Advertisement

ആരാണ് കേജ്രിവാളിന്റെ ‘മൈ ബോയ്’ വിജയ് നായർ ?

March 22, 2024
Google News 2 minutes Read
who is vijay nair

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ വീണ്ടും വിജയ് നായരെന്ന പേര് വാർത്തകളിൽ നിറയുകയാണ്. കേജ്രിവാൾ ‘മൈ ബോയ്’ എന്ന് വിളിക്കുന്ന വിജയ് നായർ നവംബർ 2022 ലാണ് അറസ്റ്റിലാകുന്നത്. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന 15 പേരിൽ ഒരാളാണ് വിജയ് നായർ. ആരാണ് വിജയ് നായർ ? എന്താണ് ഡൽഹി മദ്യനയ അഴിമതി കേസിൽ വിജയ് നായരുടെ പങ്ക് ? ( who is vijay nair )

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒൺലി മച്ച് ലൗഡർ എന്ന കമ്പനിയുടെ സിഇഒ ആയിരുന്നു വിജയ് നായർ. മുംബൈ സിഡൻഹാം കോളജിൽ നിന്ന് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് വിജയ് നായർ ഒഎംഎൽ ആരംഭിച്ചത്. ലൈവ് മ്യൂസിക്ക് ഷോകൾ, മറ്റ് ഫെസ്റ്റിവലുകൾ , ഇവന്റ് മാനേജ്‌മെന്റ്, എന്നിവ നടത്തിയിരുന്ന കമ്പനിയാണ് ഒഎംഎൽ. 2014 ൽ 10 ദശലക്ഷമായിരുന്നു കമ്പനിയുടെ ആസ്തി. ഫോർച്ച്യൂണിന്റെ ഏറ്റവും സ്വാധീനമുള്ള 40 വയസിൽ താഴെയുള്ള 40 യുവാക്കളുടെ പട്ടികയിൽ വിജയ് നായർ ഇടംനേടിയിട്ടുണ്ട്. എൻഎച്ച്7 വീക്കൻഡർ, ദ ഇൻവേഷൻ എന്നിങ്ങനെ നിരവധി സംഗീത നിശകൾ സംഘടിപ്പിച്ചിട്ടുണ്ട് വിജയ് നായർ. രാജ്യത്തുടനീളമുള്ള സംഗീതജ്ഞരെ ഒന്നിച്ചുചേർന്ന് ആംആംദ്മി പാർട്ടിയുടെ പ്രചാരണത്തിനായി വിജയ് നായർ സംഗീതത്തെ ഉപയോഗിച്ചിരുന്നു. ഒഎംഎൽ നെറ്റ്വർക്കിനകത്തും പുറത്തുമുള്ള ആറോളം കമ്പനികളിൽ ഡയറക്ടർ സ്ഥാനം വഹിച്ചിട്ടുണ്ട് വിജയ് നായർ.

Read Also : ‘ഒരു മാപ്പുസാക്ഷി ആത്മാർത്ഥത ഇല്ലാത്ത സുഹ്യത്ത്’; ഇ.ഡി വാദങ്ങൾ ശക്തമായി എതിർത്ത് കേജ്രിവാൾ

2018 ലെ ലൈംഗികാരോപണം

2018 ൽ വിജയ് നായർക്കെതിരെ ലൈംഗിക ആരോപണമുണ്ടായിട്ടുണ്ട്. ഒഎംഎല്ലിലെ വനിതാ ജീവനക്കാർക്ക് തൊഴിൽ ചെയ്യാൻ സുരക്ഷിതമല്ലാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി ദ കാരവാൻ നവംബർ 2018ൽ അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. തന്നോടൊപ്പം ബാത്ത് ടബ്ബിൽ വരണമെന്ന് വിജയ് നായർ ആവശ്യപ്പെട്ടുവെന്ന് ഒരു ജീവനക്കാരി വെളിപ്പെടുത്തിയതായി കാരവാൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞു. പുലർച്ചെ രണ്ട് മണിക്ക് തനിക്ക് മസാജ് ചെയ്ത് നൽകണമെന്ന് പറഞ്ഞതായി മറ്റൊരു ജീവനക്കാരിയും വെളിപ്പെടുത്തിയിട്ടുണ്ട്. ഒപ്പം പല ജീവനക്കാർക്കും മോശം സന്ദേശങ്ങൾ അയക്കാറുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആംആദ്മി പാർട്ടിക്ക് വേണ്ടിയുള്ള പ്രവർത്തനം

2020 ഡൽഹി തെരഞ്ഞെടുപ്പിൽ പാർട്ട്-ടൈം വോളണ്ടിയറായി വിജയ് നായർ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് എഎപിയുടെ കമ്യൂണിക്കേഷൻ-ഇൻ ചാർജായി നിയമിക്കപ്പെട്ട വിജയ് നായർ പാർട്ടിയുടെ സോഷ്യൽ മീഡിയ കമ്യൂണിക്കേഷനും മറ്റ് മാർക്കറ്റിംഗ് മേഖലകളും കൈകാര്യം ചെയ്തു. സെലിബ്രിട്ടികളും ആർട്ടിസ്റ്റുകളുമായുള്ള വിജയ് നായരുടെ ബന്ധം ആംആദ്മി പാർട്ടിക്ക് സഹായകരമായിട്ടുണ്ട്. പാർട്ടിക്ക് വേണ്ടിയുള്ള ധനസമാഹരണ പരിപാടികളിൽ ഈ സെലിബ്രിട്ടികളുടെ സാന്നിധ്യം ഗുണം ചെയ്തു.

2019 ഓടെ ആംആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ മേൽനോട്ടത്തിൽ നിന്നും പാർട്ടിക്ക് വേണ്ട നിർണായക നിർദേശങ്ങൾ നൽകുന്നതിലേക്ക് വളർന്നു വിജയ് നായർ. തെരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്ക് വേണ്ട നിർദേശങ്ങൾ നൽകുക, നയരൂപീകരണം എന്നിവയിലും വിജയ് നായരുടെ പങ്കുണ്ടായിരുന്നു.

who is vijay nair

മദ്യനയ അഴിമതിയിലെ പങ്ക്

സൗത്ത് ഗ്രൂപ്പിന്റെയും എഎപിയുടെയും ഇടനിലക്കാരനായി പ്രവർത്തിച്ചത് വിജയ് നായരാണെന്നാണ് ഇ.ഡി കണ്ടെത്തൽ. വിജയ് താമസിച്ചിരുന്നത് കെജ്രിവാളിന് സമീപമുള്ള വീട്ടിലാണ്. ഡൽഹി സർക്കാരിലെ മന്ത്രി കൈലാഷ് ഗഹ്ലോട്ടിന് നൽകിയ വീട്ടിലാണ് വിജയ് നായർ താമസിച്ചിരുന്നത്. ഈ വീട് വിജയ് നായർക്ക് നൽകിയതും ഡൽഹി മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണെന്നാണ് ഇ.ഡി വാദം.

Story Highlights : who is vijay nair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here