ഡൽഹിയിൽ വൻ ഹവാല പണ വേട്ട: 3 കോടിയുമായി നാല് പേർ പിടിയിൽ

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കിടെ രാജ്യതലസ്ഥാനത്ത് വൻ ഹവാല പണ വേട്ട. മൂന്ന് കോടി രൂപയുമായി 4 പേരെ ഡൽഹി പൊലീസ് പിടികൂടി. ഇവരുടെ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. വിവരം ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും കൈമാറി.
തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഝരേര ഫ്‌ളൈ ഓവർ എൻഎച്ച് -48 ൽ കൻ്റോൺമെൻ്റ് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രണ്ട് ബൈക്കുകളിലായി നാല് പേർ പണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. മുഹമ്മദ് ഷോമിൻ, ജിഷാൻ, ഡാനിഷ്, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നതനുസരിച്ച്, കസ്റ്റഡിയിലെടുത്ത പ്രതികൾ 22 നും 27 നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരിൽ നിന്ന് പണം നിറച്ച രണ്ട് കറുത്ത ബാഗുകൾ, സഞ്ചരിക്കാൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. പിടിയിലായവരിൽ നിന്ന് പണത്തിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഷഹ്‌ദാരയിലെ ഒരു സ്‌ക്രാപ്പ് ഡീലറുടെതാണ് പണമെന്നാണ് നിലവിലെ വിലയിരുത്തൽ.
Story Highlights : Delhi Police Seize 3 Crore Hawala Money From 4 Men
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here