രാജീവ് ഗാന്ധി വധക്കേസ്: മുരുകന് ഇന്ത്യ വിടാം, പാസ്‌പോർട്ട് അനുവദിച്ചു

രാജീവ് ഗാന്ധി വധക്കേസിൽ മോചിതനായ മുരുകന് ഇന്ത്യ വിടാം. മുരുകന് ശ്രീലങ്കയിലേക്ക് പോകാനുള്ള പാസ്‌പോർട്ട് അനുവദിച്ചു. ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷൻ താത്കാലിക യാത്രാരേഖ അനുവദിച്ച വിവരം തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
യാത്രാരേഖ സംബന്ധിച്ച് ഹൈക്കമ്മീഷൻ പൊതുവകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിരുന്നതായി ജസ്റ്റിസുമാരായ ആർ സുരേഷ് കുമാർ, കെ കുമരേഷ് ബാബു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ മുനിയപ്പരാജ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസറാണ് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാട്ടിലേക്ക് മടങ്ങുന്നതിന് തിരിച്ചറിയൽ കാർഡ് ആവശ്യമാണെന്നും കാർഡ് നൽകാൻ സംസ്ഥാന സർക്കാരിന് കീഴിലുള്ള പുനരധിവാസ ഡയറക്ടർക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് പ്രതി സമർപ്പിച്ച റിട്ട് ഹർജി ഡിവിഷൻ ബെഞ്ച് തീർപ്പാക്കി. ഹൈക്കമ്മീഷൻ തന്നെ യാത്രാരേഖ നൽകിയതിനാൽ തിരിച്ചറിയൽ കാർഡ് ആവശ്യമില്ലെന്ന് ഹർജിക്കാരൻ്റെ അഭിഭാഷകൻ പി പുഗലേന്തിയോട് ബെഞ്ച് പറഞ്ഞു.
രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ അഭയാർഥി ക്യാംപിൽ കഴിഞ്ഞു വരികയാണ് മുരുകനും മറ്റു മൂന്നു പേരും. യുകെയിലുള്ള മകൾക്കൊപ്പം താമസിക്കാൻ അനുവദിക്കണം എന്നു കാണിച്ച് മുരുകന്റെ ഭാര്യ നളിനി മദ്രാസ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരുന്നു.
Story Highlights : SL Deputy High Commission has issued travel document to Rajiv Gandhi case convict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here