തെവാട്ടിയയുടെ ഗ്രാൻഡ് ഫിനിഷ്; ബുംറയുടെ മാജിക്കൽ സ്പെൽ: ഗുജറാത്തിനെതിരെ മുംബൈക്ക് 169 റൺസ് വിജയലക്ഷ്യം

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. 45 റൺസ് നേടിയ സായ് സുദർശനാണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. മുംബൈക്കായി ജസ്പ്രീത് ബുംറ 14 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.
ഹാർദിക് പാണ്ഡ്യയാണ് മുബൈക്കായി ബൗളിംഗ് ഓപ്പൺ ചെയ്തത്. മത്സരത്തിലെ നാലാം ഓവറിലാണ് ബുംറ പന്തെടുത്തത്. ഓവറിലെ അവസാന പന്തിൽ വൃദ്ധിമാൻ സാഹയെ (19) പുറത്താക്കി ബുംറ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. 31 റൺസിൻ്റെ കൂട്ടുകെട്ടാണ് ബുംറ പൊളിച്ചത്. രണ്ടാം വിക്കറ്റിൽ ശുഭ്മൻ ഗില്ലും സായ് സുദർശനും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. 22 പന്തിൽ 31 റൺസ് നേടിയ ഗില്ലിനെ പുറത്താക്കി പീയുഷ് ചൗളയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. രണ്ടാം വിക്കറ്റിൽ 33 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ഗിൽ മടങ്ങിയത്.
ഇതിനിടെ സായ് സുദർശൻ ക്രീസിൽ ഉറച്ചു. ചില കൂറ്റൻ ഷോട്ടുകൾ കളിച്ചെങ്കിലും അസ്മതുള്ള് ഉമർസായ് (11 പന്തിൽ 17) ജെറാൽഡ് കോട്ട്സിയുടെ ആദ്യ ഐപിഎൽ വിക്കറ്റായി. മൂന്നാം വിക്കറ്റിൽ സായ് സുദർശനുമൊത്ത് 40 റൺസ് കൂട്ടിച്ചേർത്തതിനു ശേഷമായിരുന്നു ഉമർസായുടെ മടക്കം. ഡേവിഡ് മില്ലർ (12), സായ് സുദർശൻ (39 പന്തിൽ 45) എന്നിവരെ ഒരു ഓവറിൽ ബുംറ മടക്കി അയച്ചു.
ഏഴാം നമ്പറിലെത്തിയ രാഹുൽ തെവാട്ടിയയുടെ കൂറ്റൻ ഷോട്ടുകൾ ഗുജറാത്തിനെ മികച്ച സ്കോറിലേക്ക് നയിച്ചു. ലുക്ക് വുഡ് എറിഞ്ഞ 18ആം ഓവറിൽ ഒരു സിക്സും രണ്ട് ബൗണ്ടറിയും സഹിതം 19 റൺസാണ് തെവാട്ടിയ അടിച്ചുകൂട്ടിയത്. എന്നാൽ, ജെറാൾഡ് കോട്ട്സി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ തെവാട്ടിയയെ നമൻ ധീർ അസാമാന്യ ക്യാച്ചിലൂടെ പുറത്താക്കി. 15 പന്തിൽ 22 റൺസെടുത്താണ് തെവാട്ടിയ മടങ്ങിയത്.
Story Highlights: gujarat titans innings mumbai indians ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here