – അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാനയിൽ ബിജെപിക്കുള്ള ജനപിന്തുണ വർധിച്ചുവരികയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, വോട്ടെടുപ്പ് ദിവസം അടുക്കുമ്പോൾ സംസ്ഥാനത്ത് ബിജെപി തരംഗമുണ്ടാകുമെന്നും കോൺഗ്രസും ബിആർഎസും ശുദ്ധീകരിക്കപ്പെടുമെന്നും പറഞ്ഞു.
Story Highlights: PM Modi Hits Back At Rahul Gandhi Over “Shakti” Remark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here