Advertisement

കോടികൾ കൊടുത്ത് അമ്മാനമാടിയിട്ടും ബോണ്ടിൽ ബന്ധനസ്ഥരാകാത്ത മിടുക്ക‍ർ

March 22, 2024
1 minute Read

രാഷ്ട്രീയ പാര്‍ട്ടികൾക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി പണം നൽകിയ നിരവധി കമ്പനികളുടെ പേരുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഇതിൽ തന്നെ ഇലക്ടറൽ ട്രസ്റ്റ് വഴി പണം നൽകിയ പല കമ്പനികളും ഇലക്ടറൽ ബോണ്ടുകൾ വഴിയും പണം നൽകിയതായി വ്യക്തമായി. എന്നാൽ ഇലക്ടറൽ ട്രസ്റ്റ് വഴി ഏറ്റവും കൂടുതൽ തുക രാഷ്ട്രീയ പാര്‍ട്ടികൾക്ക് സമ്മാനിച്ച ചില കമ്പനികൾ, വിവരങ്ങളെല്ലാം തീര്‍ത്തും രഹസ്യമായിരിക്കുമെന്ന ഉറപ്പുണ്ടായിട്ട് പോലും ഇലക്ടറൽ ബോണ്ടിലേക്ക് തിരിഞ്ഞുപോലും നോക്കിയില്ല. കൊവിഡ് 19 വാക്സിൻ ഉൽപ്പാദിപ്പിച്ച സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിൽ നിന്നുള്ള മേധ സര്‍വോ ഡ്രൈവ്സ്, ആര്‍സെലര്‍ മിത്തൽ നിപ്പോൺ സ്റ്റീൽ എന്നിവരാണ് ബോണ്ട് വഴി പണം നൽകാൻ തയ്യാറാകാതിരുന്നത്.

മേധ സര്‍വോ ഡ്രൈവ്സ് 30 കോടിയും മേധ ട്രാക്ഷൻ ഇക്വിപ്മെന്റ് 5.01 കോടി രൂപയും പ്രുഡ ഇലക്ടറൽ ട്രസ്റ്റ് വഴി 2022-23 കാലത്ത് നൽകി. ഇരു കമ്പനികളും ഇലക്ടറൽ ബോണ്ട് ഉപയോഗിച്ചതേയില്ല. സെറം ഇൻസ്റ്റിറ്റ്യൂട്ടാകട്ടെ, 2022-23 കാലത്ത് 50.25 കോടിയാണ് സംഭാവന നൽകിയത്. 2021-222 കാലത്ത് 45 കോടി സംഭാവന പ്രുഡന്റ് ഇലക്ടറൽ ട്രെസ്റ്റ് വഴി നൽകി. 2022-23 കാലത്ത് ഏറ്റവും കൂടുതൽ സംഭാവന നൽകിയ രണ്ടാമത്തെ കമ്പനിയായിരുന്നു സെറം. തൊട്ടുമുൻപത്തെ വര്‍ഷം സംഭാവന നൽകിയവരിൽ നാലാം സ്ഥാനത്തായിരുന്നു ഇവര്‍.

2021-22 കാലത്ത് ആര്‍സലര്‍ മിത്തൽ നിപ്പോൺ സ്റ്റീൽ ഇന്ത്യയും സഹോദര സ്ഥാപനങ്ങളായ ആര്‍സലര്‍ മിത്തൽ ഡിസൈൻ ആന്റ് എഞ്ചിനീയറിങ് സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡും പ്രുഡന്റ് ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകിയിരുന്നു. ആര്‍സലര്‍ മിത്തൽ നിപ്പോൺ സ്റ്റീൽ ഇന്ത്യ 70 കോടിയും ആര്‍സലര്‍ മിത്തൽ ഡിസൈൻ ആന്റ് എഞ്ചിനീയറിങ് സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ് 60 കോടിയുമാണ് സംഭാവന ചെയ്തത്.

ജിഎംആര്‍ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം 2021-22 കാലത്ത് 20 കോടി സംഭവാന നൽകിയിരുന്നു. ഇവരും ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകിയ കമ്പനികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. 2020-21 കാലത്ത് ഇലക്ടറൽ ട്രസ്റ്റ് വഴി സംഭാവന നൽകിയ ആദ്യ എട്ട് കമ്പനികളും ഇലക്ടറൽ ബോണ്ട് വഴിയും സംഭാവന നൽകിയിരുന്നതായി വ്യക്തമായിട്ടുണ്ട്. അന്ന് ഒൻപതും പത്തും സ്ഥാനങ്ങളിലുണ്ടായിരുന്ന ലക്ഷ്മി മെഷീൻ വര്‍ക്സും അവിനാഷ് ഭോസലെ ഗ്രൂപ്പും ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയില്ല. 2019-20 കാലത്ത് ഇലക്ടറൽ ട്രസ്റ്റ് വഴി സംഭാവന നൽകിയ ആദ്യ പത്ത് കമ്പനികളിൽ ഇന്ത്യബുൾസ് ഇൻഫ്രാസ്റ്റേറ്റ്, ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം, എംഐജി ഭന്ദ്ര റിയേൽറ്റേര്‍സ് ആന്റ് ബിൽഡേര്‍സ്, അബിൽ ഇൻഫ്രാ പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരും ഇലക്ടറൽ ബോണ്ടിൽ നിക്ഷേപിച്ചിരുന്നില്ല.

ജിഎംആര്‍ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം, ജിഎംആര്‍ എയര്‍പോര്‍ട് ഡെവലപേര്‍സ്, ജിഎംആര്‍ ഹൈദരാബാദ് എയര്‍ കാര്‍ഗോ, ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ ഇലക്ടറൽ ട്രെസ്റ്റ് വഴി സംഭാവന ചെയ്ത മുൻനിര കമ്പനികളായിരുന്നു. എന്നാൽ ഇവര്‍ ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന നൽകിയിരുന്നില്ല.

ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് 2017-18 കാലത്താണ്. ഇതിലൂടെ കമ്പനികൾക്ക് തങ്ങളുടെ പേര് പുറത്തറിയാത്ത വിധത്തിൽ രാഷ്ട്രീയ പാര്‍ട്ടികൾക്ക് സംഭാവന നൽകാൻ സാധിക്കുമായിരുന്നു. ഫെബ്രുവരി 15 നാണ് സുപ്രീം കോടതി ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയത്. ഇത് വിവരാവകാശ നിയമത്തിന് വിരുദ്ധമെന്നായിരുന്നു സുപ്രീം കോടതി വിധിയിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് എസ്ബിഐ എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top