വെജിറ്റേറിയന്‍സിനായും ഇനി ഭക്ഷണമെത്തും; സൊമാറ്റോയില്‍ ‘പ്യുവര്‍ വെജ് മോഡ്’
സസ്യാഹാര പ്രിയരായ ഉപഭോക്താക്കളുടെ ദീർഘകാല ആശങ്കയ്ക്ക് പരിഹാരവുമായി സൊമാറ്റോ. വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവർക്ക് വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് ഭക്ഷണം എത്തിക്കാനാണ് പുതിയ രീതി അവലംബിച്ചത്.100 ശതമാനം വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്കായാണ് പ്യുവർ വെജ് മോഡ്, പ്യുവർ വെജ് ഫ്ലീറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സൊമാറ്റോ സിഇഒ ദീപിന്ദർ ഗോയൽ സമൂഹ മാധ്യമമായ എക്‌സിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരുടെ ശതമാനം നോക്കുമ്പോൾ ലോകത്ത് ഏറ്റവും മുന്നിൽ ഇന്ത്യാക്കാരാണ്. ഇവരിൽ നിന്ന് ലഭിച്ച പ്രതികരണത്തിൽ നിന്ന് തന്നെ ഭക്ഷണം എവിടെ, എങ്ങനെ പാകം ചെയ്തു, എങ്ങനെ കൊണ്ടുവന്നു എന്നെല്ലാമുള്ള ആശങ്കകൾ മനസിലാക്കി. ഈ ആകുലതകൾ പരിഹരിക്കാനാണ് പ്യുവർ വെജ് മോഡ്, പ്യുവർ വെജ് ഫ്ലീറ്റ് അവതരിപ്പിക്കുന്നതെന്ന് ദീപീന്ദർ ഗോയൽ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.
പ്യുവർ വെജ് മോഡിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം പാകം ചെയ്യുന്ന ഹോട്ടലുകളുടെ പേരുകളാണ് ഉൾക്കൊള്ളിക്കുക. മാംസാഹാരം പാകം ചെയ്ത് വിൽക്കുന്ന എല്ലാ ഹോട്ടലുകളും ഈ പട്ടികയ്ക്ക് പുറത്തായിരിക്കും. ആവശ്യക്കാർക്ക് ഭക്ഷണം കൃത്യമായി എത്തിക്കുന്നതിനാണ് പ്യുവർ വെജ് ഫ്ലീറ്റ് എന്ന ഡെലിവറി പാർട്ണർമാരുടെ പുതിയ ചെയിൻ ഉണ്ടാക്കിയിരിക്കുന്നത്. ഇവർ നോൺ വെജ് ഭക്ഷണം ഡെലിവർ ചെയ്യില്ല.
Our dedicated Pure Veg Fleet will only serve orders from these pure veg restaurants. This means that a non-veg meal, or even a veg meal served by a non-veg restaurant will never go inside the green delivery box meant for our Pure Veg Fleet. pic.twitter.com/x9H7cAbgFX
— Deepinder Goyal (@deepigoyal) March 19, 2024
മതപരമോ രാഷ്ട്രീയമായോ ഉള്ള സ്വാധീനമല്ല പുതിയ തീരുമാനത്തിന് പിന്നിലെന്ന് കമ്പനി അധികൃതർ പറയുന്നു. ഭാവിയിൽ സ്പെഷലൈസ്‌ഡ് ഫ്ലീറ്റുകൾ കമ്പനി അവതരിപ്പിക്കും. പ്രത്യേക ഹൈഡ്രോളിക് ബാലൻസിങ് സംവിധാനമുള്ള ബാഗുകൾ സജ്ജീകരിച്ച് കേക്ക് ഡെലിവറി ഫ്ലീറ്റും വൈകാതെ അവതരിപ്പിക്കുമെന്നാണ് ഗോയൽ അറിയിച്ചിരിക്കുന്നത്. വരുന്ന ആഴ്ചകളിൽ തന്നെ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും.
Story Highlights: Zomato Launches ‘Pure Veg Fleet’ To Cater To Vegetarian Customers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here