നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു
ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) തിരിച്ചുവിളിച്ചു. വിതരണക്കാരായ മസ്ദയുമായി സഹകരിച്ചാണ് നടപടി. മസ്ദ CX-60, CX-90 എന്നിവയുടെ 2023 മോഡലുകളാണ് തിരിച്ചുവിളിച്ചത്. സ്റ്റിയറിംഗ് ഗിയർ സ്പ്രിംഗിൻ്റെ ബലക്കുറവ് കാരണം വീൽ സ്റ്റിയറിംഗ് ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
കഴിഞ്ഞ ദിവസവും ചില കാർ മോഡലുകൾ തിരിച്ചുവിളിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ലെക്‌സസ് LX, ടൊയോട്ട ലാൻഡ് ക്രൂയിസർ വാഹനങ്ങളുടെ 2022-2024 മോഡലുകൾ, സുസുക്കി ജിംനിയുടെ 2018-2019 മോഡലുകൾ, ഫോർഡ് എഫ് 150 2023 മോഡൽ എന്നിവയാണ് പിൻവലിച്ചത്.
ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും, വാഹനങ്ങളുടെ തകരാറുകളും അറ്റകുറ്റപ്പണികളും കാർ ഡീലർമാർ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെയും ഭാഗമായാണ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്ന കാമ്പെയ്‌ൻ നടത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ആവശ്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വാണിജ്യ നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 16001 എന്ന കോൾ സെന്റർ നമ്പറിലോ, info@moci.gov.qa എന്ന ഇമെയിൽ വഴിയോ റിപ്പോർട്ട് ചെയ്യാം.
Story Highlights : Ministry of Commerce has recalled more car models in Qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here