മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ; നടപടി പട്ടേല്‍ ബിജെപി സഖ്യത്തിലുള്ള എന്‍സിപിയില്‍ ചേര്‍ന്നതിന് പിന്നാലെ

മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ. എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാട്ടത്തിനെടുത്തതില്‍ അഴിമതിയെന്ന കേസാണ് അവസാനിപ്പിച്ചിരിക്കുന്നത്. ബിജെപി സഖ്യത്തിലുള്ള എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ പട്ടേല്‍ അടുത്തിടെ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അവസാനിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബിജെപിയ്ക്ക് നേരെ പരിഹാസമുയര്‍ത്തുകയാണ്. (CBI Closes Corruption Case Involving Praful Patel)
എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാട്ടത്തിനെടുത്തതിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ 2017 മെയില്‍ സുപ്രിംകോടതിയുടെ ഉത്തരവനുസരിച്ച് സി.ബി.ഐ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെയും എയര്‍ ഇന്ത്യയുടെയും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഏഴ് വര്‍ഷത്തോളം കേസ് അന്വേഷിച്ച സിബിഐ പ്രഫുല്‍ പട്ടേലിനും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ കേസ് അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പട്ടേലിനെ മത്സരിപ്പിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
വ്യോമയാനമന്ത്രിയായിരുന്ന സമയത്ത് പ്രഫുല്‍ പട്ടേല്‍ തന്റെ പദവി ദുരുപയോഗം ചെയ്ത്, അന്ന് പൊതു വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയ്ക്ക് വന്‍തോതില്‍ വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ ചില സ്വകാര്യ കമ്പനികളുമായും എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. എയര്‍ ക്രാഫ്റ്റ് അക്വിസിഷന്‍ പ്രോഗാം നടക്കുമ്പോഴും വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നത് തുടര്‍ന്നുവെന്നും പരാതിയുണ്ടായിരുന്നു.
Story Highlights : CBI Closes Corruption Case Involving Praful Patel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here