പാഠപുസ്തകങ്ങൾക്ക് പണം മുടക്കേണ്ട; ‘ബുക്സ്വാപ് 2024’ന് ഖത്തറിൽ തുടക്കമായി

ദോഹ:ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടു കൂടി വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമായി കൈമാറ്റം ചെയ്യുന്ന ‘ബുക്സ്വാപ് 2024’ പദ്ധതിക്ക് തുടക്കമായി. മാർച്ച് 25 തിങ്കളാഴ്ച മുതൽ 29 വരെയുള്ള ദിവസങ്ങളിൽ വിവിധ സ്കൂളുകൾക്ക് വ്യത്യസ്ത ദിവസങ്ങളിലാണ് പുസ്തകങ്ങൾ കൈമാറാനുള്ള സമയം നിശ്ചയിച്ചിട്ടുള്ളത്. നുഐജയിലെ പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം ഓഫീസിൽ വെച്ചാണ് ബുക്സ്വാപ് നടക്കുക. റമദാൻ പ്രമാണിച്ച് വൈകിട്ട് ഏഴുമണി മുതൽ പതിനൊന്ന് മണി വരെയാണ് ബുക്സ്വാപിന് സമയം ക്രമീകരിച്ചിരിക്കുന്നത്.
സ്കൂളുകളിൽ വർഷാവസാന പരീക്ഷ അവസാനിക്കുന്നതോടു കൂടിയാണ് ബുക്സ്വാപ് ആരംഭിക്കുന്നത്.പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ സാമ്പത്തിക ചിലവ് ചുരുക്കുക, വിദ്യാഭ്യാസം പ്രകൃതി സൗഹൃദമാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് പുസ്തകങ്ങൾ കൈമാറ്റം നടത്തിവരുന്നത്.
മാർച്ച് 25 ന് ഡി പി എസ്, ഡി പി എസ് മൊണാർക്,പോഡാർ പേൾ, ബിർള, ഡി ഐ എം എസ് എന്നീ സ്കൂളുകളുടെയും മാർച്ച് 26 ന് എം ഇ എസ്,സ്പ്രിംഗ് ഫീൽഡ്,ഒലീവ്,ഗ്രീൻ വുഡ്,സ്കോളേഴ്സ്, എം ഇ എസ് ഇൻ്റർ നാഷണൽ എന്നീ സ്കൂളുകളുടെയും മാർച്ച് 27 ന് ഐഡിയൽ ഇന്ത്യൻ സ്കൂൾ,നോബ്ൾ സ്കൂൾ,രാജഗിരി,ഗലീലിയോ ഇൻ്റർ നാഷണൽ എന്നിവയുടെയും മാർച്ച് 28 ന് ഭവൻസ്,ലൊയോള,ശാന്തിനികേതൻ എന്നീ സ്കൂളുകളും മാർച്ച് 29 ന് അവസാന ഘട്ടത്തിൽ മുഴുവൻ സ്കൂളുകളുടെയും പുസ്തക കൈമാറ്റം നടക്കും.
രണ്ടാഴ്ചയായി വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ അംഗങ്ങളായിട്ടുള്ള നടുമുറ്റത്തിൻ്റെ നേതൃത്വത്തിലുള്ള വിവിധ സ്കൂളുകളുടെ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പുസ്തകങ്ങൾ രക്ഷിതാക്കൾ തന്നെ നേരിട്ട് കൈമാറ്റം ചെയ്തുകൊണ്ടിരിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 70064822,66602812 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Story Highlights : ‘Bookswap 2024’ begins in Qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here