Advertisement

ടിഎം കൃഷ്ണയ്ക്ക് കലാനിധി പുരസ്കാരം നൽകിയതിനെതിരെ കർണാടക സംഗീതജ്ഞർ; പിന്നാലെ രൂക്ഷ മറുപടിയുമായി മദ്രാസ് മ്യൂസിക് അക്കാദമി

March 21, 2024
Google News 2 minutes Read

കർണാടക സംഗീതജ്ഞൻ ടിഎം കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക് അക്കാദമിയുടെ കലാനിധി പുരസ്കാരം നൽകുന്നതിനെതിരെ പ്രതിഷേധവുമായി ഒരു കൂട്ടം കർണാടക സംഗീതജ്ഞർ. ഡിസംബറിൽ നടക്കുന്ന മ്യൂസിക് അക്കാദമിയുടെ വാർഷിക സംഗീത കോൺഫറൻസിൽ നിന്ന് കര്‍ണാടക സംഗീതജ്ഞരും സഹോദരിമാരുമായ രഞ്ജനി-ഗായത്രി പിന്മാറി.

കർണാടക സംഗീത ലോകത്തിന് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയ ടിഎം കൃഷ്ണ പരിപാടിയിൽ അധ്യക്ഷനാകുന്നതിൽ പ്രതിഷേധിച്ചാണ് സമ്മേളനത്തിൽ നിന്ന് പിന്മാറുന്നതെന്ന് രഞ്ജിനി-ഗായത്രി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. കർണാടക സംഗീതജ്ഞരുടെ കൂട്ടായ്മയെ ചവിട്ടിമെതിച്ചു. ആദരണീയ സംഗീതജ്ഞരായ ത്യാഗരാജ സ്വാമികളെയും, എം.എസ് സുബ്ബലക്ഷ്മിയെയും അപമാനിച്ചു. കർണാടക സംഗീതജ്ഞരാണെന്ന് പറയുന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്ന തോന്നലുണ്ടാക്കുകയും സംഗീതത്തിലെ ആത്മീയതയെ അവഹേളിക്കുകയും ചെയ്തു. ബ്രാഹമണരുടെ വംശഹത്യയ്ക്ക് പരസ്യമായി ആഹ്വാനം ചെയ്ത, സമുദായത്തിലെ സ്ത്രീകളെ അപമാനിച്ച, മോശം പദപ്രയോഗങ്ങൾ പെരിയാറിനെ പുകഴ്ത്തി സാമൂഹിക ജീവിതത്തിൻ്റെ ഭാഗമാക്കാൻ ശ്രമിച്ച പെരിയാറിനെ പോലെയുള്ള ഒരു വ്യക്തിയെ മഹത്വവത്കരിച്ച ടിഎം കൃഷണയെ അവഗണിക്കുന്നത് അപകടകരമാണ്. രഞ്ജിനി-ഗായത്രി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

ഇതിനു പിന്നാലെ തൃശൂർ ബ്രദേഴ്സ് എന്നറിയപ്പെടുന്ന ശ്രീകൃഷ്ണ മോഹൻ, രാംകുമാർ മോഹൻ എന്നിവരും അക്കാദമിയുടെ ഈ വർഷത്തെ സംഗീത സമ്മേളനത്തിൽ നിന്ന് പിന്മാറി. കർണാടക സംഗീതജ്ഞൻ ചിത്രവീണ രവികിരൺ അക്കാദമി പ്രസിഡൻ്റ് എൻ.മുരളിക്ക് അയച്ച കത്തിൽ തൻ്റെ സംഗീത കലാനിധി പുരസ്കാരം തിരികെ നൽകാൻ തീരുമാനിച്ചതായി അറിയിച്ചു. ടി.എം.കൃഷ്ണ അധ്യക്ഷനായ സമ്മേളനത്തിൽ നിന്ന് വേദിക് പ്രഭാഷകൻ ദുഷ്യന്ത് ശ്രീധറും പിന്മാറിയിരുന്നു.

മറുപടിയുമായി മദ്രാസ് മ്യൂസിക് അക്കാദമി

രഞ്ജിനി-ഗായത്രിമാരുടെ പോസ്റ്റ് വൈറലായതോടെ മദ്രാസ് മ്യൂസിക് അക്കാദമി പ്രസിഡൻ്റ് എൻ മുരളി മറുപടി പ്രസ്താവന പുറത്തിറക്കി. ടി എം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്കാരം നൽകി ആദരിച്ചത് സംഗീതത്തിലെ മികവ് കണക്കാക്കിയാണെന്നും മറ്റ് ബാഹ്യഘടകങ്ങളൊന്നും സ്വാധീനിച്ചിട്ടില്ലെന്ന് മദ്രാസ് മ്യൂസിക് അക്കാദമി പ്രസിഡൻ്റ് എൻ മുരളി പറഞ്ഞു. രഞ്ജിനി-ഗായത്രിമാരുടെ കത്ത് മാർച്ച് 20നാണ് ലഭിച്ചത്. മുതിർന്ന സംഗീതജ്ഞനെതിരെ ഉപയോഗിച്ച ഭാഷയും പദപ്രയോഗങ്ങളും കത്തിൻ്റെ അപകീർത്തികരമായ ഉള്ളടക്കവും ഞെട്ടിച്ചു. കത്തിന് മറുപടി നൽകുന്നതിന് മുമ്പേ അത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുവെന്നും മറുപടിക്കുറിപ്പിലുണ്ട്. അതിനാൽത്തന്നെ കത്തിൻ്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നും പ്രസ്താവനയിലുണ്ട്.

കലയിലെയും സംഗീതത്തിലെയും ജാതീയ അസമത്വങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന കലാകാരനാണ് ടിഎം കൃഷ്ണ. ബിജെപിയുടെ രാഷ്ട്രീയത്തോട് പരസ്യമായ എതിർപ്പുകളും ടിഎം കൃഷ്ണ പ്രകടിപ്പിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here